by Midhun HP News | Oct 4, 2024 | Latest News, കേരളം
കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന് എതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ അര്‍ജുന്റെ കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലോറി ഉടമ മനാഫ് അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമമെന്ന വകുപ്പ് അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അര്‍ജുന്റെ കുടുംബം കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികത ലോറി ഉടമ മനാഫ് ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, എല്ലാ ആവശ്യങ്ങളും കഴിഞ്ഞശേഷം തള്ളിപ്പറയുകയാണെന്നതടക്കം ആരോപിച്ച് സൈബിറടത്തില്‍ വലിയ തോതിലുള്ള അധിക്ഷേപമാണ് അര്‍ജുന്റെ കുടുംബത്തിന് നേരെ നടന്നത്.
സൈബര്‍ അധിക്ഷേപം രൂക്ഷമായതോടെയാണ് അര്‍ജുന്റെ കുടുംബം പൊലീസിനെ സമീപിച്ചത്. അര്‍ജുന്റെ കുടുംബത്തിന്റെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപിക്ക് കൈമാറി. ഇന്നലെ മെഡിക്കല്‍ കോളജ് എസിപിയുടെ നിര്‍ദേശപ്രകാരം ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. ഇന്ന് അര്‍ജുന്റെ കുടുംബത്തിന്റെ മൊഴി എടുക്കും. സോഷ്യല്‍മീഡിയ പേജുകള്‍ പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില്‍ മാപ്പുപറയുന്നുവെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

by Midhun HP News | Oct 4, 2024 | Latest News, കേരളം
കൊച്ചി: ഗ്യാസിന് നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്പതികള്‍ ഗുരുതരാവസ്ഥയില്‍. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരെയാണ് രക്തം ഛര്‍ദ്ദിച്ച് അവശരായി ആശുപത്രിയില്‍ എത്തിച്ചത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

by Midhun HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: നടന്‍ മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.
കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. 300 ഓളം സിനിമയില്‍ ചെറുതും വലുതുമാ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടനായിരുന്നു മോഹന്‍രാജ്. മകള്‍ കാനഡയിലാണ്. അവിടെ നിന്നും നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. ഡ്യൂപ്പില്ലാതെയായിരുന്നു പല സിനിമകളിലും അഭിനയിച്ചത്. അതിനിടെ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിനിടെ കാലിന് പരിക്കേറ്റിരുന്നു. അതിനെ തുടര്‍ന്ന് ഏറെക്കാലം ബുദ്ധിമുട്ടിലായിരുന്നു.
സിനിമാ-സീരിയൽ താരവും നിർമാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ മരണവാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ പുറത്ത് വിട്ടത്. കിരീടം സിനിമയിലെ അതികായകനായ വില്ലൻ… കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്ക് ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പ് കിലുക്കണ ചങ്ങാതി, രജപുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും എന്റെ സുഹൃത്തായ മോഹൻരാജ് അഭിനയിച്ച് സഹകരിക്കുകയുണ്ടായി. ഇന്ന് മൂന്ന് മണിയോടെ കഠിനം കുളത്തുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത് എന്നറിയുന്നു. നാളെയാണ് സംസ്കാരം എന്നാണ് മോഹൻരാജിന്റെ വേർപാട് അറിയിച്ച് ദിനേശ് പണിക്കർ കുറിച്ചത്.
by Midhun HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മാതാപിതാക്കള്‍ രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ടു പേരുമുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് സഹായം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടു സ്ഥലങ്ങളായ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ് എന്നിവിടങ്ങളില്‍ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങള്‍ ഏറ്റെടു്കുന്നതിമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളില്‍ എജിയുടെ അടക്കം നിയമോപദേശം തേടിയിരുന്നു. ഈ സ്ഥലം ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷന്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി.
ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനും നഷ്ടമായ ശ്രുതിക്ക് ജോലി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം നല്‍കിയിട്ടില്ല. സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും പ്രത്യേക സഹായമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. എത്രയും വേഗം അര്‍ഹമായ സഹായം ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
by Midhun HP News | Oct 3, 2024 | Latest News, കേരളം
കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും വിഷപ്പാമ്പ്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ അണലി പാമ്പിനെ കണ്ടത്. ഒരു രോഗി രാവിലെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് വലിയ അണലിയെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നതിനാല്‍ അപകടം ഒഴിവായി. സെപ്റ്റംബര്‍ 19 ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്നും പുറത്തേക്ക് വന്ന വെള്ളിക്കെട്ടനെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊന്നിരുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്ടെത്തിയ മറ്റൊരു പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറുന്നതെന്നാണ് രോഗികളുടെ പരാതി.
മെഡിക്കല്‍ കോളജിനകത്ത് ഫയര്‍ ആന്റ് സേഫ്റ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൈപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി ഇപ്പോള്‍ നടന്നുവരികയാണ്. മാസങ്ങളായി പുറത്ത് കൂട്ടിയിട്ട പൈപ്പുകളില്‍ കയറിക്കൂടുന്ന പാമ്പുകളാണ് ഭീഷണിയായിരിക്കുന്നതെന്നാണ് രോഗികളും ജീവനക്കാരും പറയുന്നത്.

by Midhun HP News | Oct 3, 2024 | Latest News, കേരളം
മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിനെതിരെ പിവി അന്‍വര്‍ എംഎല്‍എ. ഇവരൊക്കെ മറ്റാരുടെയോ കാലില്‍ നില്‍ക്കുന്നവരാണ്. അവര്‍ക്കൊക്കെ സ്വയം നില്‍ക്കാന്‍ ശേഷിയില്ലാത്തതിന്, ജനങ്ങളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ ശേഷിയില്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്. അവര്‍ക്കൊക്കെ അത്രയേ പറ്റുകയുള്ളൂവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരെ പറയില്ലെന്ന കെ ടി ജലീല്‍ പറഞ്ഞത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അപ്പോള്‍ ആരെങ്കിലും വെടിവെക്കുമെന്ന് പറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവനില്‍ പേടിയുണ്ടാകുമല്ലോ. ജീവനില്‍ പേടിയുള്ളവരെ നമുക്ക് തടുക്കാന്‍ കഴിയില്ലല്ലോ എന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ഉയര്‍ത്തിയ വിഷയത്തില്‍ ഒരു മനുഷ്യന്റെയും പിന്തുണ താന്‍ തേടിയിട്ടില്ല. സാധാരണക്കാരായ ജനങ്ങളുടെ മുന്നിലാണ് വിഷയം അവതരിപ്പിച്ചതെന്നും അൻവർ വ്യക്തമാക്കി.
പി ആര്‍ വിഷയത്തില്‍ സിപിഎമ്മില്‍ പല അഭിപ്രായങ്ങളുണ്ട്. ഒരഭിപ്രായം പറയാനുള്ള നട്ടെല്ലുള്ള ഒരു കമ്യൂണിസ്റ്റുകാരനും ഈ പാര്‍ട്ടി നേതൃത്വത്തിലില്ല എന്നതിന്റെ ദുരന്തമാണ് കേരളത്തില്‍ ഇന്ന് അനുഭവിക്കുന്നത്. മുഖ്യമന്ത്രിക്ക് എഡിജിപി അജിത് കുമാറിനെയും പി ശശിയെയും ഭയമാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെയും പേടിയാണ്. എനിക്കുശേഷം പ്രളയമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തോയെന്ന് സിപിഎം നേതൃത്വമാണ് വിശദീകരിക്കേണ്ടത്.
മലപ്പുറവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഒരു സമുദായത്തെ മാത്രമല്ല എല്ലാവരെയും ബാധിക്കും. താന്‍ പറഞ്ഞതിന് ശേഷം പിറ്റേദിവസം ഉച്ചയ്ക്ക് ശേഷമാണ് അബദ്ധം പറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പറയുന്നത്. ഇതൊക്കെ നാടകമാണ്. കേരളത്തില്‍ അത്യാവശ്യം എഴുത്തും വായനയും അറിയാവുന്ന, സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും ഇതൊക്കെ മനസ്സിലാകുമെന്ന് പി വി അന്‍വര്‍ പറഞ്ഞു.
മലപ്പുറം വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം. മുഖ്യമന്ത്രി പദവി ഒഴിയാന്‍ പിണറായി വിജയന്‍ തയ്യാറാകണം. ഒഴിയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പദവി മുഹമ്മദ് റിയാസിനോ മകള്‍ വീണയ്‌ക്കോ നല്‍കണം. വീണയ്ക്ക് നല്ല വിവരവും വിദ്യാഭ്യാസവുമുണ്ടല്ലോ?. ബാക്കിയൊക്കെ സിപിഎം ഏറ്റെടുത്തോളും. ഈ പാര്‍ട്ടിക്ക് വീണയെ വിജയിപ്പിക്കാന്‍ കഴിയുമല്ലോ. എങ്ങനെയെങ്കിലും കേരളത്തെ രക്ഷപ്പെടുത്താനുള്ള മഹാമനസ്‌കത കാണിക്കണമെന്നും പി വി അന്‍വര്‍ പരിഹസിച്ചു.
Recent Comments