ചിതറയിൽ പൊലീസുകാരൻ്റെ കൊലപാതകം…പ്രതി ആഭിചാരക്രിയകൾ പിന്തുടരുന്നയാൾ, ന​ഗ്നപൂജയും

ചിതറയിൽ പൊലീസുകാരൻ്റെ കൊലപാതകം…പ്രതി ആഭിചാരക്രിയകൾ പിന്തുടരുന്നയാൾ, ന​ഗ്നപൂജയും

കൊല്ലം: ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകൾ പിൻതുടരുന്നയാളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അരും കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ പ്രതി സഹദിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്ചയായി ഇർഷാദ് സഹദിൻ്റെ വീട്ടിൽ വന്നു പോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉൾപ്പടെയുടെ ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിൻ്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു.

എഡിഎം നവീൻ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും നേതാക്കളും

എഡിഎം നവീൻ ബാബുവിന് കണ്ണൂരിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിച്ച് സഹപ്രവർത്തകരും നേതാക്കളും

കണ്ണൂർ: വിരമിക്കാൻ ഏഴു മാസം ബാക്കി നിൽക്കെ ജീവിതം അവസാനിപ്പിച്ച എ ഡി എം നവീൻ ബാബുവിന് കണ്ണൂരിൻ്റെ യാത്രാമൊഴി. ചേതനയറ്റ ശരീരവുമായി നവീൻ ബാബു ജന്മനാട്ടിലേക്ക് മടങ്ങി. കണ്ണൂരിൻ്റെ ഭരണനിർവഹണത്ത് തലപ്പത്തുണ്ടായിരുന്ന നവീൻ ബാബുവിന് സഹപ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മുൻ എംഎൽഎ ടി വി രാജേഷ്, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് ശ്രുതി കെ വി, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

നിയമനടപടികൾക്കു ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച പുലർച്ചെ 12.40ന് പത്തനംതിട്ടയിൽ നിന്നെത്തിയ ബന്ധുക്കളാണ് ഭൗതിക ശരീരം ഏറ്റുവാങ്ങിയത്. മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു. ഉച്ചയോടെ നവീൻബാബുവിന്റെ മൃതദേഹം പത്തനംതിട്ടയിലെത്തും. നാളെ പത്തനംതിട്ടയിൽ പൊതുദർശനത്തിന് വെക്കും. ഇതിനുശേഷം സംസ്കാരം നടക്കും.യാത്രയയപ്പ് ചടങ്ങിനെത്തി, സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതില്‍ മനം നൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ദിവ്യയുടെ പരാമര്‍ശം അപക്വമായെന്ന് പറഞ്ഞ്, റവന്യൂമന്ത്രി കെ രാജന്‍ തള്ളിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂരില്‍ ബന്ദ് ആചരിക്കുകയാണ്.

ട്വന്റി20യിലെ ആഭ്യന്തര കലാപം; കുന്നത്തുനാട്ടില്‍ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

ട്വന്റി20യിലെ ആഭ്യന്തര കലാപം; കുന്നത്തുനാട്ടില്‍ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

കൊച്ചി: ട്വന്റി20യിലെ ആഭ്യന്തര കലാപത്തില്‍ കുന്നത്തുനാട് പഞ്ചായത്തില്‍ സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി ട്വന്റി20. ട്വന്റി 20 പാര്‍ട്ടിയിലെ 10 അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് പ്രസിഡന്റ് എംവി നിതാമോളെ പുറത്താക്കിയത്. പ്രസിഡന്റിനോട് ട്വന്റി 20 പാര്‍ട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും രാജി വയ്ക്കാതിരുന്ന സാഹചര്യത്തിലാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്.

ഇന്നലെ രാവിലെ 10.30-നാണ് പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്. വൈസ് പ്രസിഡന്റ് റോയ് ഔസേഫ് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. ട്വന്റി 20-യിലെ മറ്റംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. യുഡിഎഫിലെ അഞ്ച് അംഗങ്ങളും ട്വന്റി 20-യിലെ 11 അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്. സിപിഎമ്മിലെ രണ്ടംഗങ്ങള്‍ എത്തിയിരുന്നില്ല. വോട്ടെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയിലെ 10 അംഗങ്ങളും പ്രസിഡന്റിന് എതിരായി വോട്ട് രേഖപ്പെടുത്തി. മറ്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു.

പഞ്ചായത്ത് പ്രസിഡന്റ്, ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തി, നിയമപരമായി അയോഗ്യനായ സിപിഎമ്മിലെ നിസാര്‍ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവത്കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുമായി ചേര്‍ന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങളാണ് അംഗങ്ങള്‍ നിയത്‌ക്കെതിരെ ഉന്നയിച്ചത്.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് യുഡിഎഫില്‍ നിന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20, പഞ്ചായത്തിന്റെ അധികാരം പിടിച്ചത്. 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനു 3, സിപിഎം, മുസ്‌ലിം ലീഗ് 2 വീതം എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില.

ബാറില്‍ യുവാവ് കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

ബാറില്‍ യുവാവ് കുത്തേറ്റു മരിച്ചു, മൂന്നു പേര്‍ കസ്റ്റഡിയില്‍

അങ്കമാലി: ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. അങ്കമാലി കിടങ്ങൂര്‍ വലിയോലിപറമ്പില്‍ ആഷിക് മനോഹരനാണ് (32) മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ അങ്കമാലി ടൗണിലെ ‘ഹില്‍സ് പാര്‍ക്ക്’ ബാറിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. സംഭവത്തില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

നിരവധി കേസുകളില്‍ പ്രതിയാണ് ആഷിക്. ഗുണ്ട സംഘങ്ങകളുമായുള്ള ഏറ്റമുട്ടലിനെ തുടര്‍ന്ന് ക്രമിനല്‍ കേസില്‍പ്പെട്ട ആഷിക് പത്ത് ദിവസം മുമ്പാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഗുണ്ടാ സംഘങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കാണ് ആഷിക് ബാറില്‍ എത്തിയതെന്നാണ് വിവരം.

സംസാരം തര്‍ക്കക്കത്തെ തുടര്‍ന്ന് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഒമ്പതോളം മുറിവകുള്‍ ആഷികിന്റെ ദേഹത്തുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്പ് തന്നെ മരണം സംഭവിച്ചു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയവരെ പൊലീസ് രാവിലെയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

നവീന്‍ ബാബുവിന്റെ മരണം; കൂട്ട അവധിക്ക് റവന്യു ജീവനക്കാര്‍, സംസ്‌കാരം നാളെ

നവീന്‍ ബാബുവിന്റെ മരണം; കൂട്ട അവധിക്ക് റവന്യു ജീവനക്കാര്‍, സംസ്‌കാരം നാളെ

കണ്ണൂര്‍: കണ്ണൂരില്‍ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും. പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നവീന്‍ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12:30യോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ പത്തനംതിട്ട കളക്ട്രറേറ്റില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കാസര്‍കോട്, കണ്ണൂര്‍ കളക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

അതിനിടെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുക്കും. മരണത്തില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം. സര്‍വീസ് സംഘടനകളുടെ ആഹ്വാനപ്രകാരമല്ല പ്രതിഷേധം. വില്ലേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാലപ്പുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസും ബിജെപിയും കണ്ണൂര്‍ നഗരസഭ പരിധിയില്‍ ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പി പി ദിവ്യയുടെ വീട്ടിലേക്ക് കോണ്‍ഗ്രസും ബിജെപിയും ഇന്ന് മാര്‍ച്ച് നടത്തും. കൂടുതല്‍ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയ്യാറായിട്ടില്ല.

ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ് (28) കാസര്‍കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ വച്ച് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിന്റെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ഉടന്‍ തന്നെ ട്രെയിനില്‍ ഉണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു.

ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ പ്രതി കോച്ച് മാറിക്കയറി. മറ്റൊരു കോച്ചില്‍നിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയുമായി കാസര്‍കോട്ട് ഇറങ്ങുന്നതിനിടെ ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.