പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം: ഹൈക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചു.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ രാഹുലും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഗാര്‍ഹികപീഡന പരാതിയില്‍ പന്തീരാങ്കാവ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

എറണാകുളം വടക്കേക്കര സ്വദേശിയാണ് യുവതി. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം വീട്ടുകാര്‍ പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ മകളെ കാണാനെത്തിയപ്പോള്‍ മര്‍ദനമേറ്റ് അവശനിലയില്‍ കാണുകയാരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതോടെ രാഹുല്‍ ഒളിവില്‍ പോയി. രാഹുല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസില്‍ മൊഴിയും നല്‍കി. ആഴ്ചകള്‍ക്ക് ശേഷം രാഹുല്‍ മര്‍ദിച്ചിട്ടില്ലെന്നും സമ്മര്‍ദം മൂലം പറഞ്ഞതാണെന്നും യുവതി സാമൂഹികമാധ്യമങ്ങളിലൂടെ പറയുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാണാനാലില്ലെന്ന് പിതാവും പരാതി നല്‍കി. കുടുംബപ്രശ്‌നം പറഞ്ഞു പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

ഭര്‍ത്താവിനെതിരെ പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലവും നല്‍കി. എന്നാല്‍, യുവതി മൊഴി മാറ്റിയത് ഭീഷണിയെ തുടര്‍ന്നാകാമെന്നും ഒരുമിച്ച് താമസിച്ചാല്‍ വീണ്ടും രാഹുല്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

80 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 534 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PK 395751 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PH 385276 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിൻറെ വെബ്സൈറ്റ് ആയ http://www.keralalotteries.comൽ ഫലം അറിയാൻ കഴിയും.

ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കിൽ ബാങ്കിൽ ഏൽപ്പിക്കേണ്ടതുണ്ട്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

വയനാട് ഉരുള്‍പൊട്ടല്‍; സ്വമേധയാ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; നാളെ പരിഗണിക്കും

വയനാട് ഉരുള്‍പൊട്ടല്‍; സ്വമേധയാ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം; നാളെ പരിഗണിക്കും

കൊച്ചി: വയനാട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎം ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കും.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളില്‍ ഉള്‍പ്പെടും. വയനാട് ദുരന്തത്തിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാനുള്ള തീരുമാനം.

ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

തീപ്പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

തീപ്പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

തീപ്പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.
മുതുവിള ഇടത്തട്ട് സ്വദേശിനി സുമയാണ് (37) മരിച്ചത്. ഇന്നലെയാണ് സംഭവം. അകത്ത് നിന്നും അടച്ച മുറിക്കുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.ആത്മഹത്യയാണ് മരണകാരണം എന്നാണ് പൊലിസ് നൽകുന്ന വിവരം.പാങ്ങോട് പോലീസും ഫയർഫോഴ്സും എത്തിയാണ് യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോളിയോ ബാധയെ തുടർന്ന് കൈക്കും കാലിനും സ്വാധീനം കുറഞ്ഞ് അവശതയിലായിരുന്ന യുവതി അതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

വിനായകന്റെ മരണം; പൊലിസുകാര്‍ക്കെതിരെ അത്മഹ്യാപ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

വിനായകന്റെ മരണം; പൊലിസുകാര്‍ക്കെതിരെ അത്മഹ്യാപ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

തൃശൂര്‍: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വിഎ ഉല്ലാസ് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

ഒന്നാംപ്രതി സാജന്‍, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിനായകനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് പിടിച്ചുപറിക്കേസില്‍ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017 ജൂലൈ 17 നാണ് വിനായകനെ പിടിച്ചുപറിക്കുറ്റം ആരോപിച്ച് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ദളിത് സമുദായ മുന്നണിയുടെ തീരുമാനം. പ്രതികളായ പൊലീസിനെ സഹായിക്കുന്ന റിപ്പോര്‍ട്ടാണിതെന്നും അവര്‍ ആരോപിച്ചു.

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ജാഗ്രത നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.