by liji HP News | Oct 3, 2024 | Latest News, കേരളം
കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍. കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ആരോപണവിധേയര്‍ക്കെതിരെ ക്രിമിനല്‍നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണസംഘത്തിലെ വനിത ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ നടിമാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മൊഴി നല്‍കിയവരില്‍ കൂടുതല്‍ പേരും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നാണ് അറിയിച്ചതെന്നാണ് സൂചന.

by liji HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട് തീരത്ത് (കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെല്‍വേലി) ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപ് തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Oct 3, 2024 | Latest News, കേരളം
അബുദാബി: വനിതാ ടി 20 ലോകകപ്പ് മല്‍സരങ്ങള്‍ ഇന്ന് തുടക്കമാകും. രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഷാര്‍ജയിലും, ദുബായിലുമായാണ് മല്‍സരങ്ങള്‍. യുഎഇ സമയം ഉച്ചക്ക് രണ്ടിന് ഷാര്‍ജയില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലാദേശ് അയര്‍ലന്‍ഡിനെ നേരിടും. വൈകുന്നേരം ആറിന് ദുബായില്‍ പാകിസ്ഥാന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
വെള്ളിയാഴ്ച വൈകീട്ട് ദുബായില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഈമാസം ആറിന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും ഇന്ത്യ പാക് പോരാട്ടം. ഇതുവരേ കിരീടം സ്വന്തമാക്കാത്ത ഇന്ത്യയ്ക്ക് ഇത്തവണ ഏതുവിധേനയും കപ്പ് നേടണമെന്ന ലക്ഷ്യമാണുള്ളത്. 2020ല്‍ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തി. എന്നാല്‍ അപ്രതീക്ഷിതമായി ഓസ്ട്രേലിയയോട് തോറ്റു. ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്ന ഓസീസ് വനിതാ ടീം ഇതുവരെ ആറ് തവണയാണ് ലോക കിരീടം നേടിയത്.
വയനാട് മാനന്തവാടി സ്വദേശി സജ്ന സജീവന്‍, തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. ഇന്ത്യയുടെ എല്ലാമല്‍സരങ്ങള്‍ക്കും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയാണ് വേദി. പുരുഷ-വനിതാ മല്‍സരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണിത്.
by Midhun HP News | Oct 2, 2024 | Latest News, കേരളം
കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലിൽ താൻ ഇഷ്ടമുള്ളത് ഇടുമെന്നും ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് പറയുന്നു.
യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റ്. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. യൂട്യൂബ് ചാനലിൽ തനിക്ക് ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണ്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് അത് തുടങ്ങിയത്. ഇനിയിപ്പോൾ യൂട്യൂബ് ചാനൽ ഉഷാറാക്കും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാൽ ഇനിയും കൂടെ ഉണ്ടാകും. എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.
by Midhun HP News | Oct 2, 2024 | Latest News, കേരളം
കോഴിക്കോട്: മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്‍റെ സഹോദരനും ലോറിയുടെ ആര്‍സി ഉടമയുമായ മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നുവെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ. മനാഫിന്‍റെ ലോറിക്ക് അര്‍ജുന്‍റെ പേരിടരുതെന്ന് അര്‍ജുന്‍റെ അമ്മ ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പലതവണ മനാഫിനോട് പറഞ്ഞിരുന്നു. ഇപ്പോഴും അര്‍ജുന്‍റെ പേര് പറഞ്ഞ് ഓടി നടക്കുകയാണ്. ഡ്രഡ്ജര്‍ കൊണ്ടുവരാൻ കഴിയില്ലെന്ന് പറഞ്ഞ് മനാഫ് തങ്ങളെ നിരുത്സാഹപ്പെടുത്തി. ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി. മനാഫുമായി പലതവണ തര്‍ക്കങ്ങളുണ്ടായി.
മൂന്നാം ഘട്ട തെരച്ചിലിൽ അവിടത്തെ സംവിധാനം കാര്യമായി ഇടപെട്ടു. എന്നാൽ, ഇതിനിടയിൽ ആക്ഷൻ കമ്മിറ്റി ചില നിര്‍ദേശങ്ങളുമായി വന്നു. മനാഫിനെതിരെ പരാതി നല്‍കാൻ എസ്‍പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഞങ്ങൾ അത് ചെയ്തില്ല. ഡ്രഡ്ജറിൽ കയറ്റി അധികൃതര്‍ പറഞ്ഞ കാര്യം കോണ്‍ഫിഡൻഷ്യല്‍ ആയിരുന്നു. തെരച്ചിൽ ഫലം കണ്ട വിവരം ഔദ്യോഗികമായി ഞങ്ങൾക്ക് കിട്ടിയിരുന്നു. വൈകാരികമായ അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ. ഈ സമയത്താണ് ഗംഗവാലി പുഴയിൽ അർജുനെ ഇട്ടു പോകാൻ പറ്റില്ല എന്ന ഡയലോഗ് മനാഫ് നടത്തുന്നത്. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിർത്താൻ കാലു പിടിച്ചു പറഞ്ഞിരുന്നു.കുടുംബത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ പരിഹാസ്യ കഥാപത്രം ആക്കരുത്. ഇനിയും തുടർന്നാൽ നിയമ നടപടി സ്വീകരിക്കും.
മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണ്. ഈ സംഭവ ശേഷം ആണ് യുട്യൂബ് ചാനൽ ഉണ്ടാക്കിയത്. മുബീൻ ആത്മാർത്ഥത ഓടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. മുബീൻ ആത്മാർമായ സ്നേഹത്തോടെ കൂടെ നിന്നുവെന്നും ജിതിൻ പറഞ്ഞു. മനാഫിന്‍റെ ലോറിക്ക് അർജുന്‍റെ പേര് ഇടരുതെന്ന് അമ്മ പറഞ്ഞു.
മുബീൻ നിസ്സഹായ അവസ്ഥയിലാണ്. അദ്ദേഹം പറഞ്ഞാൽ മനാഫ് കേൾക്കില്ല. എല്ലാവരുടെയും സഹായത്തോടെയാണ് അർജുനെ കണ്ടെത്തിയത്. ഇപ്പോൾ യുട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. വേണ്ടാത്ത കാര്യത്തിനു ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിയെ പോയി കണ്ടു. ഞങ്ങളുടെ ഭാരം ഒഴിച്ചു വെക്കാൻ ആണ് ഈ വാർത്താ സമ്മേളനം. വിമർശിക്കുന്നവർ വിമർശിച്ചോളു. ഇനി ഒരിക്കലും മാധ്യമങ്ങളെ കാണില്ലെന്നും അര്‍ജുന്‍റെ കുടുംബം പറഞ്ഞു.റഞ്ഞു.
by liji HP News | Oct 2, 2024 | Latest News, കേരളം
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാരിനെതിരായ ആരോപണങ്ങളില്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘത്തിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയേക്കുമെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നത്.
മുഖ്യമന്ത്രി നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിക്കുകയാണ്. ബന്ധപ്പെട്ട ആളുകളുടെ മൊഴി രേഖപ്പെടുത്തുന്നതുള്‍പ്പെടെയുള്ള അവസാനഘട്ട ജോലികളിലാണ് അന്വേഷണ സംഘം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എഡിജിപിയുടെ ദേശീയ നേതാക്കളെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ആര്‍എസ്എസ് നേതാക്കളുടെ മൊഴി അന്വേഷണ സംഘം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, വിവാദ യോഗങ്ങളെപ്പറ്റി റിപ്പോര്‍ട്ടിലുണ്ടാകും.
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റണമെന്ന മുറവിളികള്‍ക്കിടയില്‍ ഇതേപ്പറ്റി ആഭ്യന്തര വകുപ്പ് ആലോചനകള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. എഡിജിപിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായയ്ക്ക് ഹാനികരമാകുമെന്ന ആശങ്ക പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചതായിട്ടാണ് സൂചന. അജിത് കുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഐയും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

Recent Comments