by Midhun HP News | Apr 24, 2026 | Latest News, കേരളം
കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു. മുമ്പ് പലപ്പോഴും രാജി സന്നദ്ധത അറിയിച്ചിട്ടുള്ള ബി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ രാജിവെക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് ബി ഉണ്ണികൃഷ്ണന്റെ വിശദീകരണം.
ബി ഉണ്ണികൃഷ്ണന്റെ രാജിയെ തുടര്‍ന്ന് ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഉണ്ണികൃഷ്ണനും പങ്കുവെക്കുന്നുണ്ട്. യോഗത്തിന് ശേഷമായിരിക്കും രാജിയില്‍ അന്തിമതീരുമാനമെടുക്കുക.സംഘടന രൂപീകരിച്ച സമയം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ നേതൃത്വത്തിലുണ്ട്. പുതിയ നേതൃത്വം വരട്ടെയെന്ന നിലപാടിലാണ് ഉണ്ണികൃഷ്ണന്‍. 2008 മുതല്‍ ഫെഫ്‌കയുടെ തലപ്പത്ത് ഉണ്ണികൃഷ്ണനുണ്ടായിരുന്നു. മുമ്പ് പലപ്പോഴും ഉണ്ണികൃഷ്ണന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചപ്പോഴും സംഘടന തള്ളിക്കളയുകയായിരുന്നു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മിഷണര്‍ ആര്‍. ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്.
കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റര്‍ ഉയരത്തില്‍വരെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നിരുന്നു. നാലുപേര്‍ കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കന്‍ഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നയാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.
അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കല്‍ വരെയുള്ള പ്രദേശങ്ങളും. ഇവിടേക്ക് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എന്തിനെത്തി എന്നതടക്കം പരിശോധിക്കുന്നുണ്ട്. സന്നിധാനത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നുമാണ് കോസ്റ്റ്ഗാര്‍ഡ് വിശദീകരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ട്. കാലാവസ്ഥ മോശമായതിനാലാണ് ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത്. കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

by Midhun HP News | Apr 24, 2026 | Latest News, കേരളം
വിധിയുടെ ക്രൂരതയിൽ ഒരു പുഞ്ചിരി മാഞ്ഞുപോയപ്പോൾ, ലോകം മുഴുവൻ ആ കുടുംബത്തോടൊപ്പം കരഞ്ഞു. എന്നാൽ ആ സങ്കടക്കടലിലും മറ്റൊരാൾക്ക് വെളിച്ചമാകാൻ തീരുമാനിച്ച അലിൻ ഷെറിന്റെ മാതാപിതാക്കൾ ഇന്ന് ലോകത്തിന് മുന്നിൽ സ്നേഹത്തിന്റെ മറ്റൊരു പാഠമാവുകയാണ്.
തങ്ങളുടെ പ്രിയപ്പെട്ട മകൾ വിടവാങ്ങിയപ്പോൾ അവളുടെ കരൾ സ്വീകരിച്ച് പുതുജീവൻ ലഭിച്ച ആ കുഞ്ഞിനെ അലിന്റെ അച്ഛനും അമ്മയും ആദ്യമായി നേരിൽ കണ്ട നിമിഷം ഏതൊരു കഠിനഹൃദയന്റെയും കണ്ണ് നിറയിക്കുന്നതായിരുന്നു. ആ കുഞ്ഞിനെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ, നെഞ്ചോട് ചേർത്തപ്പോൾ അവർ അനുഭവിച്ചത് സ്വന്തം മകളുടെ സാന്നിധ്യമായിരുന്നു. മകളുടെ ഓരോ ഹൃദയമിടിപ്പും ആ കുഞ്ഞിലൂടെ തങ്ങൾ കേൾക്കുന്നു എന്ന തിരിച്ചറിവിൽ അവർ വിതുമ്പിപ്പോയി.
“എന്റെ മോൾ മരിച്ചിട്ടില്ല, അവളിലൂടെ അവൾ ജീവിക്കുന്നു…” എന്ന ആ അമ്മയുടെ വാക്കുകൾ ആശ്വാസത്തിന്റേതല്ല, മറിച്ച് വലിയൊരു അതിജീവനത്തിന്റെ പ്രഖ്യാപനമായിരുന്നു. ആ കുഞ്ഞിന്റെ കുസൃതികളിലും ചിരിയിലും അവർ തങ്ങളുടെ അലിനെ തിരയുകയായിരുന്നു. കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച ആ കൂടിക്കാഴ്ച, അവയവദാനമെന്ന വലിയ പുണ്യത്തിന്റെ മഹത്വം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

by Midhun HP News | Apr 24, 2026 | Latest News, കേരളം
ഡൽഹി: ഇന്ത്യയെ ‘നരകക്കുഴി’ എന്ന് അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പരാമർശത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. ട്രംപിന്റെ പരാമർശം ‘അനുചിതവും വിവരക്കേടും മോശവുമാണെന്ന്’ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയെ കുറിച്ചുള്ള പരാമര്‍ശവും അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു. വളരെക്കാലമായി പരസ്പര ബഹുമാനത്തില്‍ തുടരുന്ന ഇന്ത്യ- യുഎസ് ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതല്ല ഈ പരാമര്‍ശമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഗര്‍ഭിണികള്‍ പ്രസവത്തിനായി യുഎസില്‍ എത്തുന്നുവെന്നും അതിലൂടെ അവര്‍ക്ക് ഇന്‍സ്റ്റന്റ് പൗരത്വം ലഭിക്കുന്നു എന്നുമുള്ള രാഷ്‍ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കിൾ സാവേജ് പോസ്റ്റ് ചെയ്ത കത്ത് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഡോണൾഡ് ട്രംപിൻ്റെ അധിക്ഷേപം. അധിക്ഷേപ പോസ്റ്റ് സോഷ്യഷ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ യുഎസ് എംബസി മറ്റൊരു പ്രസ്താവന പുറത്തിറക്കി.
ഇന്ത്യ മഹത്തായ രാജ്യമാണെന്നും നല്ല സുഹൃത്താണെന്നുമാണ് അമേരിക്കൻ വിശ്വസിക്കുന്നതെന്നും യുഎസ് എംബസി വ്യക്തമാക്കി. അതേസമയം ട്രംപിൻ്റെ പരാമർശത്തിൽ മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തിരിച്ചടിച്ചു. മോദിജിയുടെ പ്രിയ സുഹൃത്ത്, ഇന്ത്യയെ അധിക്ഷേപിക്കുകയും അങ്ങേയറ്റം നിന്ദ്യമായ ഒരു പദം ഉപയോഗിക്കുകയും ചെയ്യുന്ന കുറിപ്പ് പങ്കുവെച്ചിട്ടും മോദി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വമേധയാ പൗരത്വം നൽകുന്ന നിയമം ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സാവേജിന്‍റെ കത്ത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും മറ്റു നരകക്കുഴികളിൽ നിന്നുമുള്ള ജനങ്ങൾ അവരുടെ ഗർഭത്തിന്റെ ഒമ്പതാം മാസം അമേരിക്കയിലെത്തി കുഞ്ഞിന് ജന്മം നൽകുകയാണെന്നും അതോടെ ആ കുഞ്ഞുങ്ങൾക്ക് ഉടൻ പൗരത്വം ലഭിക്കുകയാണെന്നും സാവേജിന്റെ കത്തിലുണ്ട്.

by Midhun HP News | Apr 24, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 1040 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,160 രൂപ. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 ആയി. ഇന്നലെയും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 880 രൂപയാണ് ഇന്നലെ കുറഞ്ഞത്. രണ്ടു ദിവസത്തിലുണ്ടായ കുറവ് 1920 രൂപ.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതാവസ്ഥയാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നിരിക്കുന്നതും ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില നൂറു ഡോളറിനു മുകളിലാണ്.

by Midhun HP News | Apr 24, 2026 | Latest News, കേരളം
നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണയുമായി ശ്രീകുമാര്‍ തമ്പി. ക്ഷേത്രോത്സവത്തില്‍ ക്രീസ്തീയ ഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദം ഭജന്‍സിന് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. നന്ദഗോവിന്ദത്തോട് ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നത്.
മാതൃഭൂമിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. സംഗീതത്തിന് എന്തിനാണ് ജാതിമത വേരുകളെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഹിന്ദുവായ താന്‍ എത്രയോ ക്രിസ്ത്യന്‍ ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. തന്നോട് എഴുതരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശമെന്നും അദ്ദേഹം ചോദിക്കുന്നു.
”നന്ദഗോവിന്ദം ഭജന്‍സ് ചെറുപ്പക്കാരുടെ ഒരു സംഘമാണ്. കോട്ടയത്ത് വെമ്പിന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി പ്രതിഫലം വാങ്ങാതെയാണ് അവര്‍ പരിപാടി നടത്തിയതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതും ക്ഷേത്രത്തിനുപുറത്തുള്ള വേദിയില്‍. അതിനിടെ അവര്‍ ഒരുക്രിസ്തീയ ഭക്തിഗാനം പാടുകയും ചെയ്തു. അതു പാടില്ലത്രേ. അതുപറയാന്‍ ആര്‍ക്കാണവകാശം?” അദ്ദേഹം ചോദിക്കുന്നു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പരിപാടികളിലും ഉത്സവവേളകളിലും സജീവമായി സഹകരിക്കുന്നത് അടുത്തുള്ള ക്രിസ്ത്യന്‍ ദേവാലയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്ഷേത്രത്തില്‍ ദീപങ്ങള്‍ കത്തുമ്പോള്‍ പള്ളിയിലും വിളക്കുതെളിയിക്കുന്നു. ഈ മനോഹരമായ സമന്വയത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
തന്റെ നാടായ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ മുന്‍പ് കൊടിമരത്തിന്റെ കവുങ്ങ് കൊടുത്തിരുന്നത് മുസ്ലിം സഹോദരങ്ങളാണ്. തങ്ങളുടെ നാട്ടില്‍ ശബരിമലയില്‍പ്പോയി വന്നാല്‍ മാലയൂരുന്നത് അര്‍ത്തുങ്കല്‍ പള്ളിയിലാണ്. എരുമേലി പള്ളിയില്‍ പോയിട്ടല്ലേ എല്ലാവരും ശബരിമലയില്‍ പോകുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു. സംഗീതത്തിനു മതമില്ല. അത് കലര്‍ത്താന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിക്കുന്നു. സനാതനധര്‍മം എല്ലാ മനുഷ്യരെയും ഏകോപിപ്പിക്കുന്ന ദര്‍ശനമാണ്. സംഗീതവും അങ്ങനെത്തന്നെ. സംഗീതത്തില്‍ മതം കാണുന്നവര്‍, കലര്‍ത്തുന്നവര്‍ ഇതൊക്കെ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘സത്യനായകാ മുക്തി ദായകാ എന്ന തന്റെ ഹിറ്റു ഗാനം കേള്‍ക്കാത്തവരുണ്ടാകില്ല. എത്രയെത്ര വേദികളില്‍ അതു പാടുന്നു. എത്രയെത്ര ക്രിസ്ത്യന്‍ സഹോദരര്‍ അതു കേട്ടു കണ്ണീര്‍വാര്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
”യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്. ഗുരുവായൂരിന്റെ പകലുകളെ ഭക്തിസാന്ദ്രമാക്കുന്നത് യേശുവിന്റെ ശബ്ദമല്ലേ. മലയാളത്തിലെ മനോഹരമായ മാപ്പിളപ്പാട്ടുകളൊക്കെ എഴുതിയത് പി. ഭാസ്‌കരനല്ലേ. യൂസഫലി കേച്ചരി കൃഷ്ണഭക്തി ഗാനങ്ങളെഴുതിയിട്ടില്ലേ. അതു പാടിയത് യേശുദാസല്ലേ. ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി കേട്ടാണ് കാശി വിശ്വനാഥന്‍ ഉണരാറ് എന്നു കേട്ടിട്ടുണ്ട്” എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

Recent Comments