കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; വയനാട്ടിൽ ​ഗ്രീൻ അലേർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട് ജില്ലയിൽ ​ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് , ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണം.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും പരക്കെ മഴക്ക് സാധ്യതെയെന്നായിരുന്നു രാവിലത്തെ മഴ മുന്നറിയിപ്പ്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. അതേ സമയം, ഹിമാചലിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഷിംല, മണ്ഡി, കുളു എന്നീ ജില്ലകളിലായി 50 പേരെ കാണാതായിട്ടുണ്ട്. മേഖലയിൽ കരസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴ 3 ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശി അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഒന്നാം വർഷ ബിഎസ്സി നഴ്സിങ് വിദ്യാർഥിനിയാണ് അതുല്യ. ഹോസ്റ്റലിൽ മറ്റ് മൂന്ന് സഹപാഠികൾക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്

വയനാട്ടിലെ ദുരന്ത ബാധിതര്‍ക്കായി ടൗണ്‍ഷിപ്പ്

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ദുരന്ത ബാധിതര്‍ക്കായി ബൃഹദ് പുനരധിവാസ പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. ദുരന്തബാധിത സ്ഥലത്തിന് പുറത്താകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക. ഇതിനുള്ള സ്ഥലം തീരുമാനിച്ചിട്ടില്ല.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗണ്‍ഷിപ്പിന്റെ കാര്യം അറിയിച്ചത്. അടിയന്തര പ്രാധാന്യത്തില്‍ പുനരധിവാസ പാക്കേജ് തീരുമാനിക്കും.

പാക്കേജില്‍ ഏറ്റവും മുന്തിയ പരിഗണന ഇരകള്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതിനാണ്. മറ്റുള്ള സംഘടനകളുടെയോ വ്യക്തികളുടെ സഹായം ഉണ്ടായാല്‍പ്പോലും, പൂര്‍ണമായും സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാകും ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എൽ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക.

ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനിച്ചു. താൽക്കാലിക പഠന കേന്ദ്രം ഒരുക്കുകയോ, സമീപത്തെ സ്കൂളുകളിലേക്ക് മാറ്റുകയോ ചെയ്യാനാണ് തീരുമാനം. ദുരന്തപ്രദേശത്തെ തിരച്ചില്‍ നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സൈന്യം പറയുന്നത് വരെ തിരച്ചിൽ തുടരാനാണ് മന്ത്രിസഭാ ഉപസമിതി യോ​ഗത്തിൽ തീരുമാനമായത്. ചാലിയാറില്‍ കടലില്‍ ചേരുന്ന ഭാഗത്ത് നേവിയുടേയും കോസ്റ്റ് ഗോര്‍ഡിന്റെയും സഹായത്തോടെ തിരച്ചില്‍ നടത്താനുള്ള സാധ്യത കണക്കിലെടുക്കാന്‍ യോഗത്തില്‍ സംബന്ധിച്ച ചീഫ് സെക്രട്ടറി വി വേണുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

‘ഷിരൂർ രക്ഷാദൗത്യം നിർത്തി വെക്കാനാകില്ല’: തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി

കർണാടക ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ തുടരണമെന്ന് ഉത്തരവിട്ട് കർണാടക ഹൈക്കോടതി. രക്ഷാദൗത്യം നിർത്തി വെക്കാനാകില്ലെന്നും തുടരണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. റെഡ് അലർട്ട് കാരണം ദൗത്യം 5 ദിവസം നിർത്തി വച്ചതാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നേരത്തെ ഷിരൂർ സംഭവം വളരെ ഗൗരവപ്പെട്ടതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ദൗത്യം ഗൗരവകരമായി കാണണമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. കർണാടക സർക്കാരിനോടെ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ തൽസ്ഥിതി ഉൾപ്പെടെ വിശദീകരിച്ചുകൊണ്ട് കർണാടക സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചിരുന്നത്. കാലാവസ്ഥ അനുകൂലമായാൽ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.

ദൗത്യം അവസാനിപ്പിച്ചതിന് ആറു ദിവസത്തിന് ശേഷം ദൗത്യം പുനഃരാരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല. ഇതിനിടെയാണ് കർണാടക ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു

വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്.

എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്നലെ മുണ്ടേരിയില്‍ ജില്ലാ പൊലീസ് മേധാവിയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണെന്നും വനം വകുപ്പിന്റെ കാന്തന്‍പാറ ഔട്ട് പോസ്റ്റില്‍ എത്തിയതായും വിവരം ലഭിച്ചിരുന്നു. ഇവര്‍ കണ്ടെത്തിയ ഒരു മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്തു.

കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. സൂചിപ്പാറക്ക് സമീപത്തെ കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് സംഘം കുടുങ്ങിയിരുന്നത്.

അതേസമയം വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക് കടന്നു. ഐബോഡ് പരിശോധനയില്‍ ബെയ്‌ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്‌നലുകള്‍ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. കൂടാതെ ചാലിയാറിലും ദൗത്യം സംഘം വ്യാപക തിരച്ചില്‍ നടത്തും.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് 51,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6470 രൂപ നല്‍കണം.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നേരിയ തോതില്‍ വില കുറഞ്ഞത്.