by Midhun HP News | Oct 4, 2024 | Latest News, കേരളം
കൊല്ലം: പത്തനാപുരത്ത് വീണ്ടും പുലിയെ കണ്ടതില്‍ നാട്ടുകാരും തൊഴിലാളികളും ഭീതിയില്‍. പത്തനാപുരം എസ്എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പുലിയെ കണ്ട ഭാഗത്ത് ഇന്ന് വീണ്ടും രണ്ട് പുലികളെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. പുലിയുടെ വിഡിയോ എടുത്ത് നാട്ടുകാര്‍ പ്രചരിപ്പിച്ചതോടെ ഫോറസ്റ്റ് ജീവനക്കാരും SFCK അധികൃതരും പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. രാത്രിയും പകലുമായി പുലിയെ കണ്ട തൊഴിലാളി ലയത്തിന് സമീപം കാവലും ഒരുക്കി.
കഴിഞ്ഞ രണ്ട് വര്‍ഷമായി കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലും വനപ്രദേശത്തും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. വനപാലക സംഘം പ്രദേശത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നാട്ടുകാര്‍ വീണ്ടും പുലിയെ കണ്ടത്.
പുലിയെ പിടികൂടാന്‍ പുലിക്കൂട് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് വാങ്ങാന്‍ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് നടപടി സ്വീകരിച്ചതായാണ് വിവരം. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ജീവന് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വനപാലക സംഘം അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം നാട്ടുകാരില്‍ ശക്തമാണ്.

by Midhun HP News | Oct 4, 2024 | Latest News, കേരളം
കോഴിക്കോട് : മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്നത് മനാഫ് ഒരിക്കലും ചെയ്യില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു.
സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസെടുത്ത കാര്യം രാവിലെയാണ് അറിയുന്നത്. അർജുന്റെ കുടുംബത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ഇനി കേസിൽ കുടുക്കിയാലും ശിക്ഷിച്ചാലും അർജുന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പറഞ്ഞു. വൈകാരികമായിട്ടായിരുന്നു മനാഫിന്റെ പ്രതികരണം.
അർജുന്റെ കുടുംബത്തിനെതിരേ കമന്റിടരുതെന്നും അക്രമിക്കരുതെന്നും പൊതുസമൂഹത്തോട് താൻ പറഞ്ഞിരുന്നു. എന്നെക്കൊണ്ട് കഴിയും വിധം അഭ്യർഥിച്ചിട്ടുണ്ട്. ഈ സമയം വരെ അർജുന്റെ കുടുംബത്തിന് അനുകൂലമായിട്ടാണ് നിന്നത്. ഇനി അങ്ങോട്ടും അവരുടെ കൂടെത്തന്നെയാകും. കേസെടുത്ത് ജയിലിൽ അടച്ചാലും അവരുടെ കൂടെത്തന്നെയാണ്. ഇപ്പോൾ കേസെടുത്തിരിക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും മനാഫ് കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനൽ എല്ലാവർക്കും കാണാൻ പറ്റും. അതിൽ അവരെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണെന്നും മനാഫ് പറഞ്ഞു. അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിൽ ചേവായൂർ പൊലീസാണ് മനാഫിനെതിരെ കേസെടുത്തത്. അർജുന്റെ ചിത്രം ഉപയോഗിച്ച് ‘ലോറി ഉടമ മനാഫ്’ എന്ന പേരിൽ യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ഇതുവഴി അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

by Midhun HP News | Oct 4, 2024 | Latest News, കേരളം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കം മറുപടി നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്രസർക്കാർ എന്നിവയ്ക്ക് കോടതി നിർദേശം നൽകി.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ലഭ്യമാക്കാന്‍ നിര്‍ദേശിക്കണമെന്ന് അമിക്കസ് ക്യൂറി കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്നായിരുന്നു ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോള്‍ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് പുക, അടിയന്തരമായി തിരിച്ചിറക്കി; അന്വേഷണം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ.
എസ്റ്റിമേറ്റ് ചെലവഴിച്ച തുകയെന്ന പേരില്‍ വ്യാപക പ്രചരണമുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ്റ്റിമേറ്റില്‍ പറയുന്ന തുക ചെലവഴിച്ചിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച വിശദമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കെല്‍സയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ 30 വരെ കെല്‍സ വയനാട് ദുരിതബാധിതര്‍ക്കായി നിയമസഹായവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ലിസ്റ്റും വിവരങ്ങളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ദുരിത ബാധിതരെക്കുറിച്ചും അവര്‍ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും കെല്‍സയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

by Midhun HP News | Oct 4, 2024 | Latest News, കേരളം
മലപ്പുറം: നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. താന്‍ പ്രതിപക്ഷത്തിന്റെ ഭാഗമല്ല. തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനു തന്നെയാണ്. തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സിപിഎമ്മിനുണ്ടെങ്കില്‍ നമുക്ക് നോക്കാം എന്നും അന്‍വര്‍ പറഞ്ഞു. ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കില്‍ സ്വതന്ത്ര ബ്ലോക്കാക്കി തനിക്ക് അനുവദിക്കേണ്ടി വരുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
നിയമസഭയില്‍ എവിടെ ഇരിക്കണം എന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടതു ചെയ്യും. വേറെ സീറ്റ് വേണമെന്ന് സ്പീക്കര്‍ക്ക് കത്തു കൊടുക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. സിപിഎം പാര്‍ലമെന്ററി കാര്യ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാന്തതിലാണ് പി വി അന്‍വറിന്റെ നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷത്തിന്റെ പിന്‍നിരയിലേക്ക് മാറ്റിയത്.
സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ പി ശശിയുടെ വക്കില്‍ നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസ് കിട്ടിയാല്‍ അതിനു മറുപടി കൊടുക്കും. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അന്‍വര്‍ പറഞ്ഞു. തന്റെ നെഞ്ചത്തേക്ക് കയറാന്‍ ഒരു സഖാവും വരേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. തന്നെ തല്ലാന്‍ ആരെയെങ്കിലും വിട്ടാല്‍ വിട്ടവന്റെ തലയ്ക്കടിക്കും. താന്‍ ഇല്ലാതായാലും അതിനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നതില്‍ നിയമപരമായി പരിശോധിച്ചു വരികയാണെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.
അതിനിടെ, പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു. അരീക്കോട് എംഎസ്പി ക്യാംപില്‍വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് മഞ്ചേരി പൊലീസ് കേസ് എടുത്തത്. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസുകള്‍ കൂടി വരുന്നതിനാല്‍ നിയമപഠനം ആലോചിക്കുന്നുവെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. അങ്ങനെയെങ്കിൽ കോടതിയിൽ സ്വയം വാദിക്കാമല്ലോയെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. നിയമപരമായി മുന്നോട്ടുപോകും. കോടതികളും ഇതെല്ലാം കാണുന്നുണ്ടല്ലോയെന്നും പി വി അൻവർ പറഞ്ഞു.
by Midhun HP News | Oct 4, 2024 | Latest News, കേരളം
പത്തനംതിട്ട: മദ്യലഹരിയില്‍ സീരിയല്‍ നടി ഓടിച്ച കാര്‍ രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം. വ്യാഴാഴ്ച വൈകീട്ട് 6ന് കുളനട ടിബി ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിനു മുന്‍പിലായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് നടിയുടെ കാര്‍ ആദ്യം ഇടിച്ചത്. അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലും പിന്നീട് കാറിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതിനെ തുടര്‍ന്ന് എംസി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മദ്യപിച്ചാണു വാഹനം ഓടിച്ചതെന്നു വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെ നടിക്കെതിരെ പൊലീസ് കേസെടുത്തു. വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.

by Midhun HP News | Oct 4, 2024 | Latest News, കേരളം
കാസർകോട്: പിടികൂടിയ ഹവാല പണം പൊലീസ് മുക്കിയെന്ന ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഹൊസ്ദുർഗ് പൊലീസ് പിടികൂടിയെ പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്നാണ് എംഎൽഎയുടെ ആരോപണം.
2023 ഓഗസ്റ്റ് 25-നാണ് അണങ്കൂർ ബദരിയ ഹൗസിൽ ബി എം ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ ഹൊസ്ദുർഗ് പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ എഫ്ഐആറിൽ പറയുന്നത്. 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്ന് അറിയില്ലെന്നും എംഎൽഎ പറഞ്ഞു. നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചത് എന്നാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത്. അത് തെളിയിക്കാനുള്ള രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിനാൽ അദ്ദേഹം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നടത്തുകയാണ്. സംഭവത്തിൽ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നുെം എംഎൽഎ ആരോപിച്ചു.
Recent Comments