ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം

ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ; നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന് കുടുംബം

ആലപ്പുഴ: ഉസ്‌ബക്കിസ്ഥാനിൽ വെച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിയേറ്റ് മലയാളി എംബിബിഎസ് വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിലുടനീളം ക്രൂരമായ മർദ്ദനമേറ്റ മുറിവുകളും പാടുകളുമുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. കേസിൽ ഉസ്‌ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള മലപ്പുറം പുലാമന്തോൾ സ്വദേശിയായ സഹപാഠി സദറുൾ അനമിനെതിരെയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

സാവരിയയെ മതപരിവർത്തനം നടത്തുന്നതിനായി സദറുൾ അനം നിരന്തരം പ്രേരിപ്പിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി അതിന് തയ്യാറായിരുന്നില്ലെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതി അതിക്രൂരമായാണ് സാവരിയയെ മർദ്ദിച്ചിരുന്നതെന്നും പെൺകുട്ടിയുടെ കാൽ മുതൽ തല വരെ ചതവുകളുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ കൃത്യമായ കൊലപാതക കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

കുടുംബത്തിന്റെ ആവശ്യപ്രകാരം റീ-പോസ്റ്റ്‌മോർട്ടം; ഹരിപ്പാട് പൊലീസ് കേസെടുത്തു
കഴിഞ്ഞ ദിവസമാണ് സാവരിയയുടെ മൃതദേഹം വിദേശത്തുനിന്നും നാട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടെന്ന സംശയത്തെ തുടർന്ന് പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് (SP) റീ-പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. പ്രതി മുൻപും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം സംശയിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ 11 മണിയോടെ സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

സംഭവത്തിൽ സദറുൾ അനമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പൊലീസ് ഔദ്യോഗികമായി കേസെടുത്തു. നിലവിൽ പ്രതി ഉസ്‌ബെക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്.

വീണു പരിക്കേറ്റതെന്ന് വരുത്തിത്തീർക്കാൻ ശ്രമം; വിചാരണ കേരളത്തിലായേക്കും
കൊലപാതകത്തിന് ശേഷം പെൺകുട്ടി താഴെ വീണതാണെന്ന് പറഞ്ഞാണ് പ്രതി സാവരിയയെ ആശുപത്രിയിൽ എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. എന്നാൽ, സാവരിയയുടെ ഹോസ്റ്റലിലെ സഹപാഠികൾ ബുഖാറ പൊലീസിന് നൽകിയ മൊഴിയിൽ പ്രതി മുൻപും സാവരിയയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതി കുടുങ്ങിയത്.

ഇന്ത്യയും ഉസ്‌ബക്കിസ്ഥാനും തമ്മിലുള്ള നിലവിലെ നയതന്ത്ര കരാർ അനുസരിച്ച് ഇരയും പ്രതിയും ഇന്ത്യൻ പൗരന്മാരായതിനാൽ കേസ് വിട്ടുകിട്ടാൻ ഇന്ത്യയ്ക്ക് ഔദ്യോഗികമായി ആവശ്യപ്പെടാം. അതിനാൽ കേസിന്റെ വിചാരണ ഉൾപ്പെടെയുള്ള തുടർനടപടികൾ ഇന്ത്യയിലാകാനാണ് കൂടുതൽ സാധ്യത. പ്രതിയുടെ കുടുംബവും വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

കൊച്ചി: പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കൾക്ക് നേരെ അതിക്രൂരമായ ആൾക്കൂട്ട വിചാരണ. യുവാക്കളെ നടുറോഡിൽ മുട്ടുകുത്തി നിർത്തി തല മുണ്ഡനം ചെയ്യുകയും, വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിലടച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെ പെരുമ്പാവൂർ കണ്ടന്തറയിലാണ് സംഭവം. മർദ്ദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മഞ്ഞപ്പെട്ടി നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവരാണ് ആൾക്കൂട്ട അക്രമത്തിന് ഇരയായത്. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പെരുമ്പാവൂർ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജോലി അന്വേഷിച്ചെത്തിയവർക്ക് നേരെ അപ്രതീക്ഷിത ആക്രമണം
കണ്ടന്തറയിലെ ഒരു സോഡാ ഫാക്ടറിയിൽ ജോലി തിരക്കി വന്നതായിരുന്നു യുവാക്കൾ. ഫാക്ടറിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയ ഒഴിവിൽ, അവിടുത്തെ സൂപ്പർവൈസർ വിളിച്ചതുപ്രകാരമാണ് മൂവരും ബൈക്കിൽ ഇവിടെയെത്തിയത്. എന്നാൽ ഫാക്ടറിയുടെ മുന്നിലെത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.

ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത സംഘം ‘നിങ്ങൾ കഞ്ചാവ് വിൽപനക്കാരല്ലേ’ എന്ന് ചോദിച്ച് തർക്കമാരംഭിച്ചു. തങ്ങൾ ജോലി ആവശ്യത്തിന് വന്നതാണെന്ന് യുവാക്കൾ ആവർത്തിച്ചു പറഞ്ഞെങ്കിലും അക്രമികൾ അത് കേൾക്കാൻ തയ്യാറായില്ല. പൊലീസിനെയോ ബന്ധുക്കളെയോ വിളിക്കാൻ അനുവദിക്കാതെ ഇവരുടെ മൊബൈൽ ഫോണുകൾ സംഘം ബലമായി പിടിച്ചുവാങ്ങി.ആ സമയത്ത് ഫാക്ടറിയുടമ സ്ഥലത്തുണ്ടായിരുന്നില്ല. തടഞ്ഞുനിർത്തിയ യുവാക്കളെ പരസ്യമായി നടുറോഡിൽ മുട്ടുകുത്തി ഇരുത്തി തലമുണ്ഡനം ചെയ്യുകയായിരുന്നു. ഇതിനുശേഷം ഫാക്ടറിയിലെ ഇതരസംസ്ഥാനക്കാരനായ സൂപ്പർവൈസറെ ഭീഷണിപ്പെടുത്തി അകറ്റിനിർത്തിയ ശേഷം, യുവാക്കളെ ഫാക്ടറിക്കുള്ളിലെ മുറിയിലടച്ചു. അവിടെവെച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി വീണ്ടും ക്രൂരമായി മർദ്ദിച്ച ശേഷം സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നുവെന്ന് യുവാക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അഞ്ചുപേര്‍ ഇനിയും കാണാമറയത്ത്; കള്ളാടിയില്‍ ഇന്നും തിരച്ചില്‍ തുടരും

അഞ്ചുപേര്‍ ഇനിയും കാണാമറയത്ത്; കള്ളാടിയില്‍ ഇന്നും തിരച്ചില്‍ തുടരും

കോഴിക്കോട്: കള്ളാടി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. നാല് സോണുകളിലായാണ് തിരച്ചില്‍ നടത്തുക.

പരിശോധനയില്‍ സൂചന കിട്ടിയ മൂന്നാം സോണിലും മീനാക്ഷി പുഴയിലും ഇന്ന് പ്രത്യേക പരിശോധന നടത്തും. ഇന്നലത്തെ തിരച്ചിലില്‍ കെഡാവര്‍ നായകള്‍ അടയാളം കാണിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. കാണാതായവര്‍ ഒഴുകി പോയിട്ടുണ്ടോ എന്നറിയാന്‍ പുഴയിലും പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ തുടരുന്ന ശക്തമായ മഴയും പുഴയിലെ ഒഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.

സംരക്ഷണഭിത്തി തകർന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളിൽ ആശങ്കയുയർത്തിയിരുന്നു. മന്ത്രിമാരായ ടി.സിദ്ദിഖ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ ജില്ലയില്‍ തുടരുന്നുണ്ട്. ദുരന്തം അനേഷിക്കാനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തസ്ഥലമായ കള്ളാടി സന്ദർശിക്കും.

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മൂന്നിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്ത് കലക്ടര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാലാ പരീക്ഷകള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ക്വാറി, ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു.

ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മണ്ണലെടുക്കല്‍ എന്നിവയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

വയനാട് ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

മലപ്പുറം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കും. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികള്‍ സ്ഥാപന മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. ജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

ഓണം ബംപറിന് ഇനി 30 കോടി, സമ്മാനഘടന പരിഷ്‌കരിച്ചു; മൊത്തമായി കൈയില്‍ കിട്ടുക 125 കോടി 54 ലക്ഷം രൂപ

ഓണം ബംപറിന് ഇനി 30 കോടി, സമ്മാനഘടന പരിഷ്‌കരിച്ചു; മൊത്തമായി കൈയില്‍ കിട്ടുക 125 കോടി 54 ലക്ഷം രൂപ

തിരുവനന്തപുരം: ഓണം ബംപര്‍ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു. ഒന്നാം സമ്മാനത്തിന് നിലവിലുള്ള 25 കോടി രൂപയ്ക്ക് പകരം 30 കോടിയായി സമ്മാനത്തുക ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറച്ചതാണ് മറ്റൊരു പ്രധാന മാറ്റം.

ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കുമെന്ന് ഡയറക്ടര്‍ അഞ്ജു കെഎസ് അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപയാണ് ടിക്കറ്റ് വില. രാജ്യത്ത് ഇത്രയും ഉയര്‍ന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്.

90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാര്‍ക്ക് നല്‍കാന്‍ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണ് ടിക്കറ്റ് സീരീസ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 26ന് തിരുവനന്തപുരത്ത് നടത്തും. ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണെന്നും ലൈസന്‍സുള്ള ഏജന്റുമാരില്‍ നിന്ന് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രം വാങ്ങണമെന്നും സോഷ്യല്‍ മീഡിയയിലൂടെയോ ഡിജിറ്റല്‍ പേയ്‌മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും ഡയറക്ടര്‍ അറിയിച്ചു.

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍:

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കന്‍ കേരളം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിലാണ് തീരദേശ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. കിഴക്കന്‍ മധ്യപ്രദേശിനും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ക്കും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദ മേഖല ഉണ്ട്. വരും മണിക്കൂറുകളില്‍ ഇത് മധ്യപ്രദേശിലൂടെയും അതിനോട് ചേര്‍ന്നുള്ള തെക്ക്-പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും തുടര്‍ന്ന് ശക്തി കുറയാനും സാധ്യതയുണ്ട്. ഇതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.