കള്ളക്കടല്‍ പ്രതിഭാസം; രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും ഉയര്‍ന്ന തിരമാലയുടെയും സാധ്യത കണക്കാക്കി കേരളതീരത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം പൂന്തുറ ഭാഗങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

നട തുറക്കുമെങ്കിലും പ്രത്യേക പൂജകള്‍ ഇന്നില്ല.ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.

മേല്‍ശാന്തിമാരുടെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തില്‍ നിന്ന് ഋഷികേശ് വര്‍മയേയും വൈഷ്ണവിയേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാകും ക്ഷേത്ര നടകള്‍ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബര്‍ 15-ന് ക്ഷേത്രനട വീണ്ടും തുറക്കും.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 57,000 കടന്നും കുതിപ്പ്; ആറുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ചു

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, 57,000 കടന്നും കുതിപ്പ്; ആറുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 57,000 കടന്നും മുന്നേറി പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.

കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ

കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ

കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ബുള്ളറ്റിൻ

റെഡ് അലർട്ട്

കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ 16/10/2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം: പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ
കൊല്ലം: ഇരവിപുരം മുതൽ ആലപ്പാട് വരെ
കന്യാകുമാരി: കൊളച്ചിൽ മുതൽ കുറുമ്പനൈ വരെ

ലക്ഷദ്വീപ്, തിരുനെൽവേലി, തൂത്തുക്കുടി തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് (15/10/2024) ഉച്ചയ്ക്ക് 02.30 മുതൽ 16/10/2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസം നിലനിൽക്കാനും ഇന്ന് (15/10/2024) വൈകുന്നേരം 5.30 മണിയോട് കൂടി ശക്തി പ്രാപിയ്ക്കാനും സാധ്യത.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ വ്യാപക പ്രതിഷേധം. ആത്മഹത്യാ ചെയ്യാന്‍ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിവിധ സംഘടനകളുടെ പ്രതിഷേധം. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, യൂത്തല് ലീഗ്, എന്‍ജിഒ അസോസിയേഷന്‍ എന്നീ സംഘടനകളാണ് പ്രതിഷേധം നടത്തിയത്.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെട്ടിത്തൂക്കി. ഓഫിസിനു മുന്നില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് നശിപ്പിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നവീന്‍ ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുതെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു.

എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ക്വാര്‍ട്ടേഴ്‌സ് പരിസരത്തേക്ക് കടത്തിവിടാത്തതില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജീവനക്കാരും പ്രതിഷേധിച്ചിരുന്നു. തെളിവു നശിപ്പിക്കുന്നതിനായാണ് ആരെയും അകത്തേക്ക് കടത്തിവിടാത്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നവീന്‍ ബാബുവിന്റെ മൃതദേഹം മറ്റാരെയും കാണിച്ചിട്ടുമുണ്ടായിരുന്നില്ല.

ഇതിനിടെ ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് പള്ളിക്കുന്നിലെ വാടകവീട്ടില്‍ നിന്നും നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ യുഡിഎഫ്, ബിജെപി, സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ആംബുലന്‍സ് തടഞ്ഞ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പള്ളിക്കുന്ന ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഇരു ഭാഗങ്ങളിലായി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് മാറ്റുകയായിരുന്നു. പതിനൊന്നു മണിയോടെ ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കൊടിയുമായി എത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ജീവനക്കാര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനെ തടഞ്ഞുവച്ചു. പൊലീസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപിദിവ്യ രാജിവയ്ക്കണം, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, ഇവര്‍ക്കെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

ഇന്നു രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചതാണു ജീവനൊടുക്കാന്‍ കാരണമെന്നാണു വിമര്‍ശനം.

സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ

സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ

ബം​ഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം സഞ്ജു കഴിഞ്ഞ ദിവസം ചേർന്നു. 18 മുതൽ ബെംഗളൂരുവിൽ നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തിൽ സഞ്ജു കേരളത്തിന്റെ വജ്രായുധമാകും. സഞ്ജുവിനെ കൂടാതെ ഫാസ്റ്റ്ബോളർ എൻ.പി. ബേസിലും ടീമിൽ എത്തിയിട്ടുള്ളതും കേരളത്തിന് കൂടുതൽ കരുത്തേകും.

അലൂർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കർണാടകയാണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം മത്സരത്തിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ സച്ചിൻ ബേബി നയിക്കുന്ന കേരള ടീം നേരത്തെ പഞ്ചാബിനെതിരെ എട്ടു വിക്കറ്റ് വിജയം നേടിയിരുന്നു. പുതിയ സാഹചര്യത്തിൽ സഞ്ജു ടീമിൽ തിരിച്ചെത്തിയതോടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്തിരിക്കേണ്ടിവരും.
മയങ്ക് അഗർവാൾ നയിക്കുന്ന കർണാടക ടീമിൽ, ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാൽ എന്നിവരാണ് പ്രധാന താരങ്ങൾ.