by Midhun HP News | Aug 7, 2024 | Latest News, കേരളം
തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഇത്തവണ മുതൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും നിർബന്ധമാക്കും. 2026-27 വർഷത്തിൽ പത്താം ക്ലാസിലും മിനിമം മാർക്ക് നടപ്പിലാക്കും. വിദ്യാഭ്യാസ കോൺക്ലേവിന്റെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനം.

വാരിക്കോരി മാർക്ക് നൽകുന്നുവെന്നും എല്ലാവർക്കും എ പ്ലസ് നൽകുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുവെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിൽ സർക്കാർ എഡ്യൂക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോൺക്ലേവിലുയർന്ന നിർദേശമാണ് മന്ത്രിസഭയോഗം അംഗീകരിച്ചിരിക്കുന്നത്.
by Midhun HP News | Aug 7, 2024 | Latest News, കേരളം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്‌ട്രേഷന്‍ നിര്‍വഹിക്കുന്നത്.
ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭക്ക് അധികാരവുമുണ്ട്. ഇത്രയും സുതാര്യമായ ഒരു സംവിധാനത്തെയാണ് വ്യാജപ്രചരണം നടത്തി മോശമായി ചിത്രീകരിക്കുന്നത്. സങ്കുചിതവും പ്രതിലോമപരവുമായ ഈ പ്രചരണത്തെയും നമ്മുടെ നാട് മറികടക്കുമെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയര്‍ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. നിലവില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശ്രീ. രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരന്‍. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകള്‍ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂള്‍ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്ക് ട്രാന്‍സ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുക.
ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂള്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്‌ട്രേഷന്‍ നിര്‍വഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നര്‍ത്ഥം. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ.
ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറല്‍ ഓഫീസിന്റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രില്‍ ഒന്ന് 2016 മുതല്‍ 31 ആഗസ്ത് 2019 വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കി. പ്രധാനപ്പെട്ട ഒരു ക്രമക്കേടുകളും ഇതില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള റിപ്പോര്‍ട്ട് നല്‍കിയതാണ്. 2019 ന് ശേഷമുള്ള ഓഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.
by Midhun HP News | Aug 7, 2024 | Latest News, കേരളം
വയനാട് ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക സഹായവുമായി നടൻ പ്രഭാസ്. രണ്ട് കോടി രൂപയാണ് താരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

തെലുങ്ക് സിനിമയിൽ നിന്ന് നിരവധി താരങ്ങളാണ് ഇതിനോടകം വയനാടിന് സഹായവുമായി എത്തിയത്. ചിരഞ്ജീവിയും രാം ചരണും ചേർന്ന് 1 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. അല്ലു അർജുൻ 25 ലക്ഷവും നൽകി.കൂടാതെ തമിഴ് സിനിമയിൽ നിന്നും നിരവധി പേർ സഹായവുമായി എത്തി. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.
by Midhun HP News | Aug 7, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: നഴ്‌സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ രാജ്യസഭയെ അറിയിച്ചു. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുന്നതിനാണിത്. സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുതെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന നിര്‍ദേശം.

200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിന് തുല്യമായിരിക്കണം ശമ്പളം. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അനുബന്ധ ഗ്രേഡിനേക്കാള്‍ 10 ശതമാനം വരെ ശമ്പളം കുറയാം. 50-100 കിടക്കകുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ശമ്പളത്തിന്റെ 25 ശതമാനം വരെ കുറയാവുന്നതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.
50 കിടക്കകളില്‍ കുറഞ്ഞാലും സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാരുടെ ശമ്പളം 20000 രൂപയില്‍ കുറയരുത്. അവധികള്‍, ജോലിസമയം, മെഡിക്കല്‍ സൗകര്യങ്ങള്‍, ഗതാഗതം, താമസം തുടങ്ങിയവ സര്‍ക്കാര്‍ തലത്തില്‍ അനുവദിച്ചതിന് തുല്യമായിരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
by Midhun HP News | Aug 7, 2024 | Latest News, കേരളം
കാസര്‍കോട്: പിന്‍വലിച്ച 1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാമെന്ന് പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയില്‍ ഇബ്രാഹിം ബാദുഷ(33)യുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ ബേക്കല്‍ പൊലീസ് കേസെടുത്തു. ഹദ്ദാദ് നഗറിലെ സമീര്‍ (ടൈഗര്‍ സമീര്‍), കോട്ടപ്പാറയിലെ ഷെരീഫ്, ഗിരി കൈലാസ് എന്നിവര്‍ക്കും ഇവരെ കൂടാതെ മറ്റ് രണ്ടുപേര്‍ക്കുമെതിരേയാണ് കേസ്.

1000 രൂപയുടെ നോട്ട് മാറ്റിക്കൊടുക്കാന്‍ സ്ഥാപനമുണ്ടെന്നും, ഇതുവഴി നോട്ട് മാറ്റിയെടുത്ത് കോടികള്‍ ലാഭമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023 ജനുവരി 15നും 2023 ഓഗസ്റ്റ് 30നുമിടയിലാണ് തട്ടിപ്പ് നടന്നത്. പ്രതികള്‍ ലാഭം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. കമ്പനിയുടെ പ്രതിനിധിയെന്ന വ്യാജേന ജീവനക്കാരനെ അയച്ചും നോട്ടെടുക്കാന്‍ വന്ന വാഹനവും വിഡിയോദൃശ്യങ്ങളും കണിച്ചായിരുന്നു തട്ടിപ്പ്.
വ്യാജ കമ്പനി ബേക്കലില്‍ പണമെടുക്കാന്‍ വരണമെങ്കില്‍ ഓണ്‍ലൈനില്‍ ‘സ്ലോട്ട്’ ബുക്ക് ചെയ്യണമെന്നും ഒരിക്കല്‍ ബുക്ക് ചെയ്യാന്‍ 15 ലക്ഷം രൂപ അടയ്ക്കണമെന്നും ധരിപ്പിച്ചു. വാഹനം ബേക്കലിലെത്തി ഒരുമണിക്കൂറിനുള്ളില്‍ പിന്‍വലിച്ച നോട്ടുകള്‍ നല്‍കി, വ്യവസ്ഥപ്രകാരമുള്ള 60 ശതമാനം പുതിയ നോട്ടുകള്‍ വാങ്ങണം. സമയപരിധി കഴിഞ്ഞാല്‍ സ്ലോട്ട് ബുക്കിങ് റദ്ദാകുകയും മുന്‍കൂട്ടി അടച്ച ബുക്കിങ് തുക നഷ്ടപ്പെടുമെന്നും പറഞ്ഞിരുന്നു.
ഇല്ലാത്ത കമ്പനിയുടെ വാഹനം പല പ്രാവശ്യം നോട്ട് കൊണ്ടുപോകാന്‍ എത്തിയെങ്കിലും നോട്ട് കൈമാറിയില്ല. 125 കോടിയുടെ 20 ശതമാനമായ 25 കോടി കിട്ടുമെന്ന കണക്കുകൂട്ടലില്‍ തുടര്‍ന്നും പല പ്രാവശ്യം മൂവര്‍ സംഘം നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് ‘സ്ലോട്ട്’ എടുക്കാന്‍ ഇബ്രാഹിം തുക കൈമാറി . 40 ലക്ഷം രൂപ പലപ്പോഴായി നിര്‍ദേശിച്ച അക്കൗണ്ടു കളിലേക്ക് ഇങ്ങനെ കൈമാറിയിട്ടുണ്ടെന്നും 17 ലക്ഷം പണമായി നല്‍കിയെന്നും പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു.
by Midhun HP News | Aug 7, 2024 | Latest News, കേരളം
തിരുവനന്തപുരം: മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കും നിലവിലുള്ള ഒഴിവുകളില്‍ പ്രവേശനം നേടുന്നതിന് ഓഗസ്റ്റ് 7ന് ( ബുധനാഴ്ച) ഉച്ചയ്ക്ക് 1 മണി മുതല്‍ വ്യാഴാഴ്ച വൈകീട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.

പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ ഓഗസ്റ്റ് 8 ന് വൈകീട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളില്‍ www.hscap.kerala.gov.in ല്‍ കയറി കാന്‍ഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോര്‍ വേക്കന്റ് സീറ്റ്‌സ് എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ വെബ്സൈറ്റിലെ പ്രവേശനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കാന്‍ഡിഡേറ്റ് ലോഗിനും ‘Create Candidate Login-SWS’ എന്ന ലിങ്കിലൂടെ രൂപീകരിക്കണം.
തുടര്‍ന്ന് കാന്‍ഡിഡേറ്റ് ലോഗിനിലെ ‘APPLY ONLINE’ എന്ന ലിങ്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന വേക്കന്‍സിക്കനുസൃതമായി ഓപ്ഷനുകളും നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/ കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താവുന്നതാണ്.
Recent Comments