by Midhun HP News | Jul 2, 2026 | Latest News, കേരളം
തട്ടിക്കൊണ്ടു പോകാന്‍ വന്ന കഞ്ചാവ് സോമനേയും ബാറ്ററി സൈമണേയും കരാട്ടെ കൊണ്ട് നേരിട്ട റേച്ചലിനെ മലയാളി മറക്കില്ല. ആട് സിനിമയിലെ ഷാജി പാപ്പന്റെ ചേട്ടന്‍ മകളായ, റേ്ച്ചലായി എത്തി കയ്യടി നേടിയത് ആതിര പട്ടേലാണ്. പാപ്പന്റെ റേച്ചല്‍ കൊച്ച് ഇതാ വിവാഹിതയാകാന്‍ പോകുന്നു. ആതിരയുടെ അമ്മ ഹേനയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
രസകരമായൊരു കുറിപ്പിലൂടെയാണ് അമ്മ മകളുടെ കല്യാണക്കാര്യം അറിയിച്ചത്. പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് വരും. വിവാഹം നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും അമ്മ പങ്കുവച്ചിട്ടുണ്ട്. അമ്മ കുറിപ്പിലേക്ക്:
‘അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോ ന്ന് ആലോചിക്കുന്നുണ്ട്..” ഇന്ദൂന്റെ മോള്‍ടെ കല്യാണത്തലേന്നത്തെ ഫങ്ഷന് പോകുന്ന വഴിയാണ് പാപ്പു ബോംബ് പൊട്ടിച്ചത്.. എന്റെ കിളി പോയി. റിലേഷന്‍ഷിപ്പിലാണ് എന്നറിയാമായിരുന്നു. അത് അത്യാവശ്യം നന്നായി പോകുന്നുണ്ട് എന്നും അറിയാമായിരുന്നു. പക്ഷേ, ആളെ ഞങ്ങള്‍ പരിചയപ്പെട്ടിട്ടില്ല.. കണ്ടിട്ടുണ്ട്.. ചിന്തു എന്ന് വിളിക്കുന്ന ആനന്ദ് ആണെന്ന് അറിയാം….
എങ്ങനെയുള്ള ആളാണെന്നറിയില്ല. വീട്ടുകാരെങ്ങനെ എന്നറിയില്ല.. ഒരു ഡീറ്റൈല്‍സും അറിയില്ല. അതൊക്കെ പോട്ടെ.. ഇത്രേം കാലം കല്യാണം വേണ്ട.. താല്പര്യമില്ല.. എന്നും പറഞ്ഞോണ്ടിരുന്ന പാപ്പൂന്റെ മനസ്സെങ്ങനെ മാറി എന്ന് മനസ്സിലാവുന്നുമില്ല. എന്റെ കണ്‍ഫ്യൂഷന്‍ അവള്‍ക്ക് കറക്ടായി മനസ്സിലായി. ”പേടിക്കണ്ട. നല്ലപോലെ ആലോചിച്ചിട്ടുതന്നെയാ.. എന്റെ idea of companionship ഉം അവന്റെ idea of marriage ഉം ഒന്നാണ്.. I am still against the typical marriage institution.. അവന്റെ കൂടെയുള്ള ലൈഫ് അങ്ങനെ ആവില്ല എന്ന് അവന്‍ ഉറപ്പുതന്നിട്ടുണ്ട്..”
”എന്നാല്‍ ഓക്കെ.. ‘
‘എല്ലാം നല്ലപടി പോയാല്‍ അടുത്ത ഡിസംബറില്‍ കല്യാണം ആവാം..”
തിരിച്ചുവരാന്‍ തുടങ്ങിയ എന്റെ കിളികള്‍ വീണ്ടും പറന്നുപോയി.. ബാക്കിയുണ്ടായിരുന്ന കുഞ്ഞിക്കിളികളും കൂടെ പോയി..
”ഡിസംബറോ? എന്തിനാ അത്രയും നേരത്തേ?”
”അവന്റെ ചേട്ടന്‍ അപ്പോ ജര്‍മനീന്ന് വരും. അവര്‍ക്കും പങ്കെടുക്കാനാ..”
”എന്നാലും അത് വല്ലാതെ നേരത്തെയായില്ലേ?”
”കൊറച്ച്… പക്ഷേ നിവൃത്തിയില്ല.. ‘
‘ഉം..”
”അവനെയും വീട്ടുകാരെയും പരിചയപ്പെടുമ്പോ അമ്മേടെ ടെന്‍ഷനൊക്കെ മാറിക്കോളും..”
”ഉം…”
പിന്നെ അങ്ങോട്ട് പാറിപ്പറക്കുന്ന കിളികളുമായി രണ്ടുമൂന്ന് ദിവസം.. അതുകഴിഞ്ഞ് ഓക്കെ ആയി.. പിന്നെ അവള്‍ ഏട്ടനോട് പറഞ്ഞു… ഏട്ടന്‍ വളരെ കൂളായിരുന്നു..
അച്ചൂന് കാര്യങ്ങള്‍ മുമ്പേ അറിയാമായിരുന്നു. പക്ഷേ ഡിസംബറില്‍ കല്യാണം എന്ന് കേട്ടപ്പോള്‍ അവന്‍ അവിശ്വാസമോ വിസമ്മതമോ ടെന്‍ഷനോ ഒക്കെയുള്ള മുഖഭാവവുമായി എന്റെയടുത്തു വന്നു..
”ഡിസംബര്‍ എന്നു പറഞ്ഞാല്‍, ഒരു കൊല്ലമേയുള്ളൂ..”
”അറിയാം”
”too soon.. too soon..’
‘സാരമില്ലെടാ. നമുക്ക് നോക്കാം..”
ഒരു ദിവസം ചിന്തു വീട്ടില്‍ വന്നു.. അതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിച്ചിട്ടില്ലായിരുന്നു.. അന്ന് ഊണുകഴിക്കുമ്പോള്‍ ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ടു.. വളരെ വ്യക്തമായ കാഴ്ചപ്പാടുകളുള്ള, വ്യക്തിയാണ് എന്നത് മനസ്സിലാക്കി. പിന്നെ അമ്മ, കുട്ടന്‍, ഗീതു… അങ്ങനെ ഓരോരുത്തരോടായി കാര്യം പറഞ്ഞു.. അമ്മ വിശ്വസിച്ചതേയില്ല.. അവള്‍ തമാശ പറയുകയാണെന്നാ കരുതിയത്. ഒടുവില്‍ ചിന്തുവിനെ മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തി. അപ്പോഴാണ് അമ്മക്ക് വിശ്വാസം വന്നത്.. എന്നിട്ടൊരു ചോദ്യം അവനോട്..
”നല്ലോണം ആലോചിച്ചിട്ടാണല്ലോ അല്ലേ?” ന്ന്..
”അതെ” എന്ന് അവന്‍..
ഇതേ ചോദ്യം അവന്‍ പലരില്‍നിന്നും കേട്ടു.. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഉറച്ചസ്വരത്തില്‍ അവന്‍ പറഞ്ഞു..
”എനിക്ക് എന്നെ വിശ്വാസമാണ്.. ‘
അത് വളരെ ആഴമുള്ള വാചകമാണ്.. അതിനേക്കാള്‍ വലിയ ഉറപ്പൊന്നും ഞങ്ങള്‍ക്ക് ആവശ്യമില്ലായിരുന്നു..
പിന്നെ അവന്റെ അമ്മയെയും അച്ഛനെയും കണ്ടു.. കുറേക്കാലം കഴിഞ്ഞു കാണുന്ന ഏതോ ബന്ധുക്കളെ കാണുന്ന പോലെ കലപില വര്‍ത്താനം പറഞ്ഞു..
അവരുടെ വീട്ടില്‍ ഞങ്ങള്‍ പോയി..
അവര്‍ ഇങ്ങോട്ട് വന്നു..
ഫുഡടിച്ച് പാട്ടൊക്കെ പാടി ഏതാണ്ട് ഓണത്തിന് ഞങ്ങള്‍ കൂടുന്നതിന്റെ ഒരു വിപുലീകരിച്ച വെര്‍ഷന്‍ പോലെ ആയിരുന്നു ആ വിസിറ്റുകള്‍. അവരുടെ വീട്ടുകാര്‍ അത്യാവശ്യം religious ആണെന്ന് കേട്ടപ്പോള്‍ ഒരു ടെന്‍ഷനുണ്ടായിരുന്നു. ഞങ്ങള്‍ അതല്ല.. പാപ്പു ഒട്ടുമല്ല.. അത് എങ്ങനെ അഡ്ജസ്റ്റ് ആവുമെന്ന ടെന്‍ഷന്‍. ഭൂരിപക്ഷം ആള്‍ക്കാരും റിലീജിയസ്സായ സമൂഹത്തില്‍ നോണ്‍ റിലീജിയസ് ആള്‍ക്കാരുടെ ജീവിതം മൊത്തം അഡ്ജസ്റ്റ്‌മെന്റ് ആണെങ്കിലും, അത് എല്ലാവരും പ്രതീക്ഷിക്കുന്നതാണല്ലോ.. റിലീജിയസ് ആള്‍ക്കാര്‍ പൊതുവെ അത്ര ഫ്‌ലെക്‌സിബിളാവുന്നത് പലപ്പോഴും കുറവായതിനാല്‍ അത്തരക്കാരെ കാണുന്നത് വളരെ സന്തോഷമാണ്.. ചിന്തുവിന്റെ വീട്ടുകാര്‍ അങ്ങനെ ആണ്..
”നമ്മള് വളര്‍ന്ന പോലെ അല്ലല്ലോ ഇപ്പോ… കുട്ടികളുടെ ഇഷ്ടം എന്താച്ചാ ആയിക്കോട്ടെ..” എന്നും പറഞ്ഞ് പാപ്പൂന്റെ ഇഷ്ടങ്ങള്‍ പരിഗണിക്കുന്നത് കാണുമ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം.. അവള്‍ അവരോട് സംസാരിക്കുന്നതോ പെരുമാറുന്നതോ കാണുമ്പോള്‍ ആദ്യമൊക്കെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ ആ കാര്യത്തില്‍ അവള്‍ ക്ലിയറായിരുന്നു. ”ഞാന്‍ എന്താണോ അതുതന്നെയേ അവരുടെ മുന്നില്‍ പ്രെസെന്റ് ചെയ്യാന്‍ വിചാരിച്ചിട്ടുള്ളൂ.. അല്ലാതെ കല്യാണം കഴിയാന്‍ വേണ്ടി അഭിനയിക്കാന്‍ എന്നെ കിട്ടില്ല.. എന്റെ പ്ലസ്സും മൈനസും എല്ലാം അറിഞ്ഞിട്ട് അവരെന്നെ സ്വീകരിച്ചാല്‍ മതി.. എനിക്ക് എന്റെ വീട്ടില്‍ നില്ക്കുന്ന പോലെ ഫ്രീയായി അവിടെ പെരുമാറാന്‍ പറ്റണം.. അതിന് ഞാന്‍ ഞാനായിരിക്കണം.. അതവര്‍ക്ക് മനസ്സിലാക്കാനും പറ്റണം..”
അവള്‍ പറഞ്ഞതാണ് ശരിയെന്ന് തോന്നി.. ഇനിയിപ്പോ അവളുടെ സ്വഭാവങ്ങളെല്ലാം മനസ്സിലായിക്കിയിട്ട് ഇത് ശരിയാവില്ല എന്ന് അവര്‍ പറഞ്ഞാലും അത് നല്ലതിനാണ്.. കല്യാണം കഴിഞ്ഞിട്ടുണ്ടാവുന്ന പ്രശ്‌നങ്ങളേക്കാള്‍ നല്ലതാണല്ലോ. പക്ഷേ അവിടെയും അവരെന്നെ അമ്പരപ്പിച്ചു.. അവളെന്താണോ അങ്ങനെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായി.. ഇഷ്ടപ്പെടാത്തതുണ്ടെങ്കില്‍ തുറന്നുപറയുമെന്നും വഴക്കുകൂടുമെന്നും, എന്നാലും അവളെ മാറ്റിയെടുക്കാന്‍ ശ്രമിക്കില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. എന്തിനധികം പറയുന്നു… ഈ കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങളതങ്ങ് ഒഫീഷ്യലാക്കി.
വീട്ടില്‍ വെച്ചു നടന്ന ചെറുതാക്കണമെന്ന് ആഗ്രഹിച്ച് അത്ര ചെറുതല്ലാതെ നടന്ന പരിപാടിയില്‍വെച്ച് കുട്ടികളും അച്ഛനമ്മമാരും ഒപ്പിട്ട് കാര്യങ്ങള്‍ ഉറപ്പിച്ചു. (ചിന്തു, വീട്ടുകാര് എന്നൊക്കെ പറഞ്ഞേ ഉള്ളൂ ല്ലേ.. പേര് പറയാന്‍ വിട്ടു.പാലക്കാട് പട്ടഞ്ചേരിയിലാണ് വീട്. ചിന്തു എന്ന ആനന്ദ് – ഇപ്പോ കൊച്ചിയില്‍ ഒരു സ്കിന്‍ കെയർ ബ്രാന്‍റിന്റെ ഡിജിറ്റല്‍ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റായി വര്‍ക്ക് ചെയ്യുന്നു.. അമ്മ സുമതി മ്യൂസിക് ടീച്ചറായിരുന്നു. അച്ഛന്‍ മുരളീധരന്‍ നേവിയിലായിരുന്നു. ചേട്ടന്‍ വിനീത്, ഭാര്യ മേഘ്‌ന – രണ്ടുപേരും ജര്‍മ്മനിയിലാണ്. പിള്ളേരടെ കയ്യും കാലും പിടിച്ച് കിട്ടിയ കുറച്ച് ഫോട്ടോസ് ചേര്‍ക്കുന്നു. കല്യാണം ആവുമ്പോഴേക്കും മുഴുവന്‍ ഫോട്ടോസും കാണാന്‍ പറ്റുമായിരിക്കും. എന്നാ ശരി.. ഈ അമ്മായിയമ്മ ടു ബി പോയിട്ട് വരാം.

by Midhun HP News | Jul 2, 2026 | Latest News, കേരളം
കൊല്ലം: ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ് നടത്തിയതായി പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കല്‍ സ്വദേശി സജീവിന്റെയും ഭാര്യയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ് കേസ്. ഇയാൾ ഇത്തരത്തിൽ 19,000 രൂപ കൈവശപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
പരാതിക്കാരനായ സജീവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ്. സജീവ് മരണപ്പെട്ടെന്നും, മരണാനന്തര ചടങ്ങുകള്‍ക്ക് പണം വേണമെന്നും നിസാം ഫോണില്‍ ശബ്ദ സന്ദേശം അയച്ചു. ചിലരോട് ഫോണ്‍ വിളിച്ചും പണം ആവശ്യപ്പെട്ടിരുന്നതായി പരാതിയില്‍ പറയുന്നു.
കേസില്‍ ഒന്നാം പ്രതി നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ പണപ്പിരിവ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ അസുഖബാധിതനായ സജീവിന്റെ ചികിത്സയ്ക്കാണ് പണം പിരിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

by Midhun HP News | Jul 2, 2026 | Latest News, കേരളം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളുടെ സമഗ്ര വികസനത്തിനും ജനകീയ പങ്കാളിത്തത്തിനും പുതിയ തുടക്കം കുറിച്ച് സര്‍ക്കാര്‍. ഡിപ്പോകളുടെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കല്‍, ശുചിത്വം, പൊതുസൗകര്യങ്ങള്‍, കാന്റീന്‍ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ ഉയര്‍ത്തുന്നതിനായി എല്ലാ ഡിപ്പോകളിലും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി (Transport Management Committee – TMC) രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കരട് ബൈലോ/നിയമാവലി ഉള്‍പ്പെടുത്തിയ പ്രൊപ്പോസല്‍ കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ച് കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ നോമിനേറ്റ് ചെയ്യുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും, അതുസംബന്ധിച്ച വ്യവസ്ഥ ബൈലോയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയോടെ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അനുമതിയും നിയമാവലിക്കുള്ള അംഗീകാരവും നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രാദേശിക എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ഈ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പ്രാദേശിക ലോകസഭാംഗം അല്ലെങ്കില്‍ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷന്‍ ( പഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ മേയര്‍) ഡിപ്പോ സ്ഥിതിചെയ്യുന്ന വാര്‍ഡ് മെമ്പര്‍, നിയമസഭയില്‍ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സി എം ഡി നാമനിര്‍ദ്ദേശം ചെയ്യുന്ന കെഎസ്ആര്‍ടിസിയുടെ ഒരു ഉദ്യോഗസ്ഥന്‍, എന്നിവര്‍ അംഗങ്ങളായിരിക്കും. എംഎല്‍എയുടെ അഭാവത്തില്‍ തദ്ദേശസ്ഥാപന അധ്യക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസര്‍ ആയിരിക്കും കണ്‍വീനര്‍.
ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂള്‍ ബാങ്കില്‍ കണ്‍വീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരില്‍ അക്കൗണ്ട് തുറക്കും. പണമായോ ഫര്‍ണിച്ചര്‍ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകള്‍, സ്‌പോണ്‍സര്‍ഷിപ്പ്, സിഎസ്ആര്‍ തുക എന്നിവ സ്വീകരിക്കും. കോര്‍പ്പറേഷന്‍ സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളില്‍ നിര്‍മ്മാണ / അറ്റകുറ്റപ്പണികള്‍ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുകയും വേണം. ഈ കമ്മിറ്റികള്‍ കുറഞ്ഞത് മൂന്നുമാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്.
ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. യാത്രക്കാരുടെ ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരിഗണിക്കുന്നതിനും ഡിപ്പോകളിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും വിവിധ മേഖലകളിലെ പ്രതിനിധികളെ ഏകോപിപ്പിക്കുന്ന ഒരു പൊതുവേദിയായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക.
ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റിയിലൂടെ ഡിപ്പോകളുടെ ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ശുചിമുറികള്‍, കുടിവെള്ള സൗകര്യങ്ങള്‍, യാത്രക്കാരുടെ സൗഹൃദ സംവിധാനങ്ങള്‍, കാന്റീന്‍ സേവനങ്ങളുടെ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യും. കൂടാതെ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വ്യാപാര സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കി ഡിപ്പോ വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കാനും കമ്മിറ്റി ലക്ഷ്യമിടുന്നു.
സ്‌പോണ്‍സര്‍ഷിപ്പ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR) പദ്ധതികള്‍, പൊതുജന സംഭാവനകള്‍, മറ്റ് നിയമാനുസൃത ധനസമാഹരണ മാര്‍ഗങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി ഡിപ്പോകളുടെ വികസനത്തിനാവശ്യമായ അധിക വിഭവങ്ങള്‍ സമാഹരിക്കുന്നതിനുമായും കമ്മിറ്റി പ്രവര്‍ത്തിക്കും. ഇതുവഴി സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് പുറമെ സമൂഹത്തിന്റെ പിന്തുണയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.
ഡിപ്പോ അടിസ്ഥാനത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയും കാര്യക്ഷമതയും കൈവരിക്കുന്നതിനൊപ്പം, യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനാനുഭവം ഒരുക്കുന്നതിനും കെ.എസ്.ആര്‍.ടി.സിയും പൊതുസമൂഹവും തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിര്‍ണായകമായ ചുവടുവയ്പ്പാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോണ്‍ അറിയിച്ചു.

by Midhun HP News | Jul 2, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ തീവ്രമഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കേരള – ലക്ഷദീപ് തീരങ്ങളില്‍ ശനിയാഴ്ച വരെയും കര്‍ണാടക തീരത്ത് ഞായര്‍ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

by Midhun HP News | Jul 2, 2026 | Latest News, കേരളം
പകരം വെക്കാനില്ലാത്ത നടനാണ് സലിം കുമാര്‍ എന്ന് പൃഥ്വിരാജ്. സലിം കുമാര്‍ അവലൈബിള്‍ അല്ലാതെ വന്നതു കൊണ്ട് മാത്രം ഉപേക്ഷിക്കേണ്ടി വന്ന കഥാപാത്രങ്ങളുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സലിം കുമാറിനൊപ്പം നിരവധി സിനിമകള്‍ ചെയ്യാന്‍ സാധിച്ചത് തന്റെ കരിയറിലെ പ്രവിലേജായി കാണുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
‘പകരം വെക്കാനില്ലാത്ത നടനാണ്. കഥാപാത്രമായി ഒരു താരത്തെ മനസില്‍ കണ്ട ശേഷം അവര്‍ ഇല്ലെന്ന് മനസിലാകുമ്പോള്‍ ഒന്നെങ്കില്‍ ആ കഥാപാത്രത്തെ ഉപേക്ഷിക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. അത്തരത്തിലൊരു നടനാണ് അദ്ദേഹം. മുമ്പത്തേത് പോലെ അദ്ദേഹം ആക്ടീവല്ലാതെ വന്നപ്പോള്‍ പല സിനിമകളില്‍ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അദ്ദേഹം ഇല്ലെങ്കില്‍ പിന്നെ സംഭവിക്കുക ആ കഥാപാത്രത്തിന്റെ കോംപ്രമൈസ്ഡ് വേര്‍ഷന്‍ ആയിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പകരംവെക്കാനില്ലാത്ത നടന്‍. സലിം കുമാറിനൊരു പകരക്കാരനെ കണ്ടെത്താനാകില്ല” പൃഥ്വിരാജ് പറയുന്നു.
”ഞാന്‍ പരിചയപ്പെട്ടതില്‍ വളരെ ഇന്ററസ്റ്റിങ് ആയ വ്യക്തികളിലൊരാളാണ് അദ്ദേഹം. എല്ലായിപ്പോഴും അദ്ദേഹം അദ്ദേഹമായിരുന്നു. ആരോടാണെങ്കിലും, എവിടെയാണെങ്കിലും തന്റെ അഭിപ്രായം തുറന്നു പറയുമായിരുന്നു. അസാമാന്യ അറിവുണ്ടായിരുന്നു. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, നാടകം എല്ലാം അറിയാം. വളരെ നന്നായി വായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ആ വശം എല്ലാവര്‍ക്കും അറിയുമോ എന്നറിയില്ല. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നത് എന്റെ പ്രിവിലേജാണ്” അദ്ദേഹം പറയുന്നു. ദേശീയ അവാര്‍ഡിലൂടെയാണ് താനടക്കമുള്ളവര്‍ സലിം കുമാറിലെ നടനെ തിരിച്ചറിയുന്നതെന്ന് അവതാരകന്‍ പറയുമ്പോള്‍ അദ്ദേഹത്തെ തിരുത്തുന്നുണ്ട് പൃഥ്വിരാജ്.
”കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളുകളില്‍ നിന്നും ആഴമുള്ള സങ്കീര്‍ണമായ കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച നടനാണ് സംലിം കുമാര്‍ എന്ന് കേരളം തിരിച്ചറിയുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. ഞാനും ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. സലിം കുമാറിനെ സീരിയസ് നടനായി ആദ്യം അവതരിപ്പിക്കുന്നത് ആ ചിത്രത്തിലൂടെയാണ്. അദ്ദേഹത്തിലെ നടന്റെ ആഴവും ഗാംഭീര്യവും ആ സിനിമയിലൂടെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വിടവ് ഒരിക്കലും നികത്താന്‍ പറ്റാത്തതാണ്” എന്നും പൃഥ്വിരാജ് പറയുന്നു.

by Midhun HP News | Jul 2, 2026 | Latest News, കേരളം
ആറ്റിങ്ങൽ: വീരളം ലക്ഷ്മി ഭവനിൽ (വി.വി.എം.ആർ.എ:36) പരേതനായ പി.ആർ സുകുമാരപിള്ളയുടെ (ലക്ഷ്മി ടെക്സ്റ്റെയീൽസ്) സഹധർമ്മിണി എൽ.എം ശാന്ത (86) അന്തരിച്ചു.
മക്കൾ: എസ് ലേഖ, എസ് രാജേഷ് റാവു, പരേതരായ ബാബു റാവു (റിട്ടയേർഡ് ബാങ്ക് മാനോജർ, സിൻഡിക്കേറ്റ് ബാങ്ക്), മോഹൻ റാവു.
മരുമക്കൾ: ആർ അനിത, ബി തങ്കമണി, കെ.കെ വേണു (റിട്ടയേർഡ് ഡയറക്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ, കേരളായൂണിവേഴ്സിറ്റി) പി.വി ശാന്തി .
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30 മണിക്ക്.
Recent Comments