by Midhun HP News | Aug 8, 2024 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചന്‍ മെയ് 26 നാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജര്‍ സരിത പണം തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പന്തളം കുടശ്ശനാട് സ്വദേശിയായ പാപ്പച്ചന്‍ കൊല്ലത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പാപ്പച്ചന് സ്വകാര്യ ബാങ്കില്‍ 80 ലക്ഷത്തിലേറെ രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈ പണം തട്ടിയെടുക്കാനായി ബാങ്ക് മാനേജരായ സരിത, മറ്റൊരു ബാങ്ക് ജീവനക്കാരന്‍, വേറെ രണ്ടുപേര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്.
സൈക്കിളില്‍ പോകുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു എന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഓടിച്ചിരുന്ന അനിമോന്‍ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. എന്നാല്‍ പിന്നീട് അനിമോന്റെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്‍തുക എത്തിയതും കണ്ടെത്തി.
തുടര്‍ന്നാണ് അനിമോന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയ കൊലപാതകമാണെന്ന് കണ്ടെടുത്തത്. പാപ്പച്ചന്റെ സ്വകാര്യ ബാങ്കിലുണ്ടായിരുന്ന പണം തട്ടിയെടുക്കുക ലക്ഷ്യമിട്ടാണ് വനിതാ ബാങ്ക് മാനേജരും കൂട്ടാളികളും കൊലപാതകം ആസൂത്രണം ചെയ്തത്. ബാങ്കിലെ അക്കൗണ്ടിലുണ്ടായിരുന്ന 40 ലക്ഷം രൂപ നഷ്ടപ്പെട്ടത് പാപ്പച്ചന്‍ അറിയുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്‌നം പരിഹരിക്കാനായി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഭാഗത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സൈക്കിളില്‍ പാപ്പച്ചന്‍ വരുമ്പോള്‍ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. കൊലപാതകത്തില്‍ സ്വകാര്യ ബാങ്ക് മാനേജര്‍ സരിത, ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോന്‍ എന്നിവരടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്താന്‍ അനിമോന്‍ ആദ്യം ചോദിച്ചത് രണ്ടു ലക്ഷം രൂപയായിരുന്നു. പിന്നീട് പടിപാടിയായി വിലപേശി 18 ലക്ഷം രൂപയായി നിശ്ചയിക്കുകയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്.
by Midhun HP News | Aug 8, 2024 | Latest News, കേരളം
പാലക്കാട്: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ട് ഇന്ന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 112.99 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറക്കുന്നത്. ഡാമിലന്റെ സംഭരണശേഷി 175.9718 Mm³ ആണ്.
ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈ, കല്‍പ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. ചെറിയ തോതിലാണ് വെള്ളം തുറന്നു വിടുന്നതെങ്കിലും മുക്കൈ, കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെഎസ്ഇബി യുടെ പവര്‍ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുമെന്നുമാണ് മുന്നറയിപ്പിപ്പ്.
by Midhun HP News | Aug 8, 2024 | Latest News, കേരളം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒന്നാം പാദ പരീക്ഷ (ഓണപ്പരീക്ഷ) യുടെ തീയതികള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വര്‍ഷത്തെ ഓണപ്പരീക്ഷ സെപ്റ്റംബര്‍ 03 (ചൊവ്വ) മുതല്‍ 12 (വ്യാഴം) വരെ നടത്തും. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.
എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് പുനഃപരീക്ഷ നടത്തും. എട്ടാം ക്ലാസില്‍ ഈ വര്‍ഷം മുതല്‍ ഓള്‍പാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ മാറ്റിവെച്ചു. അവ പിന്നീട് നടത്തും.മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന മേപ്പാടി ഗവ. ഹയർസെൻഡറി സ്‌ക്കൂളിലെ ക്യാംപ് മാറുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റേയും സ്‌കൂള്‍ ഒളിംപിക്‌സിന്റെയും ശാസ്ത്രമേളയുടേയും തീയതിയും സ്ഥലവും വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കും. സ്‌കൂള്‍ ഒളിംപിക്‌സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്തും, ശാസ്ത്രമേള നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയിലും നടക്കും.
by Midhun HP News | Aug 8, 2024 | Latest News, കേരളം
ബംഗ്ലാദേശിലെ പുതിയ സർക്കാർ, സാഹചര്യങ്ങൾ വിലയിരുത്തി ഇന്ത്യ. ബംഗ്ലാദേശില്‍ നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്‍കുന്ന ഇടക്കാല സര്‍ക്കാര്‍ ഇന്ന് വൈകിട്ടാണ് സത്യപ്രതിജ്ഞ ചെയ്യുക. അധികാരമേറ്റതിനുശേഷം പുതിയ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ വിലയിരുത്തിയ ശേഷം ആകും ഇന്ത്യ തുടർനിടപാടുകൾ വ്യക്തമാക്കുന്നത്. ബംഗ്ലാദേശ് സൈനിക മേധാവി ഇന്നലെയും ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. പ്രാദേശിക സമയം രാത്രി എട്ടുമണിക്കായിരിക്കും ഇന്ന് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍. നിലവില്‍ പാരീസിലുള്ള യൂനുസ്, വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ആകും ധാക്കയിലെത്തുക.
by Midhun HP News | Aug 8, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 50,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6350 രൂപ നല്‍കണം.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
by Midhun HP News | Aug 8, 2024 | Latest News, കേരളം
കണ്ണൂര്‍: വിവാഹഘോഷങ്ങള്‍ക്കിടെ വാഹനങ്ങളില്‍ അപകടമുണ്ടാക്കുംവിധം യാത്രചെയ്ത യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ ഒളവിലം മത്തിപ്പറമ്പിലാണ് സംഭവം. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ ഇരുന്നു യാത്ര ചെയ്തവരാണ് പിടിയിലായത്. വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി.
സിസിടിവി കാമറയിലെ ദൃശ്യങ്ങളുടെ സഹായത്തോടെ ചൊക്ളി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍എസ്. രഞ്ജു ആണ് ഇവരെ പിടികൂടിയത്. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവാഹ ആഘോഷങ്ങള്‍ക്കിടെ വിവിധ ആഡംബര കാറുകള്‍ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിന്‍ ഷാന്‍ (19), ആലോള്ളതില്‍ എ. മുഹമ്മദ് സിനാന്‍ (19), മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീന്‍ (19), പോക്കറാട്ടില്‍ ലിഹാന്‍ മുനീര്‍ (20), കാര്യാട്ട് മീത്തല്‍ പി. മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ.കെ. മുഹമ്മദ് അര്‍ഷാദ് (19) തുടങ്ങിയവര്‍ക്കെതിരേയാണ് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെയും പൊലീസ് അന്വേഷിച്ചുവരികയാണ്.
മറ്റൊരു സംഭവത്തില്‍ വിവാഹ പാര്‍ട്ടിയുടെ വിഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് കാമറാമാന്‍ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് ആദില്‍ (22), കാറോടിച്ചിരുന്ന ചൊക്ളി സി.പി. റോഡിലെ ജാസ് വില്ലയില്‍ ഇര്‍ഫാന്‍ ഹബീബ് (32) എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Recent Comments