‘ഇനിയും പരീക്ഷണത്തിന് മുതിരരുത്: അർജുനായുള്ള തിരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണം’; കുടുംബം

‘ഇനിയും പരീക്ഷണത്തിന് മുതിരരുത്: അർജുനായുള്ള തിരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണം’; കുടുംബം

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണമെന്ന് കുടുംബം. അർജുനെയും ലോറിയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഇനിയും പരീക്ഷണത്തിന് മുതിരരുതെന്നും അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ആവശ്യം ഉന്നയിച്ചു. വൈദഗ്ധ്യമുള്ള ആളെ ചുമതലപ്പെടുത്തണമെന്ന് ജിതിൻ പറഞ്ഞു. അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കർണാടക സർക്കാരിനോടെ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ തൽസ്ഥിതി ഉൾപ്പെടെ വിശദീകരിച്ചുകൊണ്ട് കർണാടക സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.അർജുനായുള്ള തിരച്ചിൽ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

പരശുറാം സർവീസ് ഭാ​ഗികം; ഈ ദിവസങ്ങളിലെ മാറ്റം ഇങ്ങനെ

പരശുറാം സർവീസ് ഭാ​ഗികം; ഈ ദിവസങ്ങളിലെ മാറ്റം ഇങ്ങനെ

തിരുവനന്തപുരം: മംഗലൂരു–- കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ്‌ (16649) 12, 15 തീയതികളിലും കന്യാകുമാരി– -മംഗലൂരു എക്‌സ്‌പ്രസ്‌ (16650) 13, 16 തീയതികളിലും തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയിൽ സർവീസ്‌ നടത്തില്ലെന്ന്‌ റെയിൽവേ അറിയിച്ചു. അതേസമയം 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

നേരത്തേ ഈ സർവീസുകൾ ഭാഗികമായിരിക്കുമെന്ന്‌ അറിയിച്ചിരുന്നു. മധുര ജങ്‌ഷൻ– പുനലൂർ എക്‌സ്‌പ്രസ്‌ (16729) 12, 15 തീയതികളിലും പുനലൂർ– മധുര ജങ്‌ഷൻ (16730) 13, 16 തീയതികളിലും തിരുനെൽവേലിക്കും പുനലൂരിനുമിടയിൽ സർവീസ്‌ നടത്തില്ല. 6, 8, 9 തീയതികളിൽ പതിവുപോലെ സർവീസ്‌ നടത്തും.

കുടുംബത്തിലെ 11 പേരും പോയി, നോവായി നൗഫൽ

കുടുംബത്തിലെ 11 പേരും പോയി, നോവായി നൗഫൽ

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തഭൂമിയിലെ നൊമ്പരമായി മാറി നൗഫല്‍. മാതാപിതാക്കളും ഭാര്യയും മൂന്ന് മക്കളുമടക്കം വീട്ടിലെ 11 പേരെയാണ് ഉരുൾപൊട്ടലിൽ നൗഫലിന് നഷ്ടമായത്. ഏതാനും ബന്ധുക്കൾ മാത്രമാണ് നൗഫലിന് ഇനി കുടുംബമായുള്ളത്. ഭാര്യ സജ്ന, 3 കുട്ടികൾ, ബാപ്പ കുഞ്ഞിമൊയ്തീൻ, ഉമ്മ ആയിഷ, സഹോദരൻ മൻസൂർ, ഭാര്യ മുഹ്സിന, അവരുടെ 3 കുട്ടികൾ എന്നിവരടങ്ങുന്ന 11 പേരെയാണ് ഒറ്റ രാത്രികൊണ്ടു നഷ്ടമായത്.

ഒമാനിൽ ജോലി ചെയ്യുന്ന കളത്തിങ്കൽ നൗഫൽ ബന്ധുവിന്റെ ഫോൺ വിളിയെത്തിയപ്പോൾത്തന്നെ നാട്ടിലേക്കു പുറപ്പെട്ടതാണ്. നാട്ടിലെത്തിയ നൗഫല്‍ ഇന്നലെ വരെ ചാലിയാറില്‍ തന്റെ ഉറ്റവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു. മേപ്പാടി ദുരിതാശ്വാസ ക്യാംപിൽ 3 ദിവസത്തെ കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് വീടിരുന്ന സ്ഥലത്തെത്തിയത്.മാതാപിതാക്കൾ നൗഫലിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. മാതാപിതാക്കളുടെയും മൂത്തമകൾ നഫ്‌ല നസ്രിൻ, മൻസൂറിന്റെ ഭാര്യ മുഹ്സിന, മകൾ ആയിഷാമന എന്നിവരുടെ മൃതദേഹങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. സജ്ന, മക്കളായ നിഹാൽ, ഇഷാ മഹ്റിൻ, മൻസൂർ, മൻസൂറിന്റെ മക്കളായ ഷഹ്‌ല, ഷഫ്ന എന്നിവരെ കണ്ടെത്താനായിട്ടില്ല.

നൂറോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ആശാവർക്കർ പറയുന്നതിങ്ങനെ ………

നൂറോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ആശാവർക്കർ പറയുന്നതിങ്ങനെ ………

കൽപ്പറ്റ: ‘അവരെല്ലാം എൻ്റെ കുടുംബാംഗങ്ങളെപ്പോലെ’… മുണ്ടക്കൈ ഉരുൾപൊട്ടലിൽ മണ്ണിൽ പുതഞ്ഞ മനുഷ്യ ശരീരങ്ങളിൽ നൂറോളം പേരെ തിരിച്ചറിഞ്ഞ ആശാവർക്കർ ഷൈജ ബേബി പറയുന്നതിങ്ങനെയാണ്. ഒൻപത് ബന്ധുക്കളെയാണ് ഉരുൾപൊട്ടലിൽ ഷൈജയ്ക്ക് നഷ്ടമായത്. ‘ആ 9 പേർ മാത്രമല്ല, ഇവർ 100 പേരും എന്റെ ബന്ധുക്കളാണ്’- ഷൈജ നെഞ്ചുപൊട്ടി പറഞ്ഞു. ചൂരൽമലയാണ് ഷൈജയുടെ സ്വന്തം സ്ഥലം. മുണ്ടക്കൈയിലേക്കാണ് വിവാഹം ചെയ്ത് കൊണ്ടുപോയത്.

അതുകൊണ്ട് ചൂരൽമലക്കാരെയും അറിയാം. കടബാധ്യത മൂലം 2005 ലാണ് ഷൈജയുടെ ഭർത്താവ് ആത്മഹത്യ ചെയ്തത്. രണ്ടും നാലും വയസുള്ള കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേർത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാരാണ്. കുടുംബശ്രീയാണ് ഷൈജയുടെ ജീവിതം മാറ്റി മറിച്ചത്. ചൈൽഡ് ലൈനിൽ നിന്ന് 2009 ലാണ് ആശാവർക്കറായി ഷൈജയ്ക്ക് ജോലി കിട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.

ഇന്ന് ഷൈജയുടെ രണ്ട് മക്കളും വിവാഹിതരായി. 2019 ൽ ഉരുൾപൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്. പുലർച്ചെ ഉരുൾപൊട്ടിയപ്പോൾ തന്നെ ഷൈജയ്ക്ക് ഫോൺ കോളുകൾ വന്നു. ഉടൻ തന്നെ ഷൈജ ആരോ​ഗ്യവകുപ്പിനെ വിവരം അറിയിച്ചു. മേപ്പാടി ആശുപത്രിയിലേക്കാണ് ഷൈജ ആദ്യമെത്തിയത്. വൈകാതെ തന്നെ മൃതദേഹങ്ങൾ എത്തിത്തുടങ്ങി. ആദ്യമെത്തിയ മൃതദേഹം കണ്ട ബന്ധു തിരിച്ചറിയാതെ മടങ്ങി. പിന്നീട് ഈ മൃതദേഹം ഷൈജ കാണുകയും മടങ്ങിപ്പോയ ആളുടെ ബന്ധുവാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവരെല്ലാം എൻ്റെ കുടുംബാംഗങ്ങളെപ്പോലെയായിരുന്നു, അവരെ സഹായിക്കാനുള്ള എൻ്റെ അവസാന അവസരമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു- എന്നും ഷൈജ പറഞ്ഞു.

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു; പന്തളത്ത് രണ്ടുപേര്‍ മരിച്ചു

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു; പന്തളത്ത് രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പന്തളം കൂരമ്പാലയില്‍ ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. പന്നിക്ക് വെച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം. കര്‍ഷകരായ കൂരമ്പാല തോട്ടുകര സ്വദേശികളായ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് ഗോപാല പിള്ള പിടയുന്നതു കണ്ടാണ് കര്‍ഷകനും അയല്‍വാസിയുമായ ചന്ദ്രശേഖരന്‍ ഓടിയെത്തിയത്.

പന്നിശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ വയലില്‍ ഇലക്ട്രിക് കമ്പി കെട്ടിയിരുന്നു. അതില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി മോട്ടോര്‍പുരയില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പന്തളത്തു നിന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും അന്വേഷണം നടത്തിവരികയാണ്.

വയനാട് ദുരന്തത്തിന് ശേഷം ആദ്യം, ഇന്ന് ഒരിടത്തും റെയിൻ അലര്‍ട്ട് ഇല്ല; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

വയനാട് ദുരന്തത്തിന് ശേഷം ആദ്യം, ഇന്ന് ഒരിടത്തും റെയിൻ അലര്‍ട്ട് ഇല്ല; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായെങ്കിലും ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലബാര്‍ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്.

ഇന്ന് ഒരു ജില്ലയിലും ‘അലര്‍ട്ട്’ ഇല്ല. വയനാട് ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് അലര്‍ട്ട് ഇല്ലാത്ത ദിനമാണ് ഇന്ന്. ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും സാധാരണ/ ഇടത്തരം മഴ വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത കൂടുതലാണ്. 14 മുതല്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.