പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

പരിയാരം: പതിനൊന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിരമിച്ച സബ് ഇൻസ്‌പെക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൾ സ്വദേശിയായ ഗോപിനാഥൻ (62) നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

പ്രതിയുടെ അയൽപക്കത്ത് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം ഭയന്നുപോയ കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയും, രക്ഷിതാക്കൾ ഉടൻ തന്നെ പരിയാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വൈദ്യപരിശോധന ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പരിയാരം പൊലീസ് അറിയിച്ചു.

ഓൺലൈൻ വഴി ചിത്രം പ്രചരിപ്പിച്ച് അനാശാസ്യ പ്രവർത്തനം; യുവതികളടക്കം 12 ബംഗ്ലാദേശികൾ ബംഗളൂരുവിൽ പിടിയിൽ

ഓൺലൈൻ വഴി ചിത്രം പ്രചരിപ്പിച്ച് അനാശാസ്യ പ്രവർത്തനം; യുവതികളടക്കം 12 ബംഗ്ലാദേശികൾ ബംഗളൂരുവിൽ പിടിയിൽ

ബം​ഗളൂരു: യുവതികളെ ഉപയോഗിച്ച് അനാശാസ്യപ്രവർത്തനം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പത്ത് യുവതികളടക്കം 12 ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ. ബം​ഗളൂരുവിൽ നിയമവിരുദ്ധമായി താമസിച്ചുവന്നവരാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന്റെ പിടിയിലായത്.

സംഘത്തിലുണ്ടായിരുന്ന സുഹാഗ് മൻസൂർ അലി(29), മുകുൾ(32) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ബാനസവാടി, ഹെന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പരിശോധന നടത്തിയത്. രണ്ടുമാസം മുൻപ് പശ്ചിമബംഗാൾ അതിർത്തി വഴിയാണ് 12 പേരും ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു.

യുവതികളുടെ ചിത്രം ഓൺലൈൻ വഴി പ്രചരിപ്പിച്ച് ആവശ്യക്കാരുമായി ബന്ധപ്പെട്ട് അനാശാസ്യപ്രവർത്തനത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതികളെ ബംഗളൂരുവിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍

ഉമ തോമസ് സഭയിലെ നല്ല അംഗങ്ങളില്‍ ഒരാള്‍; ഓളം വെട്ടി നടക്കരുതെന്ന് പറഞ്ഞത് അവരോട് അല്ല; വിശദീകരിച്ച് തിരുവഞ്ചൂര്‍

പത്തനംതിട്ട: നിയമസഭയ്ക്കകത്ത് ഗൗരവമായ ചര്‍ച്ച നടത്തുമ്പോള്‍ ഉല്ലാസ യാത്ര നടത്തുന്നപോലെ ഓളം വെട്ടിനടക്കരുതെന്ന് പറഞ്ഞത് എംഎല്‍എ ഉമാ തോമസിനോട് അല്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ട കാര്യമാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട എംഎല്‍എ അബിന്‍വര്‍ക്കിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.

‘ ഒരു കാര്യത്തില്‍ കൂടി വിശദീകരണം നല്‍കണമെന്ന് എനിക്കുണ്ട്. സഭയ്ക്ക് അകത്ത് ആളുകള്‍ അങ്ങോട്ടും നടക്കുന്നതിന് നിയന്ത്രണം ഉണ്ട്. നിയന്ത്രണത്തിന് വിരുദ്ധമായിട്ട് ചെയ്യാന്‍ സാധ്യമല്ല. ഉമാ തോമസിന്റെ പേര് കൂടി അതില്‍ കണക്ട് ചെയ്തതായിട്ട് താന്‍ കണ്ടു. സത്യം പറഞ്ഞാല്‍ ഉമ തോമസ് ഉമാതോമസിന്റെ സീറ്റില്‍ ഇരിക്കുകയാണ്. ഉമാ തോമസ് സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതിന്റെ മുന്നിലൂടെ നടന്നുപോയ ആളുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. അതുപക്ഷെ ചിലയാളുകള്‍ ഉമാ തോമസിനെ ഫോക്കസ് ചെയ്യാനായി ശ്രമിച്ചു. അതൊട്ടും ശരിയായില്ല. ഏറ്റവും നല്ല അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസ് എന്നത് എനിക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്’ – സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ തോമസിന് താക്കീതു നല്‍കി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘ശ്രീമതി ഉമ തോമസ്, ഒന്ന് പറഞ്ഞോട്ടെ..’നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുത്. പലതവണ ഇതു ഞാന്‍ പറഞ്ഞതാണ്. ഇനിയും എന്നേക്കൊണ്ട് പറയിക്കരുത്…’ എന്ന വാചകത്തോടെ സഭയില്‍ ഉമ തോമസ് സംസാരിക്കുമ്പോഴുള്ള ചിത്രത്തോടൊപ്പമായിരു പ്രചാരണം.

ഉമ തോമസ് സംസാരിക്കവെ സ്പീക്കര്‍ ഇടപെട്ട് അവരോട് ഒരു നിമിഷം അവശ്യപ്പെടുന്നു. ഉമ പ്രസംഗിച്ചുകൊണ്ടിരിക്കെ ചില എംഎല്‍എമാര്‍ സഭയ്ക്കകത്തുകൂടെ ഇറങ്ങി നടക്കുന്നുണ്ടായിരുന്നു. സ്പീക്കര്‍ അവരെയാണ് കര്‍ശന സ്വരത്തില്‍ താക്കീത് ചെയ്തത്. ”സഭ ഗൗരവകരമായി മുമ്പോട്ട് പോകുമ്പോള്‍, സഭയ്ക്കകത്ത് ഉല്ലാസയാത്ര നടത്തുന്നതുപോലെ, സഭയുടെ നടവിലൂടെ ഓളംവെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം പറഞ്ഞതാണ്. ഇനി പറയാന്‍ ഇടയാക്കരുത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കണ്ണൂര്‍ നിയമസഭാംഗം ടി.ഒ. മോഹനനന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, നിലമ്പൂര്‍ എംഎല്‍എയായ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പലപ്പോഴായി സീറ്റില്‍നിന്നും എഴുന്നേറ്റ് നടക്കുന്ന സമയത്താണ് ‘നിങ്ങള്‍ ഉല്ലാസയാത്രയ്ക്ക് വന്നതല്ല, സഭയിലൂടെ ഓളം വെട്ടി നടക്കരുതെന്ന്’ തിരുവഞ്ചൂര്‍ പറഞ്ഞത്.

പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

പാലക്കാട് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്

പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസാണ് ഇയാൾക്കെതിരെ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ അതിക്രമം നടന്നതിനാൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം സ്കൂളിൽ പാഠപുസ്തകം വാങ്ങാനായി എത്തിയതായിരുന്നു വിദ്യാർത്ഥി. ഈ സമയം കുട്ടിയെ തനിയെ ക്ലാസ് മുറിയിലെത്തിച്ച് പ്രധാനാധ്യാപകൻ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.

അഞ്ചാം ക്ലാസിലും സമാന അനുഭവം; മൊഴി രേഖപ്പെടുത്തി

പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് അധ്യാപകന്റെ മുൻകാല അതിക്രമങ്ങളെക്കുറിച്ചും പുറത്തുവന്നത്. താൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഈ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ വളരെ മോശം പെരുമാറ്റവും അതിക്രമവും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കുത്തനെ കൂടി അരമണിക്കൂറിൽ വീണ്ടും ഇടിഞ്ഞ് സ്വർണവില

കുത്തനെ കൂടി അരമണിക്കൂറിൽ വീണ്ടും ഇടിഞ്ഞ് സ്വർണവില

രാവിലെ കുത്തനെ കൂടിയ സ്വർണവിലയിൽ അരമണിക്കൂറിന് ശേഷം കുറഞ്ഞു. രാവിലെ 9.28ന് പവന് 1,680 രൂപ കൂടി 1,06,000 രൂപയാണ് വില രേഖപ്പെടുത്തിയത്. എന്നാൽ, 10 മണിയോടെ ഈ വില തിരുത്തി. പവന് 1,120 രൂപ കൂടി 1,05,440 രൂപയാണ് പുതുക്കിയ വില. ഗ്രാമിന് 140 രൂപ കൂടി 13,180 രൂപയായി. നേരത്തെ ഗ്രാമിന് 210 രൂപ കൂടി 13,250 ആയിരുന്നു. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില.

ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ​ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ നീക്കം

നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കാൻ നീക്കം

ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കും. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാനാണ് നീക്കം.

സ്വകാര്യബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ സമയത്തിൽ അഞ്ചുമുതൽ പത്ത് മിനിറ്റുവരെ മാറ്റംവരുത്താനാണ് തീരുമാനം. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം.

വരുമാനം പരമാവധി ഉയർത്താനുള്ള നിർദേശപ്രകാരം തയാറാക്കിയ ഷെഡ്യൂളുകളാണ് ഇപ്പോഴുമുള്ളത്. ചില പാതകളിൽ യാത്രക്കാരെ കിട്ടാൻ സ്വകാര്യബസുകളുമായി മത്സരിച്ച് ഓടിയിരുന്നു. റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യബസുകാരുമായി തർക്കിച്ച് കൂടുതൽ യാത്രക്കാരെ കിട്ടുന്ന സമയവും സ്വന്തമാക്കിയിട്ടുണ്ട്. യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിക്കുന്ന പ്രവണതയുമുണ്ടായിരുന്നു. പരമാവധി വരുമാനമുണ്ടാക്കണമെന്ന സമ്മർദമാണ് ഡിപ്പോ മേധാവികളെ ഇതിലേക്ക് നയിച്ചത്.

സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോഴും ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. ചില പാതകളിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓർഡിനറികൾ ഉള്ളതായും പരാതിയുണ്ട്. അതേസമയം, മറ്റുചില റൂട്ടുകളിൽ സൗജന്യയാത്ര പരിമിതമാണ്. സർക്കാർ നൽകുന്ന സൗജന്യയാത്രയുടെ ഗുണം കൂടുതൽ ബസുകളുള്ള തെക്കൻ ജില്ലകളിൽപോലും എല്ലാ റൂട്ടുകളിലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തിലെ 320 സിറ്റി ഫാസ്റ്റുകളും ചില റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഓടുന്നത്. അതേസമയം, മറ്റുചില പാതകളിൽ പൂർണമായും പ്രിയദർശിനി ബസുകൾ മാത്രമാണുള്ളത്.

സ്വകാര്യബസുകാരുമായി റൂട്ട് പങ്കിടുന്ന മേഖലകളിൽ പ്രിയദർശിനി പദ്ധതി ആരംഭിച്ചശേഷം സ്വകാര്യബസുകാരുടെ വരുമാനത്തിൽ പ്രതിദിനം 1500 മുതൽ 2000 രൂപയുടെ വരെ കുറവുണ്ടാകുന്നുവെന്ന് മന്ത്രി സി.പി ജോൺ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നികുതിയിൽ 50 ശതമാനം ഇളവ് നൽകിയെങ്കിലും ഇത്രയും നഷ്ടംസഹിച്ച് പിടിച്ച് നിൽക്കാൻ സ്വകാര്യബസുകൾക്ക് കഴിയില്ല.

പത്ത് വർഷത്തിന് മുമ്പ് 24,000 സ്വകാര്യബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവയുടെ എണ്ണം 8000-ൽ താഴെയാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിൻമാറുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ നയത്തിന് കടുത്ത തിരിച്ചടിയാകുമെന്ന സൂചന വിവിധ കോണുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ റൂട്ട് പുനഃക്രമീകരിക്കാൻ ആലോചിക്കുന്നത്. പദ്ധതിയുടെ അവലോകനത്തിന്റെ ഭാഗമായിട്ടാകും ഇത് നടപ്പാക്കുക.

പ്രിയദർശിനി പദ്ധതിയിൽ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായതിന്റെ നേട്ടവും കെ.എസ്.ആർ.ടി.സി.ക്കാണ്. ടിക്കറ്റ് തുക സർക്കാർ നൽകുന്നതിനാൽ വരുമാനത്തിലും വർധനവുണ്ട്.