കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞു

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 3600 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെ 1,12,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,11,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ 1360 രൂപയാണ് കുറഞ്ഞത്. രണ്ടുദിവസത്തിനിടെ 3600 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ്.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. എണ്ണവില വര്‍ധന പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ അമേരിക്ക പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ചോദ്യവും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം; സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തണം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് കേരളം. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതി ഇന്നലെ അണക്കെട്ടില്‍ ആദ്യഘട്ട പരിശോധന നടത്തിയിരുന്നു. എന്നാല്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന വേണമെന്നാണ് കേരളം ആവശ്യപ്പെടുക. വിദഗ്ധ സമിതിയുടെ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിക്കുക.

കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. അണക്കെട്ടില്‍ കൂടുതല്‍ പരിശോധന വേണമോയെന്നത് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സമിതി അധ്യക്ഷന്‍ ബല്‍രാജ് സൂചിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും ബല്‍രാജ് അറിയിച്ചു.

ഇന്നലെ അണക്കെട്ടിലെത്തിയ വിദഗ്ധ സംഘം, പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍ വേ എന്നിവിടങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി. പ്രധാന അണക്കെട്ടില്‍ നടത്തിയ അറ്റകുറ്റപ്പണികള്‍, ഗാലറിയില്‍ സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത, സ്വീപ്പേജ് വെള്ളത്തിന്റെ അളവ്, സ്പില്‍വേ ഷട്ടറുകള്‍ തുടങ്ങിയവയെല്ലാം വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പ്രതിനിധി.

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

ബേക്കലിൽ വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; 30-ലധികം റഫ്രിജറേറ്ററുകൾ കത്തിനശിച്ചു

കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു. ലോറിയിലുണ്ടായിരുന്ന അമ്പതോളം വലിയ റഫ്രിജറേറ്ററുകളിൽ മുപ്പതിലധികവും പൂർണ്ണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്ന് കർണാടകയിലെ ഉടുപ്പിയിലേക്ക് റഫ്രിജറേറ്ററുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ബേക്കൽ മേൽപ്പാലം അറ്റകുറ്റപ്പണികളുടെ ഭാഗമായി തീരദേശ സംസ്ഥാന പാതയിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഗതാഗതം തിരിച്ചുവിട്ടിരുന്നു. തുടർന്ന് കണക്ഷൻ റോഡായ പാലക്കുന്ന്–മൗവ്വൽ വഴി പള്ളിക്കര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് മൗവ്വലിൽ വെച്ച് കൂറ്റൻ കണ്ടെയ്നർ റോഡിന് കുറുകെയുണ്ടായിരുന്ന വൈദ്യുതി ലൈനിൽ തട്ടിയത്.വൈദ്യുതി പ്രവഹിച്ച് ലോറിക്ക് ഉടൻ തീപ്പിടിക്കുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവറും ക്ലീനറും വണ്ടി നിർത്തി പുറത്തേക്ക് ചാടിയതിനാൽ ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ മണ്ണുമാന്തി യന്ത്രത്തിന്റെ (ജെസിബി) സഹായത്തോടെ കണ്ടെയ്നറിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉള്ളിൽ കത്തുന്ന നിലയിലായിരുന്ന റഫ്രിജറേറ്റർ ബോക്സുകൾ ഓരോന്നായി പുറത്തേക്ക് വലിച്ചിട്ട് തുടർച്ചയായി വെള്ളം ചീറ്റിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഒന്നര മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായി അണയ്ക്കാനായത്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുഹമ്മദ് ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

കടുത്ത രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഷഫീഖിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക മരണം ഉണ്ടാകുന്നത്. മലപ്പുറം അഥവനാട് പഞ്ചായത്തിലെ ചെലൂര്‍ ഭരണികുളത്തില്‍ കുളിച്ചതില്‍ നിന്നാകാം അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രാഥമിക നിഗമനം.

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ സ്വന്തം ക്രിയേറ്റീവ് ടീമിലൂടെ കൈയടി നേടുമ്പോഴും, ജനങ്ങളിലേക്കുള്ള സ്വാധീനവും സ്വീകാര്യതയും ഇനിയും വിപുലീകരിക്കാൻ സ്വകാര്യ ഏജൻസികളുടെ പ്രൊഫഷണൽ പിന്തുണ തേടാൻ കേരള പൊലീസ് ഒരുങ്ങുന്നു. നിലവിൽ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 20 ലക്ഷത്തിലധികം (രണ്ട് മില്യൺ) ഫോളോവേഴ്സുള്ള കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ, വൻകിട കണ്ടന്റ് ക്രിയേറ്റർമാരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള സർഗ്ഗാത്മകവും വൈറലുമായ പോസ്റ്റുകളിലൂടെയാണ് ശ്രദ്ധേയമായത്. സമൂഹമാധ്യമങ്ങളിൽ ഇത്രയേറെ സ്വാധീനം ഉണ്ടായിരിക്കെത്തന്നെയാണ് കൂടുതൽ കൃത്യതയാർന്ന മീഡിയ സ്ട്രാറ്റജി, പൊതുജന ക്യാംപയിനുകൾ, നൂതന കണ്ടന്റ് നിർമ്മാണം എന്നിവയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാൻ പൊലീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ആദ്യപടിയായി യോഗ്യരായ ഏജന്‍സികളില്‍ നിന്ന് പൊലീസ് താല്‍പ്പര്യപത്രം ക്ഷണിച്ചു. ബ്രാന്‍ഡിങ്, പിആര്‍ എന്നിവയ്ക്കായി പൊലീസ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടുന്നത് ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. പൊലീസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് പുറമേ, ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പൊലീസ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് ഔട്ട്‌റീച്ച് പ്രോഗ്രാം(ഐസിപിഒപി) പ്രകാരമാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ ഐസിപിഒപി പ്രകാരം ഫണ്ട് അനുവദിച്ചിട്ടുണ്ട്, ഇത് പദ്ധതിക്കായി വിനിയോഗിക്കും. ഇതൊരു വലിയ പദ്ധതിയാണ്, പൊലീസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ക്യാംപയിന്‍ മികച്ച രീതിയില്‍ നടക്കുന്നതിനിടെ പുതിയ നീക്കം.

നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായവരില്‍ കൊല്ലം സ്വദേശിനിയും; പ്രാര്‍ഥനയോടെ കുടുംബം

നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായവരില്‍ കൊല്ലം സ്വദേശിനിയും; പ്രാര്‍ഥനയോടെ കുടുംബം

കൊല്ലം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പരവൂര്‍ കോങ്ങല്‍ സ്വദേശി സുനന്ദ മണിരാജനെയാണ് കാണാതായത്. സുനന്ദയും കുടുംബവും ലണ്ടനില്‍ സ്ഥിരതാമസക്കാരായിരുന്നു. കൈലാസ മാനസസരോവര്‍ തീര്‍ഥയാത്രയ്ക്ക് പോയതായിരുന്നു സുനന്ദ മണിരാജന്‍.

കഴിഞ്ഞ മാസം 25 നാണ് അവസാനമായി സുനന്ദ വിളിച്ചത്. ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയ സുനന്ദയെ പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറയുന്നു. പിന്നീട് ട്രാവല്‍ ഏജന്റിനെ വിളിച്ചപ്പോഴാണ് സംഭവം പറഞ്ഞത്. തുടര്‍ന്ന് മിസ്സിങ് പരാതി നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. നോര്‍ക്ക, വിദേശകാര്യമന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി എന്നിവയെ വിവരം അറിയിച്ചിട്ടുണ്ട്.

സുനന്ദയുടെ മക്കള്‍ രണ്ടുപേരും യുകെയിലാണ്. ഇവര്‍ ബ്രിട്ടീഷ് എംബസി വഴി ട്രൈ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഘത്തിലെ 17 പേരും ഒപ്പമുണ്ടായിരുന്ന 5 ഗൈഡുകളെക്കുറിച്ചും വിവരമില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 22-ാം തീയതിയാണ് സുനന്ദ ലണ്ടനില്‍ നിന്നും ഡല്‍ഹിയിലെത്തുന്നത്. അവിടെ നിന്നും വിമാനമാര്‍ഗം കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്നു.

കൊല്ലം പരവൂര്‍ സ്വദേശിനിയായ സുനന്ദ കുടുംബത്തോടെ യുകെയില്‍ താമസിച്ചു വരികയായിരുന്നു. യുകെ പൗരത്വവുമുണ്ട്. യുകെയില്‍ ഒരു എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്നു. സുനന്ദയെ കാണാതായതില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കാഠ്മണ്ഡുവിന് പുറമേ, ചൈനീസ് എംബസികള്‍ അടക്കമുള്ളവയുമായും ബന്ധപ്പെട്ടു വരികയാണ്.