by Midhun HP News | Aug 8, 2024 | Latest News, കേരളം
കെപിഎസ്ടിഎ അക്കാഡമിക് കൗൺസിൽ സംസ്ഥാന വ്യാപകമായി പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസ് 2024 ന്റെ ആറ്റിങ്ങൽ ഉപജില്ലാതല മത്സരങ്ങൾ ആഗസ്റ്റ് 10 ശനി ഉച്ചക്ക് 2 മണിക്ക് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടക്കുന്നു. ഒരു സ്കൂളിൽ നിന്ന് എൽ.പി. വിഭാഗത്തിലെ ഒരു കുട്ടിക്കും, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടു കുട്ടികൾക്ക് വീതവും ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഓരോ വിഭാഗത്തിലും വ്യക്തിഗത മത്സരമാണ് നടക്കുന്നത്. പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും, വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫിയും നൽകുന്നതാണ്.
വിശദവിവരങ്ങൾക്ക് : 6282161686, 9539863866
by Midhun HP News | Aug 8, 2024 | Latest News, കേരളം
ഒളിമ്പിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ. ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയരുന്നു. നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്. എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടൻ തന്റെ പിന്തുണ അറിയിച്ചത്.
ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നുവന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, വിനേഷിന് പിന്തുണയറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി.
‘വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഹൃദയഭേദകമായി തോന്നുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ അവള്‍ ഇപ്പോഴും ഒരു യഥാര്‍ഥ ചാംപ്യനായി തന്നെ നിലനില്‍ക്കുന്നുണ്ട്.അവളുടെ സഹിഷ്ണുതയും അര്‍പ്പണബോധവും നേട്ടങ്ങളും നമ്മെ എല്ലാവരെയും പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു വിനേഷ്, നിങ്ങളെ കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളിലും ഞങ്ങളും നിങ്ങള്‍ക്കൊപ്പമിനിയുണ്ടാകും’.- മമ്മൂട്ടി കുറിച്ചു.
by Midhun HP News | Aug 8, 2024 | Latest News, കേരളം
തിരുവനന്തപുരം: നന്ദാവനം എആര്‍ ക്യാംപില്‍ പരസ്യമായി എസ്‌ഐമാര്‍ തമ്മില്‍ കൈയാങ്കളി. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണസമയത്ത് ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം. ഷര്‍ട്ട് വലിച്ചുകീറിയും കഴുത്തിന് കുത്തിപ്പിടിച്ചും ഭക്ഷണപ്പൊതികള്‍ വലിച്ചെറിഞ്ഞും പരസ്പരം അസഭ്യം പറഞ്ഞുമായിരുന്നു ഏറ്റുമുട്ടല്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ഓടെ ഓഫീസേഴ്സ് ബാരക്കിലായിരുന്നു സംഭവം.
നിരവധി പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു എസ്‌ഐമാരുടെ ഏറ്റുമുട്ടല്‍. എആര്‍ ക്യാംപിനുള്ളിലെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു കൈയാങ്കളിയിലേക്കെത്തിയത്. ഒരാള്‍ ഇപ്പോഴത്തെ ക്ഷേത്രഭാരവാഹിയും മറ്റേയാള്‍ മുന്‍ ഭാരവാഹിയുമാണ്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.ഇരുവരെയും കമന്‍ഡാന്റ് വിളിച്ചുവരുത്തി അന്വേഷണം നടത്തി. കൈയാങ്കളിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എആര്‍ ക്യാംപ് അധികൃതര്‍ അറിയിച്ചു. മുമ്പും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതികളുണ്ടായിരുന്നതായി ക്യാംപിലെ പൊലീസുകാര്‍ പറയുന്നു. ബാരക്കിലിരുന്ന് മദ്യപിച്ചതിനും മെസ്സില്‍ ഭക്ഷണത്തിന് പണം നല്‍കാത്തതിനും ഇവര്‍ക്കെതിരെ പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് ഇതിലൊരാളെ ഡ്യൂട്ടിയിടുന്ന ചുമതലയില്‍ നിന്ന് നാലുമാസം മുമ്പ് കമ്മിഷണര്‍ മാറ്റിനിറുത്തിയിരുന്നു.
by Midhun HP News | Aug 8, 2024 | Latest News, കേരളം
എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാം തീയതി മാത്രം 122 പേരെയാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പശ്ചിമ കൊച്ചിയിലാണ് പനി ബാധിതർ കൂടുതൽ ഉള്ളത്.മട്ടാഞ്ചേരി,ഫോർട്ട്കൊച്ചി, പള്ളൂരുത്തി മേഖലയിലാണ് പനി ബാധിതർ കൂടുതൽ.
സാധാരണ പകർച്ചപ്പനിക്ക് പുറമെയാണ് ഡെങ്കിപ്പനി വ്യാപനം. കൊതുകുനശീകരണ നടപടികൾ ഫലപ്രദമാകുന്നില്ല. ഐസിയു സൗകര്യം കുറവായതിനാൽ രോഗം ഗുരുതരമാകുന്നവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കും എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അയക്കുകയാണ്.
ഫോഗിങ് ഉൾപ്പെടെ നടക്കുന്നുണ്ടെന്നും കൊതുകിനെ തുരുത്താൻ ജനങ്ങൾ കൂടി സഹകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടു. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. നഗരസഭയുടെ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
by Midhun HP News | Aug 8, 2024 | Latest News, കേരളം
കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഹമ്മദ് മുസ്തഫ കോടതിയെ സമീപിച്ചത്.
348 തപാല്‍ ബാലറ്റുകള്‍ എണ്ണാതെ മാറ്റിവെച്ചുവെന്നും, ഇത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തപാല്‍ വോട്ടുകളില്‍ 300 ല്‍ കുറയാത്ത വോട്ടുകള്‍ തനിക്ക് ലബിക്കുമായിരുന്നു എന്നും ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ ഹര്‍ജിയില്‍ വാദിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതായത് വലിയ വിവാദമായിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിൽ മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സബ് ട്രഷറിയിൽനിന്ന് നീക്കം ചെയ്തപ്പോൾ പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ബാലറ്റുകൾ അബദ്ധത്തിൽ മാറ്റിയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. ഈ പെട്ടികൾ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു.
by Midhun HP News | Aug 8, 2024 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ മെയ് 26 നാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജര്‍ സരിത പണം തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പാപ്പച്ചന് സ്വകാര്യ ബാങ്കില്‍ 80 ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാനായി ബാങ്ക് മാനേജരായ സരിത, മറ്റൊരു ബാങ്ക് ജീവനക്കാരന്‍, വേറെ രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.
സൈക്കിളില്‍ പോകുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഓടിച്ചിരുന്ന അനിമോന്‍ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് അനിമോന്റെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍തുക എത്തിയതും കണ്ടെത്തി.
തുടര്‍ന്നാണ് അനിമോന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെടുത്തത്. പാപ്പച്ചന്റെ സ്വകാര്യ ബാങ്കിലുണ്ടായിരുന്ന പണം തട്ടിയെടുക്കുക ലക്ഷ്യമിട്ടാണ് വനിതാ ബാങ്ക് മാനേജരും കൂട്ടാളികളും കൊലപാതകം ആസൂത്രണം ചെയ്തത്. ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ നഷ്ടപ്പെട്ടത് പാപ്പച്ചന്‍ അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാനായി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സൈക്കിളില്‍ പാപ്പച്ചന്‍ വരുമ്പോള്‍ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകത്തില്‍ സ്വകാര്യ ബാങ്ക് മാനേജര്‍ സരിത, ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍ എന്നിവരടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്താന്‍ അനിമോന്‍ ആദ്യം ചോദിച്ചത് രണ്ടു ലക്ഷം രൂപയായിരുന്നു. പിന്നീട് പടിപാടിയായി വിലപേശി 18 ലക്ഷം രൂപയായി നിശ്ചയിക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
Recent Comments