സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി

സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹങ്ങൾ കണ്ടെത്തി

വയനാട്: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

അതേസമയം, ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി പതിനൊന്നാം ദിവസമായി ഇന്ന് പ്രദേശത്ത് ജനകീയ തെരച്ചിലാണ് നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് ഇന്ന് നടത്തുന്നത്. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽനിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്.

അതിനിടെ, വയനാട്ടിൽ എന്‍ഡിആര്‍എഫ് തെരച്ചിൽ തുടരുമെന്നും എത്ര ദിവസം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും എന്‍ഡിആര്‍എഫ് മേധാവി പിയൂഷ് ആനന്ദ് ഐപിഎസ് അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രദേശവാസികളെ ഉൾപ്പെടുത്തി രക്ഷാദൗത്യം തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷം ഒഴിവാക്കി

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷം ഒഴിവാക്കി

വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

‘സാർ, ഞങ്ങൾ സ്കൂളിൽ പോകുവാ, ഫ്യൂസ് ഊരരുത്’: ലൈൻമാന് കത്തെഴുതിവച്ച് പെണ്‍കുട്ടികൾ

‘സാർ, ഞങ്ങൾ സ്കൂളിൽ പോകുവാ, ഫ്യൂസ് ഊരരുത്’: ലൈൻമാന് കത്തെഴുതിവച്ച് പെണ്‍കുട്ടികൾ

പത്തനംതിട്ട: വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനാൽ കണക്ഷൻ വിച്ഛേദിക്കാനാണ് ലൈൻമാൻ ബിനീഷ് എത്തിയത്. വീട്ടിൽ ആരും ഇല്ലായിരുന്നു. വൈദ്യുതി വിച്ഛേദിക്കാൻ മീറ്ററിന് അടുത്തേക്ക് എത്തിയ ബിനീഷിന്റെ കണ്ണിൽ പതിഞ്ഞത് ഒരു കത്തിലായിരുന്നു. ഫ്യൂസ് ഊരരുത് എന്ന അഭ്യർത്ഥനയായിരുന്നു അതിൽ. കത്ത് വൈറലായതോടെ പുറത്തുവന്നത് അനിലിന്റേയും രണ്ട് പെൺമക്കളുടേയും ദുരിത ജീവിതമാണ്.

‘സാർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’- എന്നാണ് എഴുതിയിരുന്നത്. കത്തിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ അനിലാണ് ഫോൺ എടുത്തത്. ബിൽ തുകയായ 500 രൂപ അവിടെ വച്ചിട്ടുണ്ടെന്ന് പറഞ്ഞു. ബിൽതുക വരവുവച്ച് വൈദ്യുതി വിച്ഛേദിക്കാതെയാണ് ബിനീഷ് മടങ്ങിയത്. തുടർന്ന് ബിനീഷ് തന്നെയാണ് കത്തിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കോഴഞ്ചേരി ചെറുകോൽ പഞ്ചായത്തിൽ അരീക്കലാണ് അനിലും രണ്ട് മക്കളും താമസിക്കുന്നത്. തയ്യൽക്കടയാണ് അനിലിന്. എന്നാൽ അതിൽനിന്ന് കാര്യമായ വരുമാനമില്ല. ഏഴാം ക്ലാസിലും പ്ലസ്​വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ് അനിലിനുള്ളത്. ബില്ലടയ്ക്കാൻ പണമില്ലാതെ വരുമ്പോൾ വൈദ്യുതി വിച്ഛേദിക്കുന്നതിനാൽ‌, പലപ്പോഴും ദിവസങ്ങളോളം ഇരുട്ടത്ത് കഴിയേണ്ടിവരും. അതിനാലാണ് കുറിപ്പ് എഴുതി വച്ചത് എന്നാണ് കുട്ടികൾ പറയുന്നത്.

നാലു വർഷമായി പത്തനംതിട്ട കോഴഞ്ചേരി സബ്ഡിവിഷനിലെ ലൈൻമാനാണ് ബിനീഷ്. സാമ്പത്തികപ്രശ്നം മൂലം പലപ്പോഴും വൈദ്യുതി ബിൽ അടയ്ക്കാനാവാത്തയാളാണ് അനിൽ എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് പണം കിട്ടുമ്പോൾ അവർ അടയ്ക്കുകയാണ് പതിവ്. വളരെ ശോചനീയാവസ്ഥയിലാണ് ആ വീട്. വീടിന് വാതിൽ ഇല്ലെന്നും ഷാളുപയോഗിച്ചാണ് മുറി മറച്ചിരിക്കുന്നതെന്നും ബിനീഷ് പറയുന്നു. സംഭവം ചർച്ചയായതോടെ നിരവധി പേരാണ് സഹായ വാ​ഗ്ദാനങ്ങളുമായി എത്തുന്നത്. കുട്ടികളുടെ അഞ്ചു വർഷത്തെ പഠനച്ചെലവും വീടിന്റെ രണ്ടു വർഷത്തെ വൈദ്യുതി ബിൽ തുകയും ഏറ്റെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചിട്ടുണ്ട്.

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം അനന്തപുരിയിൽ

കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം അനന്തപുരിയിൽ

തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈൻ മിറക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ആഗസ്റ്റ് 23 ന് ലുലുമാളിന് സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനത്ത് ആരംഭിക്കും. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നു.

ഇതിനായുള്ള കൂറ്റൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം വേൾഡ് മാർക്കറ്റ് മൈതാനത്ത് നടന്നു. കലാ ട്രസ്റ്റിയും മുൻ വനിതാ കമ്മീഷൻ അംഗവുമായ ഇ എം രാധ, തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ, ജോ. സെക്രട്ടറി നിസാർ മുഹമ്മദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ സുബ്രഹ്മണി, വി.വി. വിനോദ് , ജയമോഹൻ, എ ടു ഇസഡ് ഇവൻ്റ്സ് മാനേജിംഗ് ഡയറക്ടർ എ കെ നായർ, വേൾഡ് മാർക്കറ്റ് സെക്രട്ടറി ഷാജി ആർ, രാജീവ്, ഇവൻ്റ് ഡയറക്ടർ സുബാഷ് അഞ്ചൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദേശത്ത് നിന്നിറക്കുമതി ചെയ്ത ടണലുപയോഗിച്ചാണ് കരയില്‍ കടല്‍ ഒരുക്കിയിരിക്കുന്നത്.

ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൊമ്പന്മാര്‍ മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ അണിനിരക്കുന്ന കാഴ്ചവിരുന്നാണ് മേള. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്‍റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങള്‍ നീരാടുന്ന കാഴ്ചാനുഭവം ഹൃദ്യമാണ്. മറൈന്‍ മിറക്കിൾസ് ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയം നഗരത്തിന് പുത്തൻ വിസ്മയ കാഴ്ച സമ്മാനിക്കും.

മേളയോടനുബന്ധിച്ച് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള അപൂർവ പ്രദർശനവുമുണ്ട്. വ്യത്യസ്തങ്ങളായ സെൽഫി പോയിൻ്റുകൾ ഈ പരിപാടിയുടെ പ്രത്യേകതയാണ്.

ഇതോടൊപ്പം ഓണം എക്സ്പോയുമുണ്ട്.

ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫർണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല്‍ ഓഫർ മേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫർണിച്ചറുകൾക്ക് 50 ശതമാനം ഡിസ്കൗണ്ട് നല്കുന്നു. കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോര്‍ട്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അമ്യൂസ്മെന്‍റ് റൈഡുകളും സജ്ജമാണ്. 40 ദിവസം നീളുന്ന ഈ മഹാമേള ഒക്ടോബർ 2 ന് സമാപിക്കും. A 2 Z എൻ്റർടെയ്ൻസ്മെൻ്റ് സിൻ്റെ സഹകരണത്തോടെ ഒരുക്കുന്ന ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം പ്രസ് ക്ലബുമായി ബന്ധപ്പെടുക.
ഫോൺ: 9446175938

നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണു, തിരച്ചിൽ

നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനി കായലിൽ വീണു, തിരച്ചിൽ

കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ കായലിൽ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. രാവിലെ 6.30 ഓടെയായിരുന്നു സംഭവം. കായലിൽ സ്കൂബ സംഘവും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. ചെറു വള്ളങ്ങളിൽ നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം മാസങ്ങളായി നെട്ടൂരിൽ താമസിക്കുകയാണ്. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.

പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ രാഹുലും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഗാര്‍ഹികപീഡന പരാതിയില്‍ പന്തീരാങ്കാവ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

എറണാകുളം വടക്കേക്കര സ്വദേശിയാണ് യുവതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം വീട്ടുകാര്‍ പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മകളെ കാണാനെത്തിയപ്പോള്‍ മര്‍ദനമേറ്റ് അവശനിലയില്‍ കാണുകയാരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതോടെ രാഹുല്‍ ഒളിവില്‍ പോയി. രാഹുല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസില്‍ മൊഴിയും നല്‍കി. ആഴ്ചകള്‍ക്ക് ശേഷം രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നും യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പറയുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാണാനാലില്ലെന്ന് പിതാവും പരാതി നല്‍കി. കുടുംബപ്രശ്‌നം പറഞ്ഞു പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

ഭര്‍ത്താവിനെതിരെ പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലവും നല്‍കി. എന്നാല്‍, യുവതി മൊഴി മാറ്റിയത് ഭീഷണിയെ തുടര്‍ന്നാകാമെന്നും ഒരുമിച്ച് താമസിച്ചാല്‍ വീണ്ടും രാഹുല്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.