വയനാട് ദുരന്തം: മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് തെർമല്‍ ഇമേജിംഗ് പരിശോധനയിൽ കണ്ടെത്തൽ

വയനാട് ദുരന്തം: മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് തെർമല്‍ ഇമേജിംഗ് പരിശോധനയിൽ കണ്ടെത്തൽ

രാജ്യത്തിന്റെയാകെ ദുഃഖമായി മാറിയ വയനാട് മുണ്ടക്കൈ ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന് ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റേയും സർക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും വിധത്തിലാണ് കണ്ടെത്തൽ. കൊച്ചിയിലെ ഏജന്‍സിയാണ് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെർമല്‍ ഇമേജിംഗ് പരിശോധന റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി.

മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ഐഎസ്ആർഒയും പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. പാറക്കെട്ടുകൾ ഉൾപ്പെടെ വെള്ളം ഒഴുകിയെത്തിയത് എട്ട് കിലോമീറ്റർ ദൂരത്തിലാണ്. ദുരന്തമേഖല 86000 ചതുരശ്ര മീറ്റർ വരും. റഡാർ സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.

വയനാട് ദുരന്തം: മരണം 297 ആയി

വയനാട് ദുരന്തം: മരണം 297 ആയി

കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. ഇനിയും 200 ലേറെ പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കാൻ കെഎസ്ആർടിസിയെ സമീപിക്കാം

ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കാൻ കെഎസ്ആർടിസിയെ സമീപിക്കാം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ എത്തിക്കുവാൻ കെഎസ്ആർടിസിയെ സമീപിക്കാം. ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഓഫിസ് അറിയിച്ചു. ദുരിതബാധിതർക്കുള്ള സഹായം അറിയിച്ചുകൊണ്ട് ധാരാളം പേർ മുന്നോട്ടു വന്നിട്ടുണ്ട്.

ദുരിതബാധിതർക്കുള്ള സാധന സാമഗ്രികൾ നേരിട്ട് എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ദുരന്തമുഖത്തെ തിരക്ക് ഒഴിവാക്കുന്നതിനും ഏവരും സ്വരൂപിക്കുന്ന ദുരിതബാധിതർക്കുള്ള സാധനസാമഗ്രികൾ ബന്ധപ്പെട്ട ജില്ലാ കളക്ഷൻ സെൻറ്റുകളിൽ എത്തിച്ചു നൽകുന്നത് ജില്ലാ ഭരണകൂടങ്ങൾ മുഖാന്തിരം എത്തിക്കുന്നതിന് കെഎസ്ആർടിസി സജ്ജമാണ്.അതാത് ജില്ലാ ഭരണകൂടം സ്വരൂപിച്ച വസ്തുക്കൾ കെഎസ്ആർടിസ് ബസ് സ്റ്റേഷനുകളിൽ എത്തിച്ചാൽ വടക്കൻ മേഖലയിലേയ്ക്ക് സർവീസ് പോകുന്ന കെഎസ്ആർടിസി വാഹനങ്ങളിൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തി ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ അറിയിച്ച് യഥാസമയം കൈമാറാനും വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: പശ്ചിമബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലായി പുതിയ ന്യൂനമര്‍ദം രുപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

മുഖ്യമന്ത്രി ചൂരൽമലയിലെത്തി ബെയിലി പാലം നിര്‍മാണ പുരോഗതി വിലയിരുത്തി

മുഖ്യമന്ത്രി ചൂരൽമലയിലെത്തി ബെയിലി പാലം നിര്‍മാണ പുരോഗതി വിലയിരുത്തി

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്. ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ചു. പാലത്തിന്‍റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.വൈകുന്നേരത്തോടെ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനായാണ് ബെയിലി പാലം നിര്‍മിക്കുന്നത്. ദുരന്ത ഭൂമിയായ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെങ്കില്‍ പാലം നിര്‍മാണം പൂര്‍ത്തിയാകണം. മുണ്ടക്കൈയെയും ചൂരല്‍മലയെയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയെത്തിയത്. സൈന്യം നിര്‍മിച്ച താല്‍ക്കാലിക നടപ്പാലമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല. ബെയിലി പാല നിര്‍മാണം കണ്ടശേഷം ദുരന്തഭൂമിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മണ്‍സൂണ്‍ ഇന്ത്യയുടെ കൃഷിക്ക് നിര്‍ണായകമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ 52 ശതമാനവും മണ്‍സൂണിനെയാണ് ആശ്രയിക്കുന്നത്. രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ജലസംഭരണികള്‍ നിറയ്ക്കാന്‍ മണ്‍സൂണ്‍ നിര്‍ണായകമാണ്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയുടെ ദീര്‍ഘകാല ശരാശരിയായ 422.8 മില്ലിമീറ്ററിന്റെ 106 ശതമാനമായിരിക്കുമെന്നും ഐഎംഡി കണക്കുകൂട്ടുന്നു. ജൂണ്‍ 1 മുതല്‍ ശരാശരി 445.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 453.8 മില്ലീമീറ്ററാണ് ഇതുവരെ ലഭിച്ച മഴ. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതല്‍ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വടക്കുകിഴക്കന്‍, കിഴക്കന്‍ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച് അടക്കമുള്ള മേഖലകളില്‍ സാധാരണയിലും താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയുടെ ചില ഭാഗങ്ങളില്‍ മഴയുടെ കുറവുണ്ടാകുമെന്നും ഐഎംഡി മേധാവി പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ ഇന്ത്യയില്‍ ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം കൂടുതല്‍ മഴ രേഖപ്പെടുത്തി. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ 33 ശതമാനം അധിക മഴ ലഭിച്ചു. കൃഷിക്ക് മണ്‍സൂണ്‍ മഴയെ വന്‍തോതില്‍ ആശ്രയിക്കുന്ന മധ്യ ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം മണ്‍സൂണ്‍ സീസണിലും നല്ല മഴ ലഭിക്കുന്നുണ്ടെന്നും ഇത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും മൊഹപത്ര പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കുറവ് 35 മുതല്‍ 45 ശതമാനം വരെയാണ്.