കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെ എൽ ഡി എഫ് അംഗങ്ങൾ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

കരവാരം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെ എൽ ഡി എഫ് അംഗങ്ങൾ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

എൽ.ഡി.എഫ് അംഗങ്ങളായ ലോകേഷ്, ആർ, സജീർ എസ്സ്. ഫാൻസി വി , കെ.ബേബി ഗിരിജ, ദീപ്തി മോഹൻ, വിജി.വി, ദീപ റ്റി , എന്നിവരാണ് നോട്ടീസ് നൽകിയതു്.
അഴിമതി. വികസന ഫണ്ട് ചെലവഴിക്കാതെ നഷ്ടപ്പെടുത്തൽ, മേൽ തട്ടു പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തൽ, പഞ്ചായത്തിന്റെ അനിവാര്യ ചുമതലകളായ മാർക്കറ്റുകൾ, കടത്തുകൾ അടച്ചുപൂട്ടൽ, കുടുംബശ്രീ പ്രവർത്തനത്തെ തടസ്സപ്പെടുത്തൽ തുടങ്ങി ഒട്ടനവധി ജനവിരുദ്ധ വികസന വിരുദ്ധ നടപടികൾ സ്വീകരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലിനെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പഞ്ചായത്തിൽ എൽ.ഡി.എഫ് -7
ബി.ജെ.പി-7
കോൺഗ്രസ് – 2
എസ്.സി.പി.ഐ -2 എന്നതാണ് കക്ഷി നില.
എൽ.ഡി.എഫ് -ൽ
സി.പി.ഐ (എം) -5
സി.പി.ഐ – 1
ജനതാദൾ – 1
15 ദിവസത്തിനകം അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ കമ്മിറ്റി കൂടും. തിരുവനന്തപുരം ജില്ലയിൽബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം. രണ്ടു മാസം മുൻപു രണ്ടു ബി.ജെ.പി അംഗങ്ങൾ രാജി വച്ച ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റും എൽ.ഡി.എഫ് ബി.ജെ.പിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. അവിശ്വാസം പാസ്സായാൽ ബി.ജെ.പിയുടെ ജില്ലയിലെ ഏക പഞ്ചായത്തും നഷ്ടപ്പെടും.

സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു; ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞു; ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. രണ്ടാഴ്ചത്തേക്കാണ് സംരക്ഷണം. സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യേപക്ഷയില്‍, പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണ് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നടിയും സര്‍ക്കാരും സത്യവാങ്മൂലം നല്‍കണം. സിദ്ദിഖിന്റെ ഹര്‍ജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.

മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സിദ്ദിഖ് സിനിമാ രംഗത്തെ പ്രമുഖന്‍ ആണെന്നും താരങ്ങളുടെ സംഘടനയില്‍ നേതൃസ്ഥാനത്തുള്ളയാളാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും പരിഗണിക്കും.

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; ബാലചന്ദ്രമേനോനെതിരെ പരാതി

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; ബാലചന്ദ്രമേനോനെതിരെ പരാതി

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് എതിരെ ലൈംഗിക പീഡന പരാതി. നേരത്തെ മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. 2007ല്‍ ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അതിനിടെ, ബാലചന്ദ്രമേനോനെതിരെ നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലചന്ദ്രമേനോന്റെ പരാതിയില്‍ കൊച്ചി സൈബര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയില്‍ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമായിരുന്നു പരാതിയില്‍.

ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ നടന്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് നടിയുടെ അഭിഭാഷകനാണെന്നും പരാതിയിലുണ്ട്.

കഴിഞ്ഞ സെപ്തംബര്‍ 13 ാം തിയതി തനിക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. അഡ്വ.സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ തനിക്കെതിരെ വരുന്നു എന്നായിരുന്നു ഫോണ്‍കോളില്‍ പറഞ്ഞിരുന്നത്. ആ ഫോണ്‍ കോള്‍ കട്ട് ചെയ്തു.

അടുത്ത ദിവസം മണിയന്‍പിള്ള രാജുവിനെതിരെയും പരാതി നല്‍കിയ ഈ നടി സമൂഹ മാധ്യമങ്ങളിലടക്കം കമിങ് സൂണ്‍ എന്ന് പറഞ്ഞു കൊണ്ട് പോസ്റ്റിട്ടു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേറ്റ് പിടിച്ച് തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും ബാലചന്ദ്രമേനോന്റെ പരാതിയിലുണ്ട്. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ പറയുന്നു. ദേ, ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടിയെ പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടന്‍ ജയസൂര്യക്കെതിരെയുള്ള ലൈംഗികാരോപണവും ഇതേ സിനിമയുടെ സെറ്റിലായിരുന്നു.

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബര്‍ എട്ടിന് നടക്കുന്ന ദേശീയ വാര്‍ഡ് ദാന ചടങ്ങില്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്‍ ചക്രവര്‍ത്തിയെ (74) അടുത്തിടെയാണ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചത്.

എട്ടുമാസം വൈകിച്ചു, ഇനി അതിവേ​ഗം നടപടി; കക്കാടംപൊയിലെ പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും

എട്ടുമാസം വൈകിച്ചു, ഇനി അതിവേ​ഗം നടപടി; കക്കാടംപൊയിലെ പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും

മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ തുറന്ന പോരിന് ഇറങ്ങിയ പി വി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി വി ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.

കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. തടയണ പൊളിക്കാൻ എട്ട് മാസം മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.

അതിനിടെ പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി വി അന്‍വര്‍ നേരത്തെ ആരോപിച്ചത്.

രണ്ട് ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല; ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണി വരെ, നാളെയും മറ്റന്നാളും അവധി

രണ്ട് ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല; ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണി വരെ, നാളെയും മറ്റന്നാളും അവധി

കൊച്ചി: കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. എല്ലാ വര്‍ഷവും ഗാന്ധി ജയന്തിക്കും മദ്യഷോപ്പുകള്‍ക്ക് അവധിയാണ്.

അടുപ്പിച്ച് രണ്ട് ​ദിവസം അവധിയായതിനാൽ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ തിരക്ക് കൂടാനുള്ള സാധ്യതയുമേറെയാണ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്കോ മദ്യവിൽപ്പന ശാലകൾ ഏഴ് മണിയ്ക്ക് അടയ്ക്കുന്നത്.

ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർ‌ത്തിക്കും. അവധി ദിനങ്ങൾ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയിൽ വില്പന നടക്കാനുള്ള സാധ്യത കൂടുതലായതിനാൽ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്സൈസും

ഓണക്കാലത്തും മദ്യ വില്പനയിൽ വർധന രേഖപ്പെടുത്തിയിരുന്നു. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണിൽ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ 9 കോടി രൂപയുടെ അധിക നേട്ടമാണുണ്ടായത്.