‘മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു’; പിഴവല്ലെന്ന് ജനറല്‍ ആശുപത്രി

‘മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തു’; പിഴവല്ലെന്ന് ജനറല്‍ ആശുപത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയക്കിടെ ഗുരുതര പിഴവ് സംഭവിച്ചതായി പരാതി. മുതുകിലെ ശസ്ത്രക്രിയക്കിടെ കയ്യുറ ശരീരത്തില്‍ തുന്നിച്ചേര്‍ത്തതായാണ് പരാതിയില്‍ പറയുന്നത്. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ദുരനുഭവം നേരിട്ടത്. എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മുതുകിലെ മുഴ നീക്കം ചെയ്യാന്‍ ശനിയാഴ്ചയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഷിനു ശസ്ത്രക്രിയക്ക് എത്തിയത്. പിന്നീട് ഇവിടെ നിന്ന് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതെ വന്നതോടെ ഭാര്യ കെട്ട് അഴിച്ച് നോക്കി. അപ്പോഴാണ് സ്റ്റിച്ച് ഇട്ട ഭാഗത്ത് കയ്യുറയും തുന്നിച്ചേര്‍ന്ന് കിടക്കുന്നത് കണ്ടതെന്നും പരാതിയില്‍ പറയുന്നു.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ശസ്ത്രക്രിയ നടന്നത്. മുതുകില്‍ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഭാര്യ സജിന പറഞ്ഞു. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് കൊടുത്തു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വേദന കൊണ്ട് ഉറങ്ങാന്‍ പറ്റാതെ വന്നതോടെയാണ് മുറിവിലെ കെട്ട് അഴിച്ച് പരിശോധിച്ചത്. കയ്യുറയുടെ വലിയൊരു ഭാഗം ശരീരത്തില്‍ തുന്നിച്ചേര്‍ത്ത് വച്ച നിലയിലാണ് കണ്ടതെന്നും സജിന പറഞ്ഞു.

വയനാട് ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ

വയനാട് ഇന്ന് സുപ്രധാന ആക്ഷൻ പ്ലാൻ

കൽപ്പറ്റ: വയനാട് ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിൻ്റെ ഇരു കരകളിലും സമഗ്രമായി തെരച്ചിൽ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തെരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേർ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിൽ എത്തിച്ചേരും. സൺറൈസ് വാലിയോട് ചേർന്ന് കിടക്കുന്ന ഇരു കരകളിലും തെരച്ചിൽ നടത്തും. അവിടെ നിന്നും മൃതശരീരങ്ങൾ കൊണ്ടുവരേണ്ടത് ഉണ്ടെങ്കിൽ പ്രത്യേക ഹെലികോപ്റ്റർ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ സൈന്യം തീരുമാനിക്കും വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കം.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസമുതല്‍ വില കുറയാന്‍ തുടങ്ങിയത്.

വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും

വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചുദിവസത്തെ ശമ്പളം നല്‍കും

തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ 5 ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. ‘സാലറി ചാലഞ്ച്’ എന്ന പ്രയോഗമുണ്ടായില്ല. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് 5 തവണകളായി നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ ആഗ്രഹിക്കുന്നവര്‍ക്ക് അതുമാകാമെന്നും സംഘടനകള്‍ പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ: L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

വയനാട് ഉരുൾപൊട്ടൽ: L3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന നൽകാൻ തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തു. ദുരന്ത മേഖലയിലെ തിരച്ചിൽ ഊർജ്ജതമാക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു.

സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കും. പൊളിഞ്ഞ് വീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും യോ​ഗത്തിൽ തീരുമാനിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എൽ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക. ഏറ്റവും തീവ്രത ഏറിയ ദുരന്തം എന്ന നിലയ്ക്ക് പരിഗണന വേണമെന്നും ആവശ്യം ഉന്നയിക്കും. അങ്ങിനെ എങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നു ആകെ വേണ്ട തുകയുടെ 75% ലഭിക്കുമെന്നും യോ​ഗത്തിൽ വിലയിരുത്തി.

ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനിച്ചു. ഒന്നുകിൽ താൽക്കാലിക പഠന കേന്ദ്രം അല്ലെങ്കിൽ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റാനാണ് നിലവിലത്തെ തീരുമാനം. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. ഏഴാം ദിനവും തിരച്ചിൽ‌ ഊർജിതമായി തുടരുകയാണ്.

കെജ്‌രിവാൾ അകത്ത് തന്നെ; സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ല

കെജ്‌രിവാൾ അകത്ത് തന്നെ; സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ല

ഡൽഹി മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി.

നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്ത് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹർജികളായിരുന്നു ഇന്ന് ഡൽഹി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സി.ബി.ഐ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ സുപ്രിംകോടതി നേരത്തെ കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസ് നിലനിൽക്കുന്നതിനാലാണ് പുറത്തേക്കിറങ്ങാൻ കഴിയാതിരുന്നത്.