by Midhun HP News | Aug 2, 2024 | Latest News, കേരളം
ഡല്‍ഹി: രാജ്യത്ത് അതിതീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വര്‍ഷം ജൂലൈയിലുണ്ടായ അതി തീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പ് ജൂലൈയില്‍ പെയ്തതിനേക്കാള്‍ രണ്ടു മടങ്ങ് കൂടുതലാണ്. ഓഗസ്റ്റില്‍ രാജ്യത്തിന്റെ മിക്ക ഭാഗത്തും സാധാരണയോ അതില്‍ കൂടുതലോ മഴ ഉണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.
കേരളത്തിന് പുറമെ, മുംബൈ, പൂനെ, സൂറത്ത്, പാന്‍ജിം എന്നിവിടങ്ങളിലാണ് കഴിഞ്ഞ മാസം അതിതീവ്ര മഴ പെയ്തത്. ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ പെയ്ത മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 9 ശതമാനം കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
പസഫിക് സമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഉണ്ടാകുന്ന താപ വ്യതിയാനങ്ങളും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതുമാണ് ജൂലൈയില്‍ രാജ്യത്ത് അതിതീവ്ര മഴയ്ക്ക് കാരണമായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജൂലൈ മാസങ്ങളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സ്റ്റേഷനുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
2020ല്‍ 447, 2021 ല്‍ 638, 2022 ല്‍ 723, 2023 ല്‍ 1113 ഉം സ്റ്റേഷനുകളാണ് അതിതീവ്രമഴ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 1030 സ്റ്റേഷനുകളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയതെന്ന് ഐഎംഡി വ്യക്തമാക്കുന്നു. 115.6 മില്ലീമീറ്ററിനും 204.5 മില്ലീമീറ്ററിനും ഇടയില്‍ പെയ്യുന്ന മഴയെയാണ് അതിതീവ്രമഴ എന്നു പറയുന്നത്. രാജ്യത്തിന്റെ തെക്കന്‍മേഖലയില്‍ 26 ശതമാനം അധികം മഴ ലഭിച്ചപ്പോള്‍, മധ്യ ഇന്ത്യയില്‍ 16 ശതമാനം അധിക മഴയും ലഭിച്ചു. അതേസമയം വടക്കുപടിഞ്ഞാറ്, കിഴക്ക്, വടക്കു കിഴക്ക് എന്നീ മേഖലകളില്‍ പെയ്ത മഴയുടെ അളവ്, ശരാശരിയേക്കാള്‍ 18 ശതമാനം കുറവാണ്. ഓഗസ്റ്റ് മാസം രാജ്യത്താകെ സാധാരണയോ അതില്‍ കൂടുതലോ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നു.
by Midhun HP News | Aug 2, 2024 | Latest News, കേരളം
ഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ഐഎസ്ആര്‍ഒ പുറത്തു വിട്ട വിവരത്തില്‍ വ്യക്തമാക്കുന്നു.
ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തിലാണ്. 40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ട ചിത്രം വ്യക്തമാക്കുന്നത്. പാറക്കല്ലുകളും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങി ഇരവഞ്ഞിപ്പുഴയുടെ കരകള്‍ തകര്‍ന്നുപോയതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ഐഎസ്ആര്‍ഒയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ടിങ് സെന്‍സിങ് സെന്ററാണ് ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. എന്‍ആര്‍എസ് സിയുടെ കാര്‍ട്ടോസാറ്റ്-3 സാറ്റലൈറ്റും റിസാറ്റ് സാറ്റലൈറ്റും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. ദുരന്തത്തിന് മുമ്പുള്ളതും അതിനുശേഷമുള്ളതുമായ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ജൂലൈ 30 ന് പുലര്‍ച്ചെയുണ്ടായ മൂന്നു ഉരുള്‍പൊട്ടലുകളാണ് കനത്ത നാശത്തിന് കാരണമായതെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
by Midhun HP News | Aug 2, 2024 | Latest News, കേരളം
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകൾ തകർന്നു. ഇക്കാര്യങ്ങൾ ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ 292 ആയി ഉയർന്നു. 105 മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് ദുരന്ത മേഖലയിൽ തെരച്ചിൽ കൂടുതൽ ഊർജിതമാക്കും. ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്‍ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലൻസുകളും എത്തിക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്റർ പരിധിയിലും തെരച്ചിൽ നടക്കും.
മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ നടത്തും. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
by Midhun HP News | Aug 2, 2024 | Latest News, കേരളം
തിരുവനന്തപുരം: ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ വടക്കാഞ്ചേരി നഗരസഭ നിർദേശിച്ചു. മഴക്കാലമായതിനാൽ ഏതു നിമിഷവും ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നാണ് വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. മഴക്കാലം കഴിയും വരെ മാറി താമസിക്കാൻ 41 കുടുംബങ്ങൾക്ക് നിർദേശം നൽകി.
by Midhun HP News | Aug 2, 2024 | Latest News, കേരളം
കൽപ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലിൽ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്ത് കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ ഹെലികോപ്ടറിൽ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു.
by Midhun HP News | Aug 2, 2024 | Latest News, കേരളം
ചൂരൽമല: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ആദിവാസി കോളിനിയിൽ ചിലർ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്.
ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയിൽ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയിൽ മൺതിട്ടയിൽ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരിൽ നിന്നാണ് ഭർത്താവ് കൃഷ്ണനും മറ്റ് മൂന്ന് മക്കളും കോളനിയിൽ ഒറ്റപ്പെട്ട വിവരം അറിയുന്നത് കുട്ടികളെ ഉൾപ്പടെ കയറിൽ കെട്ടിലാണ് കോളനിക്ക് പുറത്ത് എത്തിച്ചത്.
അതിസാഹസികമായ യാത്രയായിരുന്നു ഇത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിലെ കോളനിയിലേക്ക് എത്താൻ തന്നെ ബുദ്ധിമുട്ടി. 10 മീറ്റർ കയറുകൾ കയർ കെട്ടിയാണ് ഇറങ്ങിയത്. ഒരു വശത്തേക്ക് മാത്രം നാല് മണിക്കൂറിലേറെ സമയമെടുത്ത യാത്രയായിരുന്നു. കോളനിയിൽ എത്തിയപ്പോൾ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നാല് പേർ കുടുങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് റെയ്ഞ്ച് ഓഫീസർ കെ.ആഷിഫ് പറഞ്ഞു.
Recent Comments