തീപ്പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

തീപ്പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

തീപ്പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.
മുതുവിള ഇടത്തട്ട് സ്വദേശിനി സുമയാണ് (37) മരിച്ചത്. ഇന്നലെയാണ് സംഭവം. അകത്ത് നിന്നും അടച്ച മുറിക്കുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.ആത്മഹത്യയാണ് മരണകാരണം എന്നാണ് പൊലിസ് നൽകുന്ന വിവരം.പാങ്ങോട് പോലീസും ഫയർഫോഴ്സും എത്തിയാണ് യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പോളിയോ ബാധയെ തുടർന്ന് കൈക്കും കാലിനും സ്വാധീനം കുറഞ്ഞ് അവശതയിലായിരുന്ന യുവതി അതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

വിനായകന്റെ മരണം; പൊലിസുകാര്‍ക്കെതിരെ അത്മഹ്യാപ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

വിനായകന്റെ മരണം; പൊലിസുകാര്‍ക്കെതിരെ അത്മഹ്യാപ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

തൃശൂര്‍: എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ഡിവിഎസ്പി വിഎ ഉല്ലാസ് ആണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

ഒന്നാംപ്രതി സാജന്‍, രണ്ടാം പ്രതി ശ്രീജിത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്താന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിനായകനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചത് പിടിച്ചുപറിക്കേസില്‍ കുറ്റസമ്മതമൊഴി നേടിയെടുക്കുന്നതിനു വേണ്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അത് ആത്മഹത്യാ പ്രേരണയാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017 ജൂലൈ 17 നാണ് വിനായകനെ പിടിച്ചുപറിക്കുറ്റം ആരോപിച്ച് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂലൈ 18ന് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് ദളിത് സമുദായ മുന്നണിയുടെ തീരുമാനം. പ്രതികളായ പൊലീസിനെ സഹായിക്കുന്ന റിപ്പോര്‍ട്ടാണിതെന്നും അവര്‍ ആരോപിച്ചു.

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ശനിയാഴ്ച മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച അഞ്ചു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ വെള്ളിയാഴ്ച രാത്രി 11.30 വരെ 1.4 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ജാഗ്രത നിര്‍ദേശങ്ങള്‍:

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.

2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

ബംഗ്ലാദേശില്‍ ഇന്ത്യന്‍ വിസ കേന്ദ്രങ്ങള്‍ പൂട്ടി

ബംഗ്ലാദേശില്‍ ഇന്ത്യന്‍ വിസ കേന്ദ്രങ്ങള്‍ പൂട്ടി

ധാക്ക: ബംഗ്ലാദേശ് ആഭ്യന്തര കലാപത്തില്‍ ‘അസ്ഥിരമായ സാഹചര്യ’ത്തില്‍ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി അപേക്ഷകരെ എസ്എംഎസ് മുഖേന അറിയിക്കുമെന്നും അടുത്ത പ്രവൃത്തി ദിവസം പാസ്പോര്‍ട്ടുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വെബ്‌സൈറ്റില്‍ അറിയിച്ചു.

‘അസ്ഥിരമായ സാഹചര്യം കാരണം എല്ലാ ഇന്ത്യന്‍ വിസ അപേക്ഷാ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞ് കിടക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അടുത്ത തീയതി എസ്എംഎസ് വഴി അറിയിക്കും, അടുത്ത പ്രവൃത്തി ദിവസം പാസ്പോര്‍ട്ട് സ്വീകരിക്കാനും അഭ്യര്‍ത്ഥിക്കുന്നു,’ അധികൃതര്‍ നോട്ടീസില്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണം അനിശ്ചിതത്തിലായതിനെ തുടര്‍ന്ന് ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് 190 അത്യാവശമല്ലാത്ത ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.

അതേസമയം എല്ലാ നയതന്ത്രജ്ഞരും ബംഗ്ലാദേശില്‍ തുടരുകയാണെന്നും രക്ഷാ ദൗത്യങ്ങള്‍ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ധാക്കയിലെ ഹൈക്കമ്മീഷനെ കൂടാതെ, ചിറ്റഗോംഗ്, രാജ്ഷാഹി, ഖുല്‍ന, സില്‍ഹെത് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുണ്ട്.

വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് രക്ഷ നേടാം; പുതിയ സംവിധാനവുമായി ആര്‍ബിഐ

മുംബൈ: വ്യാജ ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് രൂപം നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. ഇതിലൂടെ അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ ഏതെല്ലാമാണ് എന്ന് ഉപഭോക്താവിന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഓരോ ദിവസവും നിരവധിപ്പേരാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ വീഴുന്നത്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് പുതിയ സംവിധാനം ഒരുക്കുന്നത്. ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് മേല്‍നോട്ടം വഹിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ലോണ്‍ ആപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും വിശദാംശങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണ് ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

പണവായ്പ നയ പ്രഖ്യാപനത്തിന് ശേഷമാണ് പുതിയ സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് ആര്‍ബിഐ വ്യക്തമാക്കിയത്. നിലവില്‍ വ്യാജ ലോണ്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അംഗീകൃത ലോണ്‍ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാ ബേസ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം. അംഗീകൃതവും വ്യാജവുമായ ലോണ്‍ ആപ്പുകള്‍ ഏതെല്ലാം ആണെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ചെക്ക് ക്ലിയറിങ് ഇനി ഞൊടിയിടയില്‍; സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

ചെക്ക് ക്ലിയറിങ് ഇനി ഞൊടിയിടയില്‍; സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്

മുംബൈ: ഉപഭോക്തൃ സേവനത്തിന്റെ ഭാഗമായി ചെക്ക് ക്ലിയറിങ് സമയം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക്. ചെക്ക് ക്ലിയറിങ് സൈക്കിള്‍ ടി+1ല്‍ നിന്ന് ഏതാനും മണിക്കൂറുകളാക്കിയാണ് റിസര്‍വ് ബാങ്ക് സമയം കുറച്ചത്. ഇടപാട് നടന്ന ദിവസത്തിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ സെറ്റില്‍മെറ്റ് എന്നതാണ് ടി+1 എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

ചെക്ക് ക്ലിയറിങ്ങിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സെറ്റില്‍മെന്റ് റിസ്‌ക് കുറയ്ക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ പരിഷ്‌കാരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ചെക്കുകള്‍ ബാച്ചായി പ്രോസസ് ചെയ്യുന്നതിന് പകരം തുടര്‍ച്ചയായി ക്ലിയര്‍ ചെയ്യുന്ന തരത്തിലാണ് പുതിയ സംവിധാനം വരിക. ചെക്ക് നല്‍കുന്ന വേളയില്‍ തന്നെ സെറ്റില്‍മെന്റിന് നടപടികള്‍ സ്വീകരിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.