സ്വര്‍ണവില വീണ്ടും 51,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് ആയിരം രൂപ

സ്വര്‍ണവില വീണ്ടും 51,000ല്‍ താഴെ; അഞ്ചുദിവസത്തിനിടെ ഇടിഞ്ഞത് ആയിരം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. 50,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച് തിരിച്ചുകയറിയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. അഞ്ചുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.

ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 2 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 2 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശം നൽകി.

അതേസമയം ദുരന്തം കവർന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചിൽ 90 ശതമാനം പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ. നൂറ് ശതമാനം ആണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംയുക്ത സംഘം ഇന്ന് യോഗം ചേർന്ന് വിലയിരുത്തും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആദ്യപട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.

പുനരധിവാസത്തിനുള്ള വാടക വീടുകൾക്കായുള്ള അന്വേഷണം തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വീടുകൾ നഷ്ടമാകാത്തവരും പുനരധിവാസ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. തിരച്ചിൽ നിർത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് മന്ത്രി അറിയിച്ചിരുന്നു.

കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡൽ ആകും. പ്രൊജക്ടിൽ ആർക്കും സഹകരിക്കാം, പക്ഷെ പൂർണമായും സർക്കാരിന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞിരുന്നു.

അതിനിടെ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിൻ്റിങ് ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. തകർന്ന രണ്ട് സ്കൂളുകളും വിദ്യാഭ്യാസ വകുപ്പ് നിർമിക്കുമെന്നും ടൗൺ ഷിപ്പ് മാതൃകയിലായിരിക്കും നിർമാണമെന്നും മന്ത്രി 24 നോട് പറഞ്ഞു.

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി

അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കടലില്‍ നിന്നും ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിനും 55 കിലോമീറ്റര്‍ അകലെ ഹെന്നവാര കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം. കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. കാലില്‍ വല കുടുങ്ങിക്കിടക്കുന്നുണ്ട്.

വിവരമറിഞ്ഞ് ഈശ്വര്‍ മാല്‍പെയും സംഘവും മൃതദേഹം കണ്ട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കുന്ദാപുരയ്ക്കും ഗോകര്‍ണത്തിനും ഇടയിലാണ് മൃതദേഹം കണ്ടത്. കടലില്‍ നിന്നും ഉടന്‍ മൃതദേഹം കരയിലേക്കെത്തിക്കും. ഝാര്‍ഖണ്ഡ് സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളിയെ ഈ സ്ഥലത്തു നിന്നും കാണാതായിരുന്നു. അയാളുടെ മൃതദേഹമാണോ ഇതെന്നും സംശയമുണ്ടെന്നും ഈശ്വര്‍ മാല്‍പെ സൂചിപ്പിച്ചു.

കടലില്‍ മൃതദേഹം കണ്ടെത്തിയ വിവരം തന്നെ അറിയിച്ചതായി, മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. അര്‍ജുന്‍ ലോറിക്കുള്ളില്‍ തന്നെ ഉണ്ടാകുമെന്നായിരുന്നു തന്റെ നിഗമനം. ഒഴുകിപ്പോയിട്ടുണ്ടോയെന്നും അറിയാനാവില്ലല്ലോ. അര്‍ജുന്റെ ശരീരത്തില്‍ ടാറ്റൂ ഉണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടിയും നല്‍കി. മൃതദേഹം കണ്ട സ്ഥലത്തേക്ക് പോകുന്നതായും മനാഫ് പറഞ്ഞു.

അതേസമയം കടലില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. വിദഗ്ധര്‍ പ്രദേശത്ത് വിശദമായ പരിശോധന നടത്തണം. മൃതദേഹം ആരുടേതാണെന്ന് അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളക്ക് സമീപം ഷിരൂരിൽ ജൂലൈ 15 നാണ് കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതാകുന്നത്.

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കുത്തി പരുക്കേൽപിച്ച് യുവാവ്

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കുത്തി പരുക്കേൽപിച്ച് യുവാവ്

തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് അമ്മയെയും മകനെയും കുത്തിപ്പരിക്കേൽപിച്ച് പിതാവ്. പോങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ചന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് കുത്തിയത്. കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ആക്രമിച്ച ഉമേഷ് തന്നെയാണ് കുത്തേറ്റ അഞ്ജനയെയും മകനെയും ആശുപത്രിയിലെത്തിച്ചത്. കുത്തേറ്റവരുടെ പരുക്കുകൾ ഗുരുതരമല്ല. ഉമേഷിനെ മെഡിക്കൽ കൊളജ് പൊലീസ് ആശുപത്രിയിൽ തടഞ്ഞു വച്ചു. തുടർന്ന് ശ്രീകാര്യം പോലീസെത്തി കസ്റ്റഡിയിലെടുത്തു.

മുല്ലപ്പെരിയാറില്‍ 131.70 അടി വെള്ളം; ഇടുക്കിയില്‍ 61.60 ശതമാനം

മുല്ലപ്പെരിയാറില്‍ 131.70 അടി വെള്ളം; ഇടുക്കിയില്‍ 61.60 ശതമാനം

തൊടുപുഴ: വൃഷ്ടി പ്രദേശങ്ങളില്‍ മഴ മാറിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. തിങ്കളാഴ്ച രാവിലെ ആറുമണിവരെയുള്ള കണക്ക് അനുസരിച്ച് 131.70 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

തിങ്കളാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറില്‍ ഓരോ സെക്കന്‍ഡിലും അണക്കെട്ടിലേക്ക് 1260 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോള്‍ തമിഴ്‌നാട് 1396 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളില്‍ തേക്കടിയില്‍ 0.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.ഇടുക്കി ഡാമില്‍ 61.61 ശതമാനം വെള്ളമാണ് ഉള്ളത്. പദ്ധതി മേഖലയില്‍ മഴ കുറഞ്ഞെങ്കിലും ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമാണ്. ശരാശരി ഒരടിയിലധികം ദിവസേന വര്‍ധിക്കുന്നുണ്ട്. നിലവില്‍ 2367.54 അടിയാണ് ജലനിരപ്പ്. ശേഷിയുടെ 61.61 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 32.38 ശതമാനമായിരുന്നു.

പദ്ധതി പ്രദേശത്ത് 24 മില്ലി മീറ്റര്‍ മഴ പെയ്തു. ഒരു ദിവസം 117.19 ലക്ഷം ഘനമീറ്റര്‍ ഒഴുകിയെത്തുമ്പോള്‍ വൈദ്യുതോല്‍പ്പാദനശേഷം 76.125 ലക്ഷം ഘനമീറ്റര്‍ ഒഴുകി മലങ്കര സംഭരണിയിലെത്തുന്നുണ്ട്. തിങ്കളാഴ്ച 11.266 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു.

വിവിധ പേരുകളിൽ ഒപി ടിക്കറ്റെടുക്കും; സ്വയം മരുന്നും കുറിക്കും’ ‘ലഹരിക്കടിമ’ പിടിയിൽ

വിവിധ പേരുകളിൽ ഒപി ടിക്കറ്റെടുക്കും; സ്വയം മരുന്നും കുറിക്കും’ ‘ലഹരിക്കടിമ’ പിടിയിൽ

തൊടുപുഴ: ഡോക്ടറെ കാണാനെന്ന വ്യാജേന ജില്ല ആശുപത്രിയിലെ ഒപി ടിക്കറ്റെടുത്ത് അതുപയോ​ഗിച്ച് വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഷെഡ്യൂൾ വിഭാ​ഗത്തിലുള്ള മരുന്ന് വാങ്ങുന്നയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ രാജേഷ് കുമാറി (32) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ചീട്ടിൽ സ്വയം മരുന്നെഴുതിയാണ് തട്ടിപ്പ്.

ഇതിനായി ഡോക്ടറുടെ വ്യാജസീലും ഇയാൾ ഉണ്ടാക്കി. ഇയാളുടെ പക്കൽ നിന്നും വ്യാജ ടിക്കറ്റും സീലും പൊലീസ് പിടിച്ചെടുത്തു. ജില്ല ആശുപത്രിയിലെത്തി വിവിധ പേരുകളിൽ ഒപി ചീട്ടെടുക്കും. ശേഷം മാറി നിന്ന് സ്വയം മരുന്ന കുറിക്കും. പുറത്തുള്ള ഫാർമസികളിൽ നിന്നാണ് മരുന്ന് വാങ്ങാറ്. മാനസിക രോ​ഗികൾക്ക് നൽകുന്ന മരുന്നിന്റെ കുറിപ്പടിയും ഇയാളുടെ പക്കൽ നിന്ന് ലഭിച്ചു. മാനസിക രോ​ഗികൾക്ക് നൽകുന്ന മരുന്നാണ് ഇയാൾ സ്വയം കുറിപ്പടി തയ്യാറാക്കി വാങ്ങുന്നതെന്ന് ഡോക്ടർമാർ പൊലീസിനോട് പറഞ്ഞു. കൂടുതൽ അളവിൽ ഇത്തരം മരുന്ന് കഴിച്ചാൽ ലഹരിയുണ്ടാകും. ഇതിനായാണ് ഇയാൾ ഇങ്ങനെ ചെയ്തത്. വ്യാജ രേഖകൾ ചമച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.