വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ

വിവാദങ്ങൾ കത്തി നിൽക്കെ പുതിയ പാർട്ടി പ്രഖ്യാപനവുമായി പി വി അൻവർ

മലപ്പുറം: എല്‍ഡിഎഫുമായി അകന്ന നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ പോകുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടി വേണമെന്നും വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മത്സരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ ഉണ്ടാവും.യുവാക്കള്‍ അടക്കം പുതിയ ടീം വരും.എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാകും. മഞ്ചേരിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് പൊതുയോഗം സംഘടിപ്പിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

അതിനിടെ, ഹിന്ദു ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം തെറ്റാണെങ്കില്‍ തിരുത്താന്‍ എന്തിനാണ് 32 മണിക്കൂര്‍ കാത്തിരുന്നതെന്ന് പി വി അന്‍വര്‍ ചോദിച്ചു. ആ തിരുത്ത് ഒട്ടും ആത്മാര്‍ത്ഥത ഉള്ളതല്ല. മുഖ്യമന്ത്രി നേരത്തെ തന്നെ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിലുള്ളത്. അത് വിവാദമായതോടെ പത്രമിറങ്ങി രണ്ടാം ദിവസം 32 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് തിരുത്തല്‍ നാടകം കളിച്ചത്. ഇതൊക്കെ നാടകമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അന്‍വര്‍ പറഞ്ഞു.

തിരുത്തല്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ പത്രം രാവിലെ കേരളത്തില്‍ ഇറങ്ങിയ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വാര്‍ത്താക്കുറിപ്പ് ഇറക്കണമായിരുന്നു. അതുണ്ടായില്ല. ഒരു രക്ഷയുമില്ലാതായപ്പോഴാണ് ഈ പറയുന്ന നാടകം ഉണ്ടായത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിക്കുന്നതെന്നും കള്ളക്കടത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി ഇതിനുമുമ്പും പറഞ്ഞിട്ടുണ്ട്. ഈ പണം ദേശദ്രോഹപ്രവര്‍ത്തനത്തിന് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്റെ സ്ഥിരമായി അഭിപ്രായമാണിത്. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡല്‍ഹിയില്‍ വെച്ച് ഇന്റര്‍വ്യൂ കൊടുത്തത്. ബിജെപി ഓഫീസിലും ആര്‍എസ്എസ് കേന്ദ്രത്തിലും അത് ചര്‍ച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്റെ റെക്കോര്‍ഡ് പുറത്ത് വിടാന്‍ പി വി അന്‍വര്‍ വെല്ലുവിളിച്ചു.

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ

ഇന്ന് ഗാന്ധിജയന്തി; ദേശീയ തലത്തിൽ വിപുലമായ ആഘോഷപരിപാടികൾ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് രാജ്യം. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ദേശീയ തലത്തിൽ നടക്കുക. ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർ ഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി തുടങ്ങിയ നേതാക്കൾ, രാജ്ഘട്ടിലെത്തി ആദരം അർപ്പിക്കും.രാജ്ഘട്ടിലും, ഗാന്ധി സ്മൃതിയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും.

ഗാന്ധിജിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ എല്ലാം പത്യേക ആഘോഷങ്ങളും നടക്കും. സത്യഗ്രഹം സമരമാർഗമാക്കി. അഹിംസയിൽ അടിയുറച്ചു വിശ്വസിച്ചു. ഗാന്ധിജിക്ക് ജീവിതം നിരന്തര സത്യാന്വേഷണത്തിനുള്ള യാത്രയായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാൻ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തിൽ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂർണമായും ഉൾക്കൊണ്ടു.ചമ്പാരൻ സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. 1930ലെ ദണ്ഡി മാർച്ചിന് നേതൃത്വം നൽകി. നിയമലംഘന പ്രസ്ഥാനത്തിലൂടെ സ്വാതന്ത്രസമരത്തെ കൂടുതൽ സജീവമാക്കി. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന പല അനാചാരങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചു. പുതിയ ലോകബോധവും ചിന്തയും ഉണ്ടാകുന്നതിന് അനുസരിച്ച് ഗാന്ധി സ്വയം പുതുക്കി.

ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും സ്വാതന്ത്ര്യം നേടുകയെന്ന ലക്ഷ്യത്തോടെ ദേശീയ സ്വാതന്ത്രസമര പ്രസ്ഥാനത്തെ മുന്നിൽ നിന്ന് നയിച്ചു.സ്വാതന്ത്ര്യാനന്തരം വിഭജനവും അതിന്റെ ഭാഗമായുള്ള വർഗിയ കലാപങ്ങളും രാജ്യത്ത് പടരുമ്പോൾ തെരുവുകൾ തോറും സമാധാനത്തിന്റെ ദൂതുമായി അലഞ്ഞ് ഇന്ത്യയെ ശാന്തമാക്കിയ ഗാന്ധി വിഭജനത്തിന്റെ മുറിവുകൾക്ക് ഔഷധമായി കൂടി പ്രവർത്തിച്ചു. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രസക്തി കൂടിവരുന്ന കാലത്താണ് ഒരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

കൊടുമുടി തിരിച്ചുപിടിച്ച് സ്വര്‍ണവില; വീണ്ടും പവന് 56,800 രൂപ

കൊടുമുടി തിരിച്ചുപിടിച്ച് സ്വര്‍ണവില; വീണ്ടും പവന് 56,800 രൂപ

കൊച്ചി: മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വര്‍ണവില തിരിച്ചുകയറി വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയത്. 27ന് റെക്കോര്‍ഡ് ഇട്ടശേഷമുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.

കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയ ശേഷം കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കഴിഞ്ഞദിവസം ഇടിഞ്ഞത്.

മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല, വാക്കുകളെ വർഗീയമായി വളച്ചൊടിച്ചു: എം ബി രാജേഷ്

മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല, വാക്കുകളെ വർഗീയമായി വളച്ചൊടിച്ചു: എം ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുകയാണ്. മലപ്പുറത്തെ കളങ്കപ്പെടുത്താൻ നടന്ന ശ്രമങ്ങളെ എല്ലാക്കാലത്തും വളരെ നെഞ്ചുറപ്പോടെ നേരിട്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിന് എക്കാലവും നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മന്ത്രി രാജേഷ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് കള്ളക്കടത്ത് വൻതോതിൽ നടക്കുന്നതിനെക്കുറിച്ചാണ്. ആ കള്ളക്കടത്ത് സ്വർണം ഏതു കാര്യത്തിന് ഉപയോ​ഗിക്കുന്നു എന്നതിനെക്കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അല്ലാതെ ഏതെങ്കിലും ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല. അത് ബോധപൂർവം വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണ്. ഇപ്പോൾ ഈ തിരക്കഥ എവിടെ നിന്നും വന്നു എന്ന് വ്യക്തമാണ്. കള്ളക്കടത്തിനെയാണ് മുഖ്യമന്ത്രി എതിർത്തതെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി. കള്ളക്കടത്തിനെ എതിർക്കുമ്പോൾ, അത് ഏതെങ്കിലും ഒരു ജില്ലയുടെ മുകളിൽ കൊണ്ടുപോയി ചാരുമ്പോൾ, ആ ചാരുന്നവരാണ് അവരുടെ സങ്കുചിത താൽപ്പര്യത്തിന് വേണ്ടി ജില്ലയെ അപമാനിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രി ഏതെങ്കിലും ഒരു ജില്ലയെക്കുറിച്ചല്ല പറഞ്ഞത് എന്നും എംബി രാജേഷ് വിശദീകരിച്ചു. അൻവറിനെ സി പി എം ഒരുകാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ല. പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാൽ മാധ്യമങ്ങൾ തലയിൽ ചുമന്ന് നടക്കുമെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ​ഷാളിന് തീ പിടിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ​ഷാളിന് തീ പിടിച്ചു

പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തീ അണച്ചു. ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് ​ഗവർണർ എത്തിയത്.

ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ​ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സമീപത്ത് കത്തിച്ചു വെച്ച നിലവിളക്കിൽ നിന്ന് ​ഗവർണറുടെ കഴുത്തിൽ കിടന്ന ഷാളിലേക്ക് തീ പടർന്നത്. എന്നാൽ ​ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ​ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ​തുടർന്ന് ​ഗവർണർ തന്നെ ഷാളൂരി മാറ്റുകയും സുരക്ഷാ ഉദ്യോ​ഗസ്ഥർ തീ അണയ്ക്കുകയും ചെയ്തു.