by Midhun HP News | Aug 8, 2024 | Latest News, കേരളം
ഡല്‍ഹി: സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ചെലവ് കുറഞ്ഞ കുഞ്ഞന്‍ റോക്കറ്റ് ഐഎസ്ആര്‍ഒ വിക്ഷേപിക്കും. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഭാവിയില്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകം (എസ്എസ്എല്‍വി) സജ്ജമായി എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കും.
‘ഓഗസ്റ്റ് 15ന് രാവിലെ 9.27നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം. എസ്എസ്എല്‍വി വികസന പദ്ധതിയുടെ പൂര്‍ത്തീകരണത്തിനാണ് വിക്ഷേപണം സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ വ്യവസായത്തിന്റെയും ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെയും പുതിയ ദൗത്യങ്ങള്‍ക്ക് ഇത് തുടക്കം കുറിക്കും’- ഐഎസ്ആര്‍ഒ വ്യക്തമാക്കി. 500 കിലോഗ്രാം ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങള്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ എത്തിക്കുന്ന, അതിവേഗം വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തുന്നതിനായാണ് വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി വികസിപ്പിച്ചത്. കുറഞ്ഞ ചെലവില്‍ ബഹിരാകാശത്ത് എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന 34 മീറ്റര്‍ നീളമുള്ള റോക്കറ്റാണ് വികസിപ്പിച്ചത്.
120 ടണ്‍ ആണ് ഇതിന്റെ ലിഫ്റ്റ് ഓഫ് മാസ്. 2022 ഓഗസ്റ്റില്‍ നടന്ന ആദ്യ ദൗത്യം വിജയിച്ചില്ലെങ്കിലും 2023 ഫെബ്രുവരിയില്‍ നടന്ന രണ്ടാമത്തെ ദൗത്യം ലക്ഷ്യം കണ്ടിരുന്നു. മൂന്നാമത്തെ വിക്ഷേപണവും വിജയിച്ചാല്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച്് കൊണ്ടുള്ള വിക്ഷേപണത്തിന് ചെലവ് കുറഞ്ഞ ചെറുകിട ബഹിരാകാശ പേടകം സജ്ജമായി എന്ന് ഐഎസ്ആര്‍ഒ പ്രഖ്യാപിക്കും.
ഏജന്‍സിയുടെ ഏറ്റവും പുതിയ മൈക്രോ സാറ്റലൈറ്റായ EOS-08 വഹിച്ച് കൊണ്ടാണ് കുഞ്ഞന്‍ റോക്കറ്റ് പറന്നുയരുക. ഭൂമി നിരീക്ഷണത്തിനായാണ് ഉപഗ്രഹ വിക്ഷേപണം. ഒരു വര്‍ഷത്തെ ദൗത്യമാണ് ഉദ്ദേശിക്കുന്നത്. ഒരു മൈക്രോ സാറ്റലൈറ്റ് രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഐഎസ്ആര്‍ഒ പ്രധാനമായി ലക്ഷ്യമിടുന്നത്.
EOS-08 ന് ഏകദേശം 175.5 കിലോഗ്രാം ഭാരമുണ്ട്. ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണം, ദുരന്തം/പരിസ്ഥിതി നിരീക്ഷണം, തുടങ്ങി വിവിധ ദൗത്യങ്ങള്‍ക്കായി രാവും പകലും ചിത്രങ്ങള്‍ പകര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത മൂന്ന് പേലോഡുകളും വഹിച്ചാണ് റോക്കറ്റ് പറന്നുയരുക. 475 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ ഉറപ്പിക്കുന്ന ഉപഗ്രഹത്തിന് ഒരു വര്‍ഷത്തെ ദൗത്യമുണ്ട്. ഇതിന് ഏകദേശം 420 W വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും.
by Midhun HP News | Aug 8, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിലെ 500 ഓളം അംഗങ്ങളാണ് മടങ്ങുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മടങ്ങുന്ന സൈനിക വിഭാഗത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും സൈനികസംഘത്തിന്റെ മേധാവിമാര്‍ക്ക് മെമന്റോകള്‍ നല്‍കി. കലക്ടര്‍ മേഘശ്രീയും ചടങ്ങില്‍ സംബന്ധിച്ചു.
സൈന്യത്തിന്റെ രണ്ടു സംഘങ്ങള്‍ ദുരന്തഭൂമിയില്‍ തുടരും. ബെയ്‌ലി പാലം മെയിന്റനന്‍സിനുള്ള ടീമും ഹെലികോപ്റ്റര്‍ തിരച്ചില്‍ സംഘവുമാകും തുടരുക. തിരച്ചിലിന് എന്‍ഡിആര്‍എഫ്, അഗ്നിശമന സേന എന്നിവരുമുണ്ടാകും. ദുരന്തമറിഞ്ഞ് ഒരു നിമിഷം പോലും വൈകാതെ സൈന്യം ദുരന്തഭൂമിയില്‍ എത്തിയെന്നും, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യമാകുമോ അതൊക്കെ സൈന്യം ചെയ്തുവെന്ന് യാത്രയയപ്പ് ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ഒരൊറ്റ ടീമായാണ് സൈന്യം പ്രവര്‍ത്തിച്ചത്. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. ബെയ്‌ലി പാലം നിര്‍മ്മാണം ഏറ്റവും എടുത്തുപറയേണ്ടതാണ്. രക്ഷാപ്രവര്‍ത്തനം വളരെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അതു സഹായിച്ചു. എല്ലാ നിലയിലും അവര്‍ക്കൊപ്പം നിന്നുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും ജില്ലാ ഭരണകൂടങ്ങളും ജനങ്ങളും ഒരു മനസ്സും ഒരു ശരീരവും പോലെയാണ് പ്രവര്‍ത്തിച്ചത്. സൈന്യം നടത്തിയ സേവനം വാക്കുകള്‍ കൊണ്ട് വിവരിക്കുന്നതിനും അപ്പുറത്താണ്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
വല്ലാത്ത വൈകാരികമായ ഘട്ടത്തിലാണ് നമ്മള്‍ ഒരുമിച്ചു നിന്ന് അവശേഷിക്കുന്നവരില്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന ചിന്തയോടെ കഠിനാധ്വാനം ചെയ്തു. മൃതശരീരങ്ങള്‍, ശരീരഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. സൈന്യം ഇപ്പോള്‍ ദൗത്യം അവസാനിപ്പിച്ച് പോകുമ്പോള്‍, ടീമിലെ അംഗം പോകുന്ന വേദനയുണ്ട്. സൈന്യത്തിന്റെ ജോലി പരിപൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്തു കഴിഞ്ഞു. സൈന്യം ചെയ്ത സേവനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച് അഭിവാദ്യം ചെയ്യുന്നതായി മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
അപകടസമയത്ത് സേവനം നല്‍കാനായതില്‍ സന്തോഷമുണ്ടെന്ന് സൈന്യം അറിയിച്ചു. വയനാട്ടില്‍ നിന്നും വിട്ടുപോയാലും മനസ്സ് ഇവിടെ തന്നെയുണ്ടാകും. വയനാട്ടിലെ ദുരന്തഭൂമിയിലുള്ളവര്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. നമ്മുടെ ജനത വരും ദിവസങ്ങളില്‍ അവര്‍ക്കു വേണ്ടി നില്‍ക്കാന്‍ കഴിയട്ടെ എന്നും തിരച്ചിലിന് നേതൃത്വം നല്‍കിയ ലെഫ്. കേണല്‍ ഋഷി പറഞ്ഞു. ദുരന്തഭൂമിയില്‍ ജനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. പ്രദേശത്ത് മറ്റു വിഭാഗങ്ങൾ തിരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
by Midhun HP News | Aug 8, 2024 | Latest News, കേരളം
കെപിഎസ്ടിഎ അക്കാഡമിക് കൗൺസിൽ സംസ്ഥാന വ്യാപകമായി പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 2024 ന്റെ ആറ്റിങ്ങൽ ഉപജില്ലാതല മത്സരങ്ങൾ ആഗസ്റ്റ് 10 ശനി ഉച്ചക്ക് 2 മണിക്ക് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്നു. ഒരു സ്കൂളിൽ നിന്ന് എൽ.പി. വിഭാഗത്തിലെ ഒരു കുട്ടിക്കും, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടു കുട്ടികൾക്ക് വീതവും ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും വ്യക്തിഗത മത്സരമാണ് നടക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നതാണ്.
വിശദവിവരങ്ങൾക്ക് : 6282161686, 9539863866
by Midhun HP News | Aug 8, 2024 | Latest News, കേരളം
ഒളിമ്പിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയരുന്നു. നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്. എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ തന്റെ പിന്തുണ അറിയിച്ചത്.
ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നുവന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, വിനേഷിന് പിന്തുണയറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി.
‘വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയഭേദകമായി തോന്നുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ അവള്‍ ഇപ്പോഴും ഒരു യഥാര്‍ഥ ചാംപ്യനായി തന്നെ നിലനില്‍ക്കുന്നുണ്ട്.അവളുടെ സഹിഷ്ണുതയും അര്‍പ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു വിനേഷ്, നിങ്ങളെ കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങളും നിങ്ങള്‍ക്കൊപ്പമിനിയുണ്ടാകും’.- മമ്മൂട്ടി കുറിച്ചു.
by Midhun HP News | Aug 8, 2024 | Latest News, കേരളം
തിരുവനന്തപുരം: നന്ദാവനം എആര്‍ ക്യാംപില്‍ പരസ്യമായി എസ്‌ഐമാര്‍ തമ്മില്‍ കൈയാങ്കളി. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം. ഷര്‍ട്ട് വലിച്ചുകീറിയും കഴുത്തിന് കുത്തിപ്പിടിച്ചും ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമായിരുന്നു ഏറ്റുമുട്ടല്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ഓടെ ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം.
നിരവധി പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു എസ്‌ഐമാരുടെ ഏറ്റുമുട്ടല്‍. എആര്‍ ക്യാംപിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാള്‍ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാള്‍ മുന്‍ ഭാരവാഹിയുമാണ്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.ഇരുവരെയും കമന്‍ഡാന്റ് വിളിച്ചുവരുത്തി അന്വേഷണം നടത്തി. കൈയാങ്കളിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എആര്‍ ക്യാംപ് അധികൃതര്‍ അറിയിച്ചു. മുമ്പും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളുണ്ടായിരുന്നതായി ക്യാംപിലെ പൊലീസുകാര്‍ പറയുന്നു. ബാരക്കിലിരുന്ന് മദ്യപിച്ചതിനും മെസ്സില്‍ ഭക്ഷണത്തിന് പണം നല്‍കാത്തതിനും ഇവര്‍ക്കെതിരെ പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് ഇതിലൊരാളെ ഡ്യൂട്ടിയിടുന്ന ചുമതലയില്‍ നിന്ന് നാലുമാസം മുമ്പ് കമ്മിഷണര്‍ മാറ്റിനിറുത്തിയിരുന്നു.
by Midhun HP News | Aug 8, 2024 | Latest News, കേരളം
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം തീയതി മാത്രം 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ കൊച്ചിയിലാണ് പനി ബാധിതർ കൂടുതൽ ഉള്ളത്.മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതൽ.
സാധാരണ പകർച്ചപ്പനിക്ക് പുറമെയാണ് ഡെങ്കിപ്പനി വ്യാപനം. കൊതുകുനശീകരണ നടപടികൾ ഫലപ്രദമാകുന്നില്ല. ഐസിയു സൗകര്യം കുറവായതിനാൽ രോഗം ഗുരുതരമാകുന്നവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അയക്കുകയാണ്.
ഫോഗിങ് ഉൾപ്പെടെ നടക്കുന്നുണ്ടെന്നും കൊതുകിനെ തുരുത്താൻ ജനങ്ങൾ കൂടി സഹകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. നഗരസഭയുടെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
Recent Comments