‘പഞ്ചാബിഹൗസ്’ നിർമ്മാണത്തിലെ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

‘പഞ്ചാബിഹൗസ്’ നിർമ്മാണത്തിലെ അപാകത; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

നടൻ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക് പരിഹാര കോടതി നിർദേശിച്ചു. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമ്മിച്ച വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. ഇതോടെ ഹരിശ്രീ അശോകൻ കോടതിയെ സമീപിക്കുകയായിരുന്നു.

ഉല്പന്നം വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്‍റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്‍റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നത് അടക്കമുള്ള നിലപാടാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്. ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു.

ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി. ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബ്ബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെഞ്ച് അഭിപ്രായപെട്ടു.പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641രൂപ നൽകണം. കൂടാതെ, നഷ്ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദേശിച്ചു.

വയനാടിന്റെ കണ്ണീരൊപ്പാന്‍ എന്‍എസ്എസ്; 150 വീടുകള്‍ പണിതുനല്‍കും

വയനാടിന്റെ കണ്ണീരൊപ്പാന്‍ എന്‍എസ്എസ്; 150 വീടുകള്‍ പണിതുനല്‍കും

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി നാഷണല്‍ സര്‍വീസ് സ്‌കീം. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പാര്‍പ്പിടം നഷ്ടമായ നൂറ്റമ്പത് കുടുംബങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്‌കീം നേതൃത്വത്തില്‍ സര്‍ക്കാരിന്റെ പൊതുദൗത്യത്തോട് പങ്കുചേര്‍ന്ന് വീടുകള്‍ പണിതു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാന നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുക.

കാലിക്കറ്റ് സര്‍വകലാശാല, എംജി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളിലെയും, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെയും എന്‍എസ്എസ് സെല്ലുകളുടെ കീഴിലുള്ള എന്‍എസ്എസ് യൂണിറ്റുകളും എന്‍എസ്എസ് മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരും സംസ്ഥാന ഓഫീസര്‍മാരും ഈ ജീവസ്‌നേഹദൗത്യത്തില്‍ പങ്കാളികളാകും.

ദുരന്തദിനത്തില്‍ത്തന്നെ എന്‍എസ്എസ്/എന്‍സിസി കര്‍മ്മഭടന്മാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളും ദുരന്തമേഖലയില്‍ എന്‍എസ്എസ് ഏറ്റെടുക്കും.
ഇതിന്റെ ഭാഗമായി, ദുരന്തബാധിതര്‍ക്ക് അവരനുഭവിച്ച മെന്റല്‍ ട്രോമ മറികടക്കാന്‍ വേണ്ട വിദഗ്ദ്ധ കൗണ്‍സലിംഗ് എന്‍ എസ്എസ് സജ്ജമാക്കും. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളില്‍ പ്രത്യേകശ്രദ്ധ കൊടുക്കാനായി തിരിച്ചെത്തിക്കാനായി ‘ബാക്ക് ടു സ്‌കൂള്‍ ബാക്ക് ടു കോളേജ്’ ക്യാമ്പയിനും എന്‍ എസ് എസ് രൂപകല്പന ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു സ്‌കൂളി’ന്റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ എന്‍എസ്എസ് നല്‍കും.

ആരോഗ്യ സര്‍വകലാശാല എന്‍എസ്എസ് ടീമിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം വിവിധ ക്യാമ്പുകളില്‍ ലഭ്യമാക്കും. ഇപ്പോള്‍ എന്‍എസ്എസ് പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ദുരിത മേഖലയില്‍ ഏറ്റെടുക്കുന്ന ശുചീകരണ ഡ്രൈവില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരും ഓഫീസര്‍മാരും യൂണിറ്റുകളും പങ്കെടുക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സാങ്കേതിക കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സാങ്കേതികപരിജ്ഞാനംകൂടി പുനരധിവാസപ്രവര്‍ത്തങ്ങളില്‍ ഉപയോഗപ്പെടുത്തും. പോളി ടെക്നിക്ക് കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ഐടിഐകള്‍ എന്നിവയിലെ എന്‍ എസ് എസ് ടീമുകളുടെ നേതൃത്വത്തില്‍ ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രിക്കല്‍-പ്ലംബിങ് പ്രവൃത്തികള്‍ തുടങ്ങിയ സാങ്കേതികസേവനം ഒരുക്കിനല്കും.

വയനാട് ചൂരമലയിലും മുണ്ടക്കൈയിലും പ്രകൃതി ദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായഹസ്തം എത്തിയ്ക്കാന്‍ ജില്ലാഭരണകൂടത്തിനോടൊപ്പം അഞ്ച് കേരള ബറ്റാലിയന്‍ എന്‍.സി.സി. വയനാടിന്റെ കേഡറ്റുകളും, എന്‍.സി.സിയിലെ മിലിറ്ററി ഓഫീസര്‍മാരും കര്‍മ്മനിരതരായി രംഗത്തുണ്ട്. ആശുപത്രികളിലും റിലീഫ് ക്യാമ്പുകളിലും ഫുഡ് പാക്കിംഗ് കേന്ദ്രങ്ങളിലും എല്ലാമായി ഇവരെ വിഭജിച്ച് ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മഴ കുറയുന്നു; ജാഗ്രതാ നിര്‍ദേശം നാലു ജില്ലകളില്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. അടുത്ത് അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പില്‍ നാലു ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ജില്ലകളില്‍ ശനിയും ഞായറും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍,ഗായത്രി എന്നീ നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ജലനിരപ്പ് അപകടരമായി തുടരുന്ന സാഹചര്യത്തില്‍ കരുവന്നൂര്‍, ഗായത്രി, കീച്ചേരി നദികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദുരന്തമുഖത്ത് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ തയ്യാറായ കുടുംബത്തെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ദുരന്തമുഖത്ത് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ തയ്യാറായ കുടുംബത്തെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ദുരന്തമുഖത്ത് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ തയ്യാറായ കുടുംബത്തെ അഭിനന്ദിച്ച് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സോഷ്യൽ മീഡിയയിലിട്ട യൂത്ത് കോൺഗ്രസ്സ്‌ മുൻ മണ്ഡലം പ്രസിഡന്റ് സജിന്റെ പോസ്റ്റ് കണ്ടാണ് സജിനെയും ഭാര്യ ഭാവനെയും വിളിക്കുന്നത്.

നിങ്ങൾക്കു ഇടുക്കിയിൽ നിന്നും എപ്പോൾ പുറപ്പെടാൻ പറ്റും എന്ന് ചോദിച്ചപ്പോൾ , ഇപ്പോൾ തന്നെ ആവശ്യമെങ്കിൽ ഇറങ്ങാം എന്ന് സജിൻ പറഞ്ഞുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഉടൻ തന്നെ സജിനും ഭാര്യയും കുഞ്ഞുങ്ങൾക്ക് ഒപ്പം പുറപ്പെട്ടു. ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് മാനവികതയുടെ സ്നേഹമാണ്. നമ്മൾ അതിജീവിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.

എനിക്കും കുഞ്ഞുമക്കൾ ഉണ്ട് മാതാപിതാക്കൾ നഷ്ടപ്പെട്ട മുണ്ടക്കൈയിലെയും ചൂരൽ മലയിലെയും പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുവാൻ എൻ്റെ ഭാര്യ റെഡിയാണ്” എന്നു പറഞ്ഞ് സോഷ്യൽ മീഡിയയിലിട്ട യൂത്ത് കോൺഗ്രസ്സ്‌ മുൻ മണ്ഡലം പ്രസിഡന്റ് സജിന്റെ പോസ്റ്റ് കണ്ടാണ് സജിനെയും ഭാര്യ ഭാവനെയും വിളിക്കുന്നത്.
നിങ്ങൾക്കു ഇടുക്കിയിൽ നിന്നും എപ്പോൾ പുറപ്പെടാൻ പറ്റും എന്ന് ചോദിച്ചപ്പോൾ, ഇപ്പോൾ തന്നെ ആവശ്യമെങ്കിൽ ഇറങ്ങാം എന്ന് സജിൻ പറഞ്ഞു.

ഉടൻ തന്നെ സജിനും ഭാര്യയും കുഞ്ഞുങ്ങൾക്ക് ഒപ്പം പുറപ്പെട്ടു.

ദുരന്തമുഖത്തെ കാഴ്ചകളാണിത്. നമ്മളാരും ഒറ്റയാവില്ല എന്ന ചില പ്രതീക്ഷകൾ. ഈ വലിയ ദുരന്തത്തെ ഓരോ മനുഷ്യരും അതിജീവിക്കുന്നത് തങ്ങളാൽ കഴിയും വിധം ചെറു കണികകളായി സഹായമെത്തിച്ചാണ്,ഇവിടെ നമുക്ക് കാണാൻ കഴിയുന്നത് മാനവികതയുടെ സ്നേഹമാണ്.

വയനാട് മുണ്ടക്കൈയിൽ ഇന്ന് മുതൽ 40 ടീമുകൾ സെക്ടറുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തും

വയനാട് മുണ്ടക്കൈയിൽ ഇന്ന് മുതൽ 40 ടീമുകൾ സെക്ടറുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തും

മുണ്ടക്കൈ,ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ തെരച്ചിൽമേഖല 6 സോണുകളായി തിരിച്ച് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
വാർത്താസമ്മേളനത്തിൽ അറിയിച്ചു. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ.മുണ്ടക്കൈ രണ്ടാമത്തെ,സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും,വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും,ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും,പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്.

എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.ഇതിന് പുറമെ ഇന്ന് മുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തെരച്ചിലും തുടങ്ങും. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്ധരായ നാട്ടുകാരും ചേർന്ന് തെരയും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തെരച്ചിൽ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാർഡും നേവിയും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചും തെരച്ചിൽ നടത്തും.

മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നും ഡ്രോൺ ബേസ്ഡ് റഡാർ ശനിയാഴ്ച എത്തുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 6 നായകളാണ് തെരച്ചിലിൽ സഹായിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും നാലു കാഡാവർ നായകൾ കൂടി വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ ഉപസമിതി അംഗങ്ങളായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവരും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പങ്കെടുത്തു.

വയനാട് ദുരന്തം: ദുരിതാശ്വാസനിധിയിലേക്ക് ധന സഹായവുമായി നടൻ ആസിഫ് അലി

വയനാട് ദുരന്തം: ദുരിതാശ്വാസനിധിയിലേക്ക് ധന സഹായവുമായി നടൻ ആസിഫ് അലി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി നടൻ ആസിഫ് അലി. ധനസഹായം നല്‍കിയതിനൊപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

നടന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാല്‍ തുക എത്രയെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ഒപ്പം വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തണമെന്ന് അദ്ദേഹം എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്തു.

വയനാടിന്‍റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ കഴിയുന്നവിധം ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം എന്നാണ് ആസിഫിന്‍റെ വാക്കുകള്‍. ആസിഫിന് പുറമെ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.