by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവസാനിച്ചു. പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിബിജി റാം ജി പദ്ധതി ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. തൊഴിലുറപ്പു പദ്ധതിയുടെ നിലവിലെ കാർഡിന്റെ പ്രാബല്യം തുടരും. പുതിയ പദ്ധതിയുടെ കാർഡ് ലഭിക്കുന്നതുവരെ, ഇകെവൈസി ചെയ്ത നിലവിലെ കാർഡുകൾ ഉപയോഗിക്കാമെന്നാണ് ഗ്രാമവികസന മന്ത്രാലയം അറിയിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ 100 ആയിരുന്നെങ്കിൽ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. കേരളത്തിൽ ദിവസവേതനം 401 രൂപയായി വർധിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ, കേരളത്തിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ അവർ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിച്ചാൽ നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്തിരുന്നു. എന്നാൽ വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടേത് അടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല. ജലസംരക്ഷണ പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാനാകൂ. കൂടാതെ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ സ്വകാര്യ വ്യക്തികൾക്ക് വീട് നിർമാണം പോലുള്ള പദ്ധതികൾക്ക് അനുമതിയുണ്ട്.
വിബിജി റാം ജി പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ നാലു വിഭാഗങ്ങളിലാണ് പ്രവൃത്തികൾ ചെയ്യേണ്ടത്. അങ്കണവാടി, ഗ്രാമീണ ആരോഗ്യകേന്ദ്രം, വിശ്രമത്തിനായുള്ള പന്തൽ, സർക്കാർ സ്കൂളുകൾക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിർമിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി തുടങ്ങിയവ കരടിലുണ്ട്.
കനാലുകളും ഓവുചാലുകളും വൃത്തിയാക്കൽ, മണ്ണിടിച്ചിൽ തടയാൻ ഭിത്തി, ചെറിയ തടയണ, നീർത്തടം, കനാൽ, മഴക്കുഴികൾ തുടങ്ങിയവയുടെ നിർമാണം, കുഴൽക്കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം– കാട്ടുതീ തടയൽ, റോഡ് നിർമാണം തുടങ്ങിവയും പട്ടികയിലുണ്ട്. മാലിന്യസംസ്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന പദ്ധതികളും കരടിലുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് ശതമാനം കൂലി ചെലവ് വഹിച്ചിരുന്നിടത്ത് ഇനി മുതല്‍ 60 ശതമാനം മാത്രമേ വഹിക്കൂയെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഘ്നേശ്വരി(27)യാണ് മരിച്ചത്. നാഗര്‍കോവില്‍ സ്വദേശിനിയാണ് വിഘ്നേശ്വരി. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നാണ് വീട്ടുകാര്‍ പറയുന്നത്.
നാഗര്‍കോവില്‍ സ്വദേശികളായ നാഗരാജന്‍- കല ദമ്പതികളുടെ മകളാണ് വിഘ്‌നേശ്വരി. സന്ധ്യയ്ക്ക് എത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭര്‍തൃപിതാവ് ചന്ദ്രന്‍ പറഞ്ഞു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു.
രണ്ട് ദിവസം മുമ്പായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികമെന്നും മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നെന്നും ചന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, വിഘേനേശ്വരി ഭര്‍തൃവീട്ടില്‍ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയുടെ കാരണമറിയില്ലന്നും യുവതിയുടെ സഹോദരന്‍ പറഞ്ഞു. വിഘ്‌നേശ്വരിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ സെന്‍സസിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെന്‍സസാണ് ഈ മാസം മുപ്പത് വരെ നടക്കുക. വീടുകളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനൊപ്പം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഓണ്‍ലൈനായുള്ള എന്യൂമറേഷന്‍ നടപടികള്‍ക്കുള്ള അവസാന തിയതി ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇന്ന് മുതല്‍ ഭവന സെന്‍സസിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. 33 ചോദ്യങ്ങളിലൂടെയാണ് എന്യൂമനേറ്റര്‍മാര്‍ വിവരങ്ങള്‍ തേടുക. വീടുകളുടെ നിലവിലെ അവസ്ഥ, കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നിലവിലുള്ള ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്.
ഫീല്‍ഡുതല വിവരശേഖരണം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി വിപുലമായ ജീവനക്കാരെയാണ് സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഇതിനായി 61,282 എന്യൂമറേറ്റര്‍മാരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി 10,189 സൂപ്പര്‍വൈസര്‍മാരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ‘സെല്‍ഫ് എന്യൂമറേഷന്‍’ സമയപരിധി ഇന്നലെയോടെ അവസാനിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി നല്‍കിയ ഈ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. സെന്‍സസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലായിരിക്കും നടക്കുക.
സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകരുടെ ആവലാതി പരിഹരിക്കാൻ ഉത്തരവുമായി സർക്കാർ. ബുധനാഴ്ച സെൻസസ് ആരംഭിക്കുമെങ്കിലും വീടുകൾ കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിയാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ജൂലായിൽ ചെയ്തുതീർക്കേണ്ട സെൻസസ് പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തിനു തടസ്സംവരാത്ത രീതിയിൽ തീർക്കാനാണ് ഈ ക്രമീകരണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ജൂലായിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടു ദിവസം ലഭിക്കും. ഈ ദിനങ്ങൾ വിനിയോഗിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ജോലിയെടുത്ത ഈ ദിവസങ്ങൾക്കു പകരമായി മറ്റു പ്രവൃത്തിദിനങ്ങളിൽ പ്രഥമാധ്യാപകരുടെ മുൻകൂർ അനുമതിയോടെ ഒക്ടോബർ 31-നുള്ളിൽ അധ്യാപകർക്ക് അവധിയെടുക്കാം. സംസ്ഥാനത്തെ 60,000 സ്കൂൾ അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നേരത്തേ, സ്‌കൂൾ സമയത്തിനുശേഷം വൈകീട്ട് സെൻസസ് ജോലികൾ നിർവഹിക്കണമെന്ന് വാക്കാൽ നിർദേശിച്ചത് വിവാദമായിരുന്നു. സെൻസസ് ജോലിയുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപകസംഘനകൾ ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം : റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘പി എം റാഹത്ത്’ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ആശുപത്രികളില്‍ ഏഴു ദിവസം വരെ ചികിത്സ ലഭ്യമാകും.
ഒന്നര ലക്ഷം രൂപയുടെ സഹായം പര്യാപ്തമല്ലെന്നും തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാതെ പിടിച്ചു വച്ചിരിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് സ്ഥിരീകരിച്ച് പൊലീസും ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക ലഭ്യമാക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി സി പി ജോണ്‍ നിയമസഭയെ അറിയിച്ചു.
ഉപാധികളൊന്നുമില്ലാതെയാണ് കേന്ദ്രം ചികിത്സാ സഹായം ലഭ്യമാക്കുക. 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ യാത്രാ ഇളവിന് പാസ് ലഭിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 50,000 രൂപയായി ഉയര്‍ത്തും. നിലവില്‍ ഇത് 20,000 രൂപയാണ്. കെഎസ്ആര്‍ടിസി ബസ് ഇടിച്ചു പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ ലഭ്യമാക്കും. സംസ്ഥാനത്ത് പ്രതിവര്‍ഷം നാലായിരത്തിലേറെ പേരാണ് വാഹനാപകടങ്ങളില്‍ മരിക്കുന്നത്. ഇത് ആയിരമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സംസ്ഥാന തല യജ്ഞത്തിന് സര്‍ക്കാര്‍ തുടക്കമിടും. വേമ്പനാട് കായലില്‍ സണ്‍സെറ്റ് ക്രൂസ് നടപ്പാക്കും. തിരുവനന്തപുരത്ത് വേളിയില്‍ നിന്നും അഞ്ചുതെങ്ങിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കും. കൊച്ചി, കോട്ടയം, ആലപ്പുഴ എന്നിവ ബന്ധിപ്പിച്ച് ചരക്ക് ജലഗതാഗത പാത ആലോചനയിലുണ്ട്. വായു മലിനീകരണം കുറയ്ക്കാന്‍ ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്നത് പരിഗണിക്കുമെന്നും ഗതാഗതമന്ത്രി സിപി ജോണ്‍ അറിയിച്ചു.
by Midhun HP News | Jul 1, 2026 | Latest News, കേരളം
കൊച്ചി: ഇന്നലെ കുറഞ്ഞും കൂടിയും നിന്ന സ്വര്‍ണ വിലയില്‍ ഇന്നു രാവിലെ വന്‍ ഇടിവ്. പവന് 920 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,03,240 രൂപ. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905ല്‍ എത്തി.
ഇന്നലെ രാവിലെ ജൂണിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ വില ഉച്ചയോടെ തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. രാവിലെ പവന് 1320 രൂപ കുറഞ്ഞിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന് പുറമേ അമേരിക്ക- ഇറാന്‍ സമാധാന കരാറിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി കുറഞ്ഞതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 1,14,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jul 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്‌സ്‌ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തില്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
‘പസഫിക് സമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിസന്ധി രാജ്യത്തൊട്ടാകെയുണ്ട്. ഉഷ്ണതരംഗം വ്യാപിച്ചതോടെ വൈദ്യുതി ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ജൂണ്‍ 15നു ശേഷം കൂടുതല്‍ മഴ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. കടം വാങ്ങിയത് തിരിച്ചു കൊടുത്തേ മതിയാകൂ. നമ്മുടെ ജലസംഭരണികളിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കാനുള്ള സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്. എന്നാല്‍ മഴ കുറഞ്ഞതോടെ ഉല്‍പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ലോകകപ്പ് ആവേശം കൂടിയായതോടെ സംസ്ഥാനത്ത് രാത്രികാല വൈദ്യുതോപഭോഗം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണം അവസാനിപ്പിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. എന്നാല്‍ കേന്ദ്രപൂളില്‍ വൈദ്യുതി ലഭ്യമല്ലാത്തത് തിരിച്ചടിയായി.
അതേസമയം ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പത്തുകൊല്ലം മുമ്പത്തെ ഇരുട്ട് കേരളത്തില്‍ തിരിച്ചുവരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ കഴിയാത്തത് ആസൂത്രണത്തിലെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയത് എല്‍ഡിഎഫാണെന്നും അതിന്റെ തുടര്‍ച്ചയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.
Recent Comments