സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 50,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6350 രൂപ നല്‍കണം.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.

കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര; യുവാക്കള്‍ പിടിയില്‍

കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര; യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: വിവാഹഘോഷങ്ങള്‍ക്കിടെ വാഹനങ്ങളില്‍ അപകടമുണ്ടാക്കുംവിധം യാത്രചെയ്ത യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ ഒളവിലം മത്തിപ്പറമ്പിലാണ് സംഭവം. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ ഇരുന്നു യാത്ര ചെയ്തവരാണ് പിടിയിലായത്. വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി.

സിസിടിവി കാമറയിലെ ദൃശ്യങ്ങളുടെ സഹായത്തോടെ ചൊക്ളി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍എസ്. രഞ്ജു ആണ് ഇവരെ പിടികൂടിയത്. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവാഹ ആഘോഷങ്ങള്‍ക്കിടെ വിവിധ ആഡംബര കാറുകള്‍ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിന്‍ ഷാന്‍ (19), ആലോള്ളതില്‍ എ. മുഹമ്മദ് സിനാന്‍ (19), മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീന്‍ (19), പോക്കറാട്ടില്‍ ലിഹാന്‍ മുനീര്‍ (20), കാര്യാട്ട് മീത്തല്‍ പി. മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ.കെ. മുഹമ്മദ് അര്‍ഷാദ് (19) തുടങ്ങിയവര്‍ക്കെതിരേയാണ് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെയും പൊലീസ് അന്വേഷിച്ചുവരികയാണ്.

മറ്റൊരു സംഭവത്തില്‍ വിവാഹ പാര്‍ട്ടിയുടെ വിഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് കാമറാമാന്‍ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് ആദില്‍ (22), കാറോടിച്ചിരുന്ന ചൊക്ളി സി.പി. റോഡിലെ ജാസ് വില്ലയില്‍ ഇര്‍ഫാന്‍ ഹബീബ് (32) എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

വയനാട് തിരച്ചിൽ 10-ാം നാൾ; എൽ 3 പ്രഖ്യാപിച്ചാൽ 75% തുക ലഭിക്കും, സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി ശനിയാഴ്ച എത്തും

വയനാട് തിരച്ചിൽ 10-ാം നാൾ; എൽ 3 പ്രഖ്യാപിച്ചാൽ 75% തുക ലഭിക്കും, സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി ശനിയാഴ്ച എത്തും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി പത്താം ദിവസവും തിരച്ചില്‍. സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും പരിശോധന. തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തും.

അതേസമയം നിലമ്പൂരില്‍ നിന്ന് ഒരു മൃതദ്ദേഹം കൂടി കണ്ടെടുത്തു. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ ദൗത്യ സംഘത്തിന്റെ പരിശോധന ഇന്നലെയും തുടര്‍ന്നു. ദുരന്തത്തില്‍ ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തില്‍ എത്തി. ഹെലികോപ്റ്ററില്‍ വയനാട്ടിലെത്താനാണ് സാധ്യയ. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല.

ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ആൾമാറാട്ടം നടത്തി അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് മൂന്ന് കോടി: നഗരസഭ ഉദ്യോഗസ്ഥനെതിരെ കേസ്

ആൾമാറാട്ടം നടത്തി അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് മൂന്ന് കോടി: നഗരസഭ ഉദ്യോഗസ്ഥനെതിരെ കേസ്

കോട്ടയം: ന​ഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്ന് ഉദ്യോ​ഗസ്ഥൻ കോടികൾ തട്ടിയെടുത്തതായി പരാതി. കോട്ടയം നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനും ഇപ്പോൾ വൈക്കം നഗരസഭയിലെ ക്ലാർക്കുമായ കൊല്ലം മങ്ങാട് ആൻസി ഭവൻ അഖിൽ സി.വർഗീസാണ് തട്ടിപ്പ് നടത്തിയത്. ആൾമാറാട്ടം നടത്തിയാണ് മൂന്ന് കോടി രൂപ തട്ടിയെടുത്തത്. കോട്ടയം നഗരസഭാ സെക്രട്ടറി ബി അനിൽ കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.

യഥാർഥ പെൻഷൻകാരി മരിച്ചപ്പോൾ വിവരം രജിസ്റ്ററിൽ ചേർക്കാതെ അവരുടെ പണം അമ്മ പി ശ്യാമളയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അയക്കുകയായിരുന്നു. ഇതേ പേരിൽ ഒരാൾക്ക് നഗരസഭയിൽ നിന്നു പെൻഷൻ തുക അയച്ചിരുന്നതിനാൽ തട്ടിപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. വാർഷിക സാമ്പത്തിക കണക്കെടുപ്പിലാണ് വിവരം പുറത്തായത്.

ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്. പ്രാഥമികാന്വേഷണത്തിലാണ് 3 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതെന്നും തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ തട്ടിപ്പ് പുറത്തുവരുമെന്നും നഗരസഭാ അധികൃതർ ജില്ലാ പൊലീസ് മേധാവിക്കു മൊഴിനൽകി. പിതാവിന്റെ മരണത്തെത്തുടർന്ന് ആശ്രിത നിയമനമായിട്ടാണ് കൊല്ലം കോർപറേഷനിൽ അഖിൽ ജോലിക്ക് പ്രവേശിച്ചത്. അവിടെ 40 ലക്ഷം രൂപ തിരിമറി നടത്തിയതിനു സസ്പെൻഷനിലായിരുന്നു. വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ അഖിലിന്റെ പാസ്പോർട്ട് മരവിപ്പിക്കണമെന്നും തുക തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

വയനാട്ടിൽ 3 ഏക്കർ സ്ഥലം സൗജന്യമായ് നൽകും; രാജു അപ്സര

വയനാട്ടിൽ 3 ഏക്കർ സ്ഥലം സൗജന്യമായ് നൽകും; രാജു അപ്സര

വയനാട് മുണ്ടകൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സമാനതകളില്ലാത്ത ദുരന്തമാണ് മുണ്ടകൈ യിൽ സംഭവിച്ചത്. പരാതികളില്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സർക്കാരിനെയും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പിട്ടിരിക്കുന്ന എല്ലാവരെയും യോഗം അഭിനന്ദിച്ചു. ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ 3 ഏക്കർ സ്ഥലം നൽകുന്നതിനും സ്ഥാപനവും തൊഴിലും നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും കേരള വ്യാപരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര പറഞ്ഞു .ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഈ തീരുമാനം അംഗീകരിച്ചു.
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരെ സഹായിക്കുന്നതിന് വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം. തൊഴിലും വരുമാനവും നഷ്ടപ്പെട്ട വ്യാപാരികളുടെയും വീടും സ്വത്തും നഷ്ടപ്പെട്ടരുടെയും കടങ്ങൾ എഴുതിതളളുന്നതിന് സർക്കാർ തയ്യാറാവണമെന്നും ദുരന്തമുഖത്ത് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർക്ക് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവസ്യാ മേച്ചേരി, ട്രഷറർ എസ്. ദേവരജൻ , സംസ്ഥാന ഭാരവാഹികളായ കെ.വി.അബ്ദുൾ ഹമീദ്,എം.കെ തോമസുകുട്ടി, പി.സി ജേക്കബ്, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, വൈ.വി ജയൻ, സി. ധനീഷ് ചന്ദ്രൻ, ജോജിൻ. ടി.ജോയി, വി.സബിൽ രാജ്, എ.ജെ. റിയാസ്, സലീം രാമനാട്ടുകര പ്രസംഗിച്ചു.

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം; അടുത്ത വർഷം മുതൽ ഒൻപതിലും

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം; അടുത്ത വർഷം മുതൽ ഒൻപതിലും

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ‌ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-27 വർഷത്തിൽ പത്താം ക്ലാസിലും മിനിമം മാർക്ക് നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനം.

വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എ പ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ​ഗുണനിലവാരം കുറയ്ക്കുന്നുവെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭയോ​ഗം അംഗീകരിച്ചിരിക്കുന്നത്.