വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാ നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി

ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി

കോഴിക്കോട്: ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് പിവി അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ റദ്ദാക്കി. കടുത്ത തൊണ്ടവേദനയെ തുടർന്ന് സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ പി വി അൻവർ തന്നെയാണ് ഈ വിവരം അറിയിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പൊതുയോഗങ്ങളാണ് റദ്ദാക്കിയത്‌.

ഇന്ന് അരീക്കോടും നാളെ മഞ്ചേരിയിലും നടത്താനിരുന്ന യോഗങ്ങളാണ് മാറ്റിയത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയാണ് യോഗങ്ങള്‍ മാറ്റിയതെന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ അൻവർ പറഞ്ഞു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് എംഎൽഎ ക്ഷമാപണം നടത്തി. വരും ദിവസങ്ങളിലെ യോ​ഗത്തേക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുമെന്നും അൻവർ വ്യക്തമാക്കി.

ഇന്നലെ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് അൻവർ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായാണ് പി വി അൻവർ രം​ഗത്ത് എത്തിയത്. മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കത്തിവെക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് പി വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രി ആർ എസ്എസുമായും രാജ്യത്തെ ഭീകരവാദികളുമായും ചേർന്ന് ഒരു സമൂഹത്തെയാകെ അപരവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നും അൻവർ തുറന്നടിച്ചു.

ബലാത്സംഗ കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

ബലാത്സംഗ കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിയെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് സംഘം കൊച്ചിയില്‍ എത്തിയത്. നിവിന്‍ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു.

നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്. 2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വെച്ച് അതിക്രമം നടന്നെന്നായിരുന്നു യുവതിയുടെ പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. സെക്ഷന്‍ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മാതാവ് എ കെ സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

എന്നാല്‍ യുവതി പീഡനം ആരോപിച്ച തീയതികളില്‍ നിവിന്‍ പോളി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പിന്നീട് പുറത്ത് വന്നിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്‍ച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകന്‍ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണയും രംഗത്തെത്തിയിരുന്നു.

ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം, അലാറം അടിച്ചതോടെ കള്ളന്‍ ഓടിരക്ഷപ്പെട്ടു

ആലപ്പുഴയിലും എടിഎം കവര്‍ച്ചാശ്രമം, അലാറം അടിച്ചതോടെ കള്ളന്‍ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എടിഎം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

തൃശൂരിലെ എടിഎം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. എസ്ബിഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധരാത്രിയോടെയാണ് കള്ളന്‍ എത്തിയത്. കവര്‍ച്ചാശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.അലാറം അടിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. കണ്‍ട്രോള്‍ റൂമാണ് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ അടക്കം എത്തി തെളിവ് ശേഖരം നടത്തി.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. 56,800 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 7050 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. 57000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

സംസ്ഥാനത്ത് ചരക്ക് ലോറികൾ പണിമുടക്കും

സംസ്ഥാനത്ത് ചരക്ക് ലോറികൾ പണിമുടക്കും

സംസ്ഥാനത്ത് ചരക്കു ലോറികൾ പണിമുടക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച ഒക്ടോബർ നാലിനാണ് 24 മണിക്കൂർ സമരം.ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. ഓൺലൈൻ കേസുകൾ എടുത്ത് ലോറി ഉടമകളെ ദ്രോഹിക്കുന്നുവെന്ന ആരോപണമാ ണ് അവർ പ്രധാനമായും ഉയർത്തുന്നത്.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ടാക്സ് ഇടാക്കുന്നു,ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്ത് വിശ്രമിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഇല്ല, ഇഎസ്ഐ , പി എഫ് പദ്ധതികൾ ഡ്രൈവർമാർക്ക് നടപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന സമരം.ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ പൂർണ്ണമായും ചരക്ക് നീക്കം സ്തംഭിപ്പിക്കുമെന്ന് സംഘടന
ഭാരവാഹികൾ തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ചെയർമാൻ ഡോ. ജി. ആർ ഷൺമുഗപ്പ ,വൈസ് ചെയർമാൻ കെ.ടി ഷെമീർ,ഓൾ കേരള ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. ജെ സ്റ്റാലിൻ,എ.ടി ജോൺസൺ, ഷെബീർ, ശശികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.