ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തും, നഗ്നചിത്രങ്ങള്‍ അയക്കും; കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് ന​ഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസ്സിലെ യാത്രക്കാരികളെ ഫെയ്സ്ബുക്കിൽ തെരഞ്ഞ് കണ്ടുപിടിച്ചാണ് ഇയാൾ അശ്ലീല മെസേജ് അയച്ചിരുന്നത്.

തന്റെ ബസ്സിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ കണ്ടുപിടിച്ച് വ്യാജ അക്കൗണ്ടിലൂടെ അവരുമായി സൗഹൃദത്തിലാകും. സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്. സ്ഥിരമായി ന​ഗ്ന ഫോട്ടോകളും വിഡിയോകളും ലഭിച്ചതോടെ യാത്രക്കാരിൽ ഒരാൾ പൊലീസിൽ സമീപിക്കുകയായിരുന്നു.

തുടർന്ന് സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിലാണ് ദിനോജിനെ കണ്ടെത്തിയത്. ഇയാൾക്ക് ഒട്ടേറെ വ്യാജ പ്രൊഫൈലുകൾ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അരക്കുഴിയിൽ നിന്ന് പ്രതി പിടിയിലായത്.

കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണവ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം തട്ടിയ കേസ്; പള്‍സര്‍ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണവ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം തട്ടിയ കേസ്; പള്‍സര്‍ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

കോട്ടയം: സ്വര്‍ണവ്യാപാരിക്ക് നേരെ കുരുമുളക് സ്ര്‌പേ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. പള്‍സര്‍ സുനി, ജെയിംസ് മോന്‍ ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം കെ ജോസഫ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി നിക്‌സണ്‍ എം ജോസഫ് വിട്ടയച്ചത്. 2014 മെയ് ഒന്നിന് കിടങ്ങൂരിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ പണവുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോകുകയായിരുന്നു. ബസ് കിടങ്ങൂരെത്തിയപ്പോള്‍ പ്രതി ജിതിന്‍ വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത് ഇറങ്ങിയോടിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

മുന്‍കൂട്ടി ആസുത്രണം ചെയ്തതനുസരിച്ച് പള്‍സര്‍ സുനി ബൈക്കിലും മറ്റുനാലുപേര്‍ കാറിലും ബസിനെ പിന്തുടര്‍ന്നു. പണം തട്ടിയെടുത്ത പ്രതി ജിതിന്‍ സുനിയുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും കേസില്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

എംടിയുടെ വീട്ടിൽ മോഷണം: 26 പവൻ സ്വർണം കവർന്നു

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് സൂചന. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. ഇന്നലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

സെക്രട്ടേറിയറ്റില്‍ സീലിങ് പൊളിഞ്ഞ് വീണു; അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

സെക്രട്ടേറിയറ്റില്‍ സീലിങ് പൊളിഞ്ഞ് വീണു; അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറി അജി ഫിലിപ്പിന് പരിക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് തകര്‍ന്നു വീണത്. ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെ അഡീഷണല്‍ സെക്രട്ടറിയുടെ തലയില്‍ വീണു. തലയ്ക്ക് പരിക്കേറ്റ അജി ഫിലിപ്പിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. അപകടം നടക്കുമ്പോള്‍ അജി ഫിലിപ്പ് മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സീലിങിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം. അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നില്ലെന്നും വിവരമുണ്ട്.

നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; 53കാരന്‍ പിടിയില്‍

നിലമ്പൂരില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; 53കാരന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ അതിഥി തൊഴിലാളിയുടെ മകള്‍ ലൈംഗിക പീഡനത്തിന് ഇരയായി. തൊട്ടടുത്ത് സമീപിക്കുന്ന ഒഡീഷ സ്വദേശി അലി ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അഞ്ചുവയസുകാരിയെ പിഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രിയാണ് അഞ്ചുവയസുകാരി ക്രൂരമായി പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. രാത്രി ചിപ്‌സ് നല്‍കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന തൊട്ടടുത്ത ക്വാട്ടേഴ്‌സിലേക്ക് കുട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആക്രി സാധനങ്ങള്‍ വില്‍ക്കുകയായിരുന്ന കടയില്‍ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.