by Midhun HP News | Oct 3, 2024 | Latest News, കേരളം
കൊച്ചി: മലയാളപുരസ്‌കാര സമിതിയുടെ എട്ടാമത് മലയാളപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംവിധായകന്‍ ഹരിഹരന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, മധു അമ്പാട്ട്, മരട് രഘുനാഥ്, ചെറുന്നിയൂര്‍ ജയപ്രസാദ്, വാസന്‍, ജനു ആയിച്ചാന്‍കണ്ടി എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.
വിവിധ വിഭാഗങ്ങളില്‍ ബ്ലെസി -(മികച്ച സംവിധായകന്‍ ആടുജീവിതം), മമിത ബൈജു (ജനപ്രിയ നടി പ്രേമലു),രാഹുല്‍ സദാശിവന്‍ (മികച്ച ജനപ്രിയ സിനിമ ഭ്രമയുഗം), അരുണ്‍ നാരായണ്‍ (മികച്ച ചലച്ചിത്ര നിര്‍മാതാവ് ചാവേര്‍, തലവന്‍), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം), അല എസ് നയന(മന്ദാകിനി,ഗോളം), മാനുഷി ഖൈര്‍(അന്വേഷിപ്പിന്‍ കണ്ടെത്തും ), സുരഭി സുഭാഷ് (ആദച്ചായി), അജയ് ജോസഫ് (ആഴം) എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി.
മറ്റുപുരസ്‌കാരങ്ങള്‍
കെ.ആര്‍ ഗോകുല്‍ പുതുമുഖ നടന്‍ (ആടുജീവിതം), നേഹ നസ്നീന്‍ പുതുമുഖ നടി (ഖല്‍ബ് ),ആനന്ദ് മധുസൂദനന്‍ തിരക്കഥ (വിശേഷം),നഹാസ് നാസ്സര്‍ നവാഗത സംവിധായകന്‍ (അഡിയോ അമിഗോസ് ), അജയന്‍ ചാലിശ്ശേരി കലാസംവിധാനം (മഞ്ഞുമ്മല്‍ ബോയ്സ് ), ഹരിതാ ബാലകൃഷ്ണന്‍ ഗായിക (രജനി),ഐസ ഹസ്സന്‍ ബാല നടി (തലവന്‍),സുദര്‍ശനന്‍ വര്‍ണ്ണം (പരസ്യകല), വി.വി ജോസ് (കഥാപ്രസംഗം), വി. ജെ മാത്യൂസ് വന്യംപറമ്പില്‍ (നോവല്‍), ശ്രീജ അനില്‍കുമാര്‍ (കവിത), ഗോപിനാഥ് പനങ്ങാട് (ഹാസ്യ സാഹിത്യം ),ഷാജി ഇടപ്പള്ളി (മാധ്യമരംഗം ), സി ഐ സി സി ജയചന്ദ്രന്‍ (സാംസ്‌കാരിക പ്രവര്‍ത്തകന്‍) ഉഷ കണവിള്ളില്‍ (വിദ്യാഭ്യാസ പ്രവര്‍ത്തക),ഡോ. ദിവ്യ സുനില്‍ (ആയ്യൂര്‍വേദ ഡോക്ടര്‍),സല്‍ഹ ബീഗം (ജീവകാരുണ്യ പ്രവര്‍ത്തക), സത്കല വിജയന്‍ (ബഹുമുഖ പ്രതിഭ ), പി ആര്‍ അജാമളന്‍ (പ്രകൃതി സംരക്ഷകന്‍), ജെന്‍സില്‍ വര്‍ഗ്ഗീസ് (നവമാധ്യമ രംഗം),ഡെന്നി എസ്.കോളെങ്ങാടന്‍ (സംഘാടകന്‍ ), നിമിഷ രാമചന്ദ്രന്‍ (കവിതാ രചന), രാജേഷ് ബാബു ടി. വി (വാഹന വില്‍പ്പന രംഗത്തെ മലയാളത്തിലെ ആദ്യ പുസ്തകം ), ജോസഫ് എബ്രഹാം(യുവ വ്യവസായി), ടൈറ്റസ് ആറ്റിങ്ങല്‍ (ബഹുമുഖ പ്രതിഭ), അല്‍ഫിയ ജലീല്‍ (കഥ), ഗോവിന്ദന്‍ ദീപ്തി (ചിത്രകല), ജഗദീഷ് പാലയാട്ട് (പാരമ്പര്യ ചിത്രകല), സാബി ക്രിസ്റ്റി (വസ്ത്ര രൂപ കല്‍പ്പന),ടിന്റു ജോഷി (വസ്ത്ര രൂപ കല്‍പ്പന), സെബു വി. വി (ജൈവ കൃഷി), ശ്രുതി സോമന്‍ (മലയാള മങ്ക1200), ശ്രീജ നയന (ചമയ കല ), രാജീവ് സ്മാര്‍ട്ട് (നിശ്ചല ഛായാഗ്രാഹകന്‍), ശരത് പാലാട്ട് (നടന്‍),ആര്‍. കെ പള്ളത്ത് (സംവിധായകന്‍).
ജികെ പിള്ള തെക്കേടത്ത് അദ്ധ്യക്ഷനായ ചടങ്ങില്‍ ജസ്റ്റീസ് പിഎസ് ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.ഇസ്മായില്‍ കൊട്ടാരപ്പാട്ട് സ്വാഗതവും, ജെജെ കുറ്റിക്കാട് നന്ദിയും പറഞ്ഞു.

by Midhun HP News | Oct 3, 2024 | Latest News, കേരളം
തൃശൂര്‍: നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരനായിരുന്ന കൊമ്പന്‍ കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ ചരിഞ്ഞു. ഒരു മാസമായി ചികിത്സയിലായിരുന്ന കൊമ്പന്‍ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. 43 വയസ്സായിരുന്നു. 1981 ചെന്നൈ ഗിണ്ടി പാലസില്‍ ജനിച്ച ശ്രീനിവാസനെ 1992ല്‍ കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നായിരുത്തി. 9 അടി 4 ഇഞ്ച് ഉയരക്കാരനായിരുന്ന ഗ്രീനിവാസന്‍, 33 വര്‍ഷമായി കുടന്‍കുളങ്ങര ഉത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്. വനവകുപ്പ് ഉദ്യോഗസ്ഥരുടെ ഇന്‍ക്വസ്റ്റിനുശേഷം ഭൗതികശരീരം കോടനാട് സംസ്‌ക്കരിക്കും.

by liji HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയിൽ സിപിഎമ്മില്‍ അതൃപ്തി. ‘ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം’ മുഖ്യമന്ത്രി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തല്‍. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം പാര്‍ട്ടിയേയും ഇടതു സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നാണ് എതിര്‍പ്പുള്ളവരുടെ വാദം. അഭിമുഖം വന്നയുടനെ, വേഗത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍, ഇത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കാനാകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ സുവര്‍ണ്ണ സമയം പാഴാക്കി. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ, മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നെങ്കില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഇതൊരു അനാവശ്യ വിവാദമാണെന്നും സിപിഎമ്മിലെ ഒരു പ്രമുഖ നേതാവ് സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു പത്രക്കുറിപ്പ് നല്‍കേണ്ടതായിരുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും അഭിമുഖം നടത്താനോ പ്രസ്താവന നടത്താനോ ഒരു പിആര്‍ ഏജന്‍സിയുടെയും സഹായം ആവശ്യമില്ല. പത്രം തെറ്റ് സമ്മതിച്ചതോടെ വിവാദം അവസാനിച്ചു. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി മോശമായി പരാമര്‍ശിച്ചിട്ടില്ല. ഒരു പിആര്‍ ഏജന്‍സിയുമായും സിപിഎമ്മിന് ബന്ധമില്ല. ഈ ഏജന്‍സി തന്നെ എല്ലാ ആരോപണങ്ങളും നിഷേധിച്ചുവെന്നും നേതാവ് അഭിപ്രായപ്പെട്ടതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

by liji HP News | Oct 3, 2024 | Latest News, കേരളം
കൊച്ചി: ഡോക്ടർ ചമഞ്ഞ് യുവതിക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് (27) അറസ്റ്റിലായത്. കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗൽഭ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് യുവതിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വണ്ണം കുറയ്ക്കുന്നതിനായി ആദ്യം ഒരു ശസ്ത്രക്രിയ നടത്തിയതിനു ശേഷം 2023 ജൂൺ 11ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിൽ ഗുരുതര അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് തോന്നിയതോടെയാണ് യുവതി പൊലീസിൽ പരാതിപ്പെടുന്നത്. കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റു ചെയ്തത്.

by liji HP News | Oct 3, 2024 | Latest News, കേരളം
കണ്ണൂർ: ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.
രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്. ഇരിട്ടി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവിൽ എത്തിയ ജോബിൻ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിൻ ഒഴുക്കിൽപ്പെട്ടത്. എന്നാൽ ഇവർ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കിൽപ്പെട്ടതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല.
.
by liji HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമാണ് ഡിജിപി അന്വേഷ റിപ്പോര്‍ട്ട് കൈമാറുക.
മാമി തിരോധാന കേസ് ഉള്‍പ്പെടെ എഡിജിപി അട്ടിമറിക്കാന്‍ ശ്രമിച്ചതായി അന്‍വര്‍ ഉന്നയിച്ച നാലു കേസുകള്‍, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വര്‍ണം പിടികൂടി പങ്കിട്ടെടുക്കല്‍, മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതില്‍ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലന്‍സിനും നല്‍കിയതിനാല്‍ അവയില്‍ റിപ്പോര്‍ട്ട് ഉണ്ടായേക്കില്ല. ബാക്കി പരാതികളില്‍ റിപ്പോര്‍ട്ട് നല്‍കും.
അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.ഇന്ന് അന്വേഷണത്തിന്റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതില്‍ വേഗത്തില്‍ തീരുമാനമുണ്ടായേക്കും.
Recent Comments