by Midhun HP News | Aug 2, 2024 | Latest News, കേരളം
കോട്ടയം: മണര്‍കാട് പള്ളിക്ക് സമീപമുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. കാറിന് സൈഡ് കൊടുത്തപ്പോള്‍ അതുവഴി വന്ന ടിപ്പര്‍ ലോറിയുടെ ടയര്‍ റോഡില്‍ താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയത്.വ്യാഴാഴ്ച വൈകിട്ട് മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് സംഭവം. ടിപ്പര്‍ ലോറി കടന്നുപോയതിനു പിന്നാലെ റോഡിന്റെ അരികില്‍ അല്‍പം താഴ്ന്നതായി കാണപ്പെട്ടിരുന്നു. അല്‍പ്പസമയത്തിന് ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ പ്രത്യക്ഷപ്പെട്ടത്. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.
കുറെ കാലം മുമ്പ് ഇവിടെ ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടത്തെ കിണര്‍ ആയിരുന്നു ഇതെന്നും നാട്ടകാര്‍ പറയുന്നു. കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തി.
by Midhun HP News | Aug 2, 2024 | Latest News, കേരളം
റായ്പൂര്‍: മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒഴുകിപ്പോയി. കുത്തിയൊലിച്ച മഹാനദിയില്‍ 17 കിലോമീറ്റര്‍ ദുരം ഒഴുകിപ്പോയ യുവതിക്ക് അത്ഭുതരക്ഷപ്പെടല്‍. നിലവിളി കേട്ട് എത്തിയ മത്സ്യത്തൊഴിലാളികളുടെ ധീരതയാണ് യുവതിയെ രക്ഷിച്ചത്. ഛത്തീസ്ഗഡിലെ സരന്‍ഗഡ് സ്വദേശിയാണ് യുവതി. ഒഡീഷയിലെ അതിര്‍ത്തി ജില്ലയായ ജാര്‍സുഗുഡ ജില്ലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
സരോജിനി ചൗഹാന്‍ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. രമേഷ് സേഥും മകന്‍ ഡാനിയും മഹാനദിയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് സ്ത്രീയുടെ നിലവിളി കേട്ടത്. ഇത് കണ്ട അച്ഛനും മകനും തോണി തിരിക്കുകയും മറ്റ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ യുവതിയെ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ യുവതിയെ ലഖന്‍പൂരിലെ കമ്യൂണിറ്റി ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സരോജിനിയുടെ സഹോദരന്‍ ജഗദീഷ് ചൗഹാനും ഭാര്യയും ആശുപത്രിയിലെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.
അഞ്ച് വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. അതിന് പിന്നാലെ സരോജിനി മാനസിക രോഗവുമായി മല്ലിടുകയായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. മാനസികാരോഗ്യം വഷളായതോടെ അവള്‍ സ്വന്തം വീട്ടലേക്ക് തിരിച്ചെത്തി. മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യുവതിയെ ചങ്ങലയ്ക്കിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ രാത്രി, കുടുംബം അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയ ശേഷം, വീടിനോട് ചേര്‍ന്നുള്ള പുഴയോരത്ത് പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ പോയ സമയത്ത് യുവതി ഒഴുകിപ്പോയതെന്നാണ് കരുതുന്നത്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മഹാനദി കരകവിഞ്ഞൊഴുകയാണ്.
by Midhun HP News | Aug 2, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,840 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 5480 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമാകുന്നത്. ഏഴുദിവസത്തിനിടെ 1440 രൂപയാണ് വര്‍ധിച്ചത്.
by Midhun HP News | Aug 2, 2024 | Latest News, കേരളം
കൊച്ചി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായാണ് സഹായം എത്തിക്കുക.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടിയന്തര മരുന്നുകള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ഒരു കോടി രൂപയുടെ മരുന്നുകള്‍ എത്തിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചതായി വിപിഎസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്‌കെ അബ്ദുള്ള അറിയിച്ചു.’കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍, നിലവിലുള്ള ദുരിതാശ്വാസ-മെഡിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് അവശ്യ മരുന്നുകളും മെഡിക്കല്‍ ഉപഭോഗവസ്തുക്കളും എത്തിക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന സഹായം എത്രയും വേഗം എത്തിക്കാന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്,’- എസ്‌കെ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള ഏതാവശ്യങ്ങള്‍ക്കും സഹായം നല്‍കാന്‍ വിപിഎസ് ലേക്ഷോര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അണുബാധകള്‍ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനും ദീര്‍ഘകാല രോഗ ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളായ അമോക്‌സില്ലിന്‍, പൊട്ടാസ്യം ക്ലാവുലനേറ്റ്, അസിത്രോമൈസിന്‍ ഗുളികകള്‍, സെഫ്റ്റ്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ മരുന്ന് , ഒസെല്‍റ്റാമിവിര്‍ കാപ്‌സ്യൂളുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജില്‍ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകള്‍, ബെഡ് ഷീറ്റുകള്‍ എന്നി അവശ്യവസ്തുക്കളും പാക്കേജില്‍ ഉള്‍പ്പെടും.
by Midhun HP News | Aug 2, 2024 | Latest News, കേരളം
മേപ്പാടി (വയനാട്) : ഉരുള്‍ പൊട്ടലില്‍ മണ്ണിലും ചെളിയിലും പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനും രക്ഷാപ്രവര്‍ത്തനത്തിലും സജീവമായി നായകളും. കേരള പൊലീസിന്റെയും സൈന്യത്തിന്റെയും ആറു നായകളാണ് ദുരന്തമുഖത്ത് തിരച്ചിലില്‍ സജീവമായിട്ടുള്ളത്. മാഗി, മായ, മര്‍ഫി എന്നിവരാണ് ചൂരല്‍മലയിലുള്ള പൊലീസ് നായകള്‍.
മര്‍ഫിയും മായയും കൊച്ചി സിറ്റി പൊലീസിന്റേയും മാഗി വയനാട് പൊലീസിന്റേയും നായകളാണ്. മര്‍ഫിയും മായയും ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പ്പെട്ടതും, മാഗി ലാബ്രഡോര്‍ ഇനത്തിലും പെട്ട നായകളാണ്. മൂന്നാര്‍ പെട്ടിമുടി ദുരന്തസ്ഥലത്തും മായയും മര്‍ഫിയും തെരച്ചിലിനായി ഉണ്ടായിരുന്നു. 25 അടി താഴ്ചയിലുള്ള മൃതദേഹംപോലും ഇവയ്ക്ക് മണംപിടിച്ച് കണ്ടെത്താനാകും. മായയും മര്‍ഫിയും ഇതുവരെ ദുരന്തസ്ഥലത്തു നിന്നും നാലു മൃതദേഹങ്ങളാണ് മണ്ണിനടിയില്‍ നിന്നും കണ്ടെടുത്തത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യു വിദഗ്ധയായ മാഗിയുടേത് ആദ്യ മേജര്‍ ഓപ്പറേഷനാണ്. തുടര്‍ച്ചയായിട്ടുള്ള മഴയും ചെളിയുടെ കനത്ത പാളികളുമാണ് തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെന്ന് പൊലീസ് പറയുന്നു.
മീററ്റിലെ റെമോണ്ട് വെറ്ററിനറി കോര്‍പ്‌സിലെ പരിശീലനം സിദ്ധിച്ച മൂന്നു നായകളെയാണ് സൈന്യം തിരച്ചിലിന് ഇറക്കിയിട്ടുള്ളത്. ജാക്കി, സാറ, ഡിക്‌സി എന്നീ നായകളാണ് സൈന്യത്തെ തിരച്ചിലിന് സഹായിക്കുന്നത്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഈ നായകളെ മുണ്ടക്കൈയില്‍ തിരച്ചിലിനാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ നിരവധി പ്രകൃതിദുരന്തങ്ങളില്‍ ഇവയുടെ സേവനം വിനിയോഗിച്ചിരുന്നതായി സൈന്യം വ്യക്തമാക്കി. മീററ്റില്‍ നിന്നും കണ്ണൂരിലേക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തിലാണ് നായകളെ എത്തിച്ചത്.
by Midhun HP News | Aug 2, 2024 | Latest News, കേരളം
കൊച്ചി: കർക്കടക വാവ് പ്രമാണിച്ച് ഇന്നും നാളെയും കൊച്ചി മെട്രോ സർവീസ് സമയം കൂട്ടി. ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30 നും സർവീസ് ഉണ്ടാകും. നാളെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പുലർച്ചെ 5 നും 5.30 നും സർവീസ് ഉണ്ടാകും. അതേസമയം ആലുവ മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മണപ്പുറത്ത് 45 ബലിത്തറകളാണ് ഇത്തവണ ഒരുക്കുന്നത്. മഴയെത്തുടർന്ന് ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല.
Recent Comments