വയനാട് ഉരുള്‍പൊട്ടല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ധനസഹായവുമായി ഡോക്ടര്‍ എംഎ യൂസഫലി തുടങ്ങി പ്രമുഖർ

വയനാട് ഉരുള്‍പൊട്ടല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായവുമായി ഡോക്ടര്‍ എംഎ യൂസഫലി തുടങ്ങി പ്രമുഖർ

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എംഎ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി.

തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു ഓഫീസില്‍ എത്തി കൈമാറി. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവരെല്ലാം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.

മറ്റൊരു കാര്യം സൂചിപ്പിക്കാനുള്ളത് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയിലേക്ക് വയനാട് ജില്ല ഭരണസംവിധാനത്തിന്റെ മേല്‍നോട്ടത്തില്‍ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് കൃത്യമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ദുരിതബാധിതരെ സഹായിക്കാന്‍ എന്ന പേരില്‍ നടക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ ഒഴിവാക്കേണ്ടതാണ്.

സന്നദ്ധ സംഘടനകളുടെ പേരില്‍ അടക്കം ഒറ്റയ്ക്കും കൂട്ടായും പല സ്ഥലങ്ങളായി നടക്കുന്ന പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിര്‍ത്തിവെക്കണം. ഈ ഘട്ടത്തില്‍ അത് ഉപകാരപ്പെടുന്ന ഒരു പ്രക്രിയയല്ല. അതുകൊണ്ട് അതില്‍ പങ്കാളികള്‍ ആയിരിക്കുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. ശേഖരിച്ച വസ്തുക്കള്‍ അതത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് കൈമാറണം. ഇനി എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ദുരന്തനിവാരണ അതോറിറ്റി അറിയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിതീവ്ര മഴ: ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് കലക്ടര്‍

അതിതീവ്ര മഴ: ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ നിന്നും മാറിത്താമസിക്കണമെന്ന് വയനാട് കലക്ടര്‍

കല്‍പ്പറ്റ: വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയില്‍ നിന്നും മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. ഇതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍ ഉള്‍പൊട്ടിയ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. വൈത്തിരി താലൂക്കിലെ കുറുമ്പാലക്കോട്ട, ലക്കിടി, മണിക്കുന്നു മല, മുട്ടില്‍കോല്‍പ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന, മാനന്തവാടി താലൂക്കിലെ പഞ്ചാരകൊല്ലി പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍;

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ പത്തും കേരളത്തില്‍;

തിരുവനന്തപുരം: ഇന്ത്യയില്‍ കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള 30 ജില്ലകളില്‍ 10 എണ്ണം കേരളത്തിലാണെന്ന് പഠനങ്ങൾ. പട്ടികയില്‍ വയനാട് 13-ാം സ്ഥാനത്താണ്. പശ്ചിമഘട്ടത്തിലെയും കൊങ്കണ്‍ കുന്നുകളിലെയും (തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര) 0.09 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ അറ്റ്ലസിൽ വ്യക്തമാക്കുന്നു.

പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടത്തിലെ അധിവാസവും കെട്ടിടങ്ങളും മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു. പ്രത്യേകിച്ചും, കേരളത്തില്‍ പശ്ചിമഘട്ട മേഖലയില്‍ ജനസാന്ദ്രതയും ഗാര്‍ഹിക സാന്ദ്രതയും വളരെ ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2021-ല്‍ സ്പ്രിംഗര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, കേരളത്തിലെ എല്ലാ ഉരുള്‍പൊട്ടല്‍ ഹോട്ട്സ്പോട്ടുകളും പശ്ചിമഘട്ട മേഖലയിലാണെന്ന് വ്യക്തമാക്കുന്നു. അത് ഇടുക്കി, എറണാകുളം, കോട്ടയം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വനം കുറഞ്ഞു, തോട്ടങ്ങൾ കൂടി

കേരളത്തിലെ മൊത്തം ഉരുള്‍പൊട്ടലിന്റെ 59 ശതമാനവും തോട്ടം മേഖലകളിലാണ് സംഭവിച്ചത്. വയനാട്ടിലെ വനവിസ്തൃതി കുറയുന്നത് സംബന്ധിച്ച് 2022-ല്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് 1950-നും 2018-നുമിടയില്‍ ജില്ലയിലെ 62 ശതമാനം വനങ്ങളും അപ്രത്യക്ഷമായപ്പോള്‍, തോട്ടങ്ങളുടെ വിസ്തൃതി 1,800 ശതമാനത്തോളം ഉയര്‍ന്നു എന്നാണ്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം 1950-കള്‍ വരെ വയനാട്ടിലെ മൊത്തം വിസ്തൃതിയുടെ 85 ശതമാനവും വനമേഖലയായിരുന്നു.

കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ടത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ എട്ട് ‘സുപ്രധാന ഹോട്ട്‌സ്‌പോട്ടുകളില്‍’ ഒന്നാണിതെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അറബിക്കടലില്‍ ചൂട് കൂടുന്നത് മേഘസംഘാതത്തിന് വഴിയൊരുക്കുകയും, അത് ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്ര മഴ പെയ്യാന്‍ കാരണമാകുകയും ചെയ്യുന്നു. ഇതുമൂലം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നതായും കുസാറ്റ് കാലാവസ്ഥ വിഭാഗം ഗവേഷണ ഡയറക്ടര്‍ എസ് അഭിലാഷ് പറയുന്നു.

തെര്‍മോഡൈനാമിക് അസ്ഥിരത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചൂട് കൂടുന്നത് കേരളമുള്‍പ്പെടെയുള്ള പ്രദേശത്തിന് മുകളിലെ അന്തരീക്ഷം തെര്‍മോഡൈനാമിക് അസ്ഥിരമാകാന്‍ കാരണമാകുന്നു. ഈ അന്തരീക്ഷ അസ്ഥിരത, മേഘങ്ങള്‍ രൂപപ്പെടാന്‍ അനുവദിക്കുന്നു, ഇത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നേരത്തെ ഈ പ്രതിഭാസവും പെട്ടെന്നുള്ള അതിതീവ്രമഴയും മംഗലാപുരത്തിന് വടക്കുള്ള വടക്കന്‍ കൊങ്കണ്‍ മേഖലയിലാണ് സാധാരണയായി കണ്ടിരുന്നതെന്നും എസ് അഭിലാഷ് പറയുന്നു.

2022-ല്‍ എന്‍പിജെ ക്ലൈമറ്റ് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് മഴമേഘങ്ങൾ കൂടുതൽ കൂട്ടമായി മാറുന്നതായി കണ്ടെത്തിയതായി അഭിലാഷും മറ്റ് ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം മഴയുടെ സവിശേഷത പലപ്പോഴും ഒരു ചെറിയ പ്രദേശത്ത് വളരെപ്പെട്ടെന്ന് തീവ്രമായ മഴയും ഇടിമിന്നലും ഉണ്ടാക്കുന്നു.

അഭിലാഷും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെയും ഇന്ത്യാ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ മറ്റൊരു പഠനത്തില്‍, കൊങ്കണ്‍ മേഖലയിലെ കനത്ത മഴയുടെ ഹോട്ട്സ്പോട്ടുകളില്‍ ഒന്ന് മാരകമായ പ്രത്യാഘാതങ്ങളോടെ തെക്കോട്ട് മാറിയതായി കണ്ടെത്തി. മഴയുടെ തീവ്രത കൂടുന്നത് വര്‍ഷകാലത്ത് കിഴക്കന്‍ കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചരിവുകളില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പഠനം പറയുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.കാലാവസ്ഥ വ്യതിയാനത്തിനൊപ്പം പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടേയും പരിണിതഫലമാണ് വയനാട്ടിലുണ്ടായ വന്‍നാശം വിതച്ച ഉരുള്‍പൊട്ടലെന്ന് പഠനങ്ങള്‍. കാലാവസ്ഥാ വ്യതിയാനം, ഭൂപ്രദേശത്തിന്റെ അതിലോലാവസ്ഥ, വനമേഖലയുടെ നഷ്ടം എന്നിവ വയനാട് ജില്ലയിലെ പ്രകൃതി ദുരന്തത്തിന് വഴിയൊരുക്കിയതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വയനാട് ദുരന്തം: മരണപ്പെട്ട കര്‍ണാടക സ്വദേശികള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

വയനാട് ദുരന്തം: മരണപ്പെട്ട കര്‍ണാടക സ്വദേശികള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍, അതേസമയം ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 185 ആയി.

ഭീകരമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ ദുരന്തത്തില്‍ കര്‍ണാടകസ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായത് അതിലേറെ വേദനയുണ്ടാക്കിയെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുതിര്‍ന്ന രണ്ട് ഐഎഎസ് ഓഫീസറും ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡിനെ വയനാട്ടിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമുഖത്തുള്ളവരെ രക്ഷിക്കുകയെന്നതാണ് പ്രഥമ പരിഗണന. അപകടത്തില്‍പ്പെട്ട കര്‍ണാടക സ്വദേശികളെ സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ശ്രമമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല; ജനങ്ങളെ ഒഴിപ്പിക്കണമായിരുന്നെന്ന് അമിത് ഷാ

കേരളം വേണ്ട പോലെ പ്രവര്‍ത്തിച്ചില്ല; ജനങ്ങളെ ഒഴിപ്പിക്കണമായിരുന്നെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലിനു മുമ്പായി രണ്ടു തവണ കേരളത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ 23നും 24നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. അത് അനുസരിച്ച് കേരളം നടപടികള്‍ എടുത്തിരുന്നെങ്കില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാമായിരുന്നെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

നേരത്തെ പല സംസ്ഥാനങ്ങളും കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച് പ്രവര്‍ത്തിച്ച് ദുരന്ത ആഘാതം കുറച്ചിട്ടുണ്ട്. ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതു ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.ദുരന്ത പ്രതികരണ സേനാ സംഘത്തെ (എന്‍ഡിആര്‍എഫ്) മുന്‍കൂട്ടി കേരളത്തിലേക്ക് അയച്ചിരുന്നു. ജൂലൈ 23ന് ഒന്‍പതു സംഘത്തെയും 30ന് മൂന്നു സംഘത്തെയും അയച്ചു. എന്നാല്‍ സര്‍ക്കാര്‍ വേണ്ട സമയത്ത് ജനങ്ങളെ ഒഴിപ്പിച്ചില്ല. എന്‍ഡിആര്‍എഫ് സംഘം എത്തിയതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി പ്രവര്‍ത്തിക്കണമായിരുന്നു.പ്രകൃതി ദുരന്തങ്ങള്‍ക്കു മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കാന്‍ കഴിയുന്ന ലോകത്തെ നാലു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യെന്ന് അമിത് ഷാ പറഞ്ഞു. ഏഴു ദിവസം മുന്‍കൂട്ടി ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കാനാവും. ദുരന്തത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാറപോലെ കേരള സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുമെന്ന് അമിത് ഷാ പറഞ്ഞു.

‘കേരളം ഇങ്ങനെയാണ്, എന്തുസംഭവിച്ചാലും നാം ഒന്നിച്ചു നിൽക്കും, പരസ്പരം സഹായിക്കും’: ദുല്‍ഖർ സൽമാൻ

‘കേരളം ഇങ്ങനെയാണ്, എന്തുസംഭവിച്ചാലും നാം ഒന്നിച്ചു നിൽക്കും, പരസ്പരം സഹായിക്കും’: ദുല്‍ഖർ സൽമാൻ

ഐക്യത്തിൻ്റെയും ധീരതയുടെയും അർപ്പണബോധത്തിൻ്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കാണുന്നതെന്ന് ദുൽഖർ സൽമാൻ. വയനാട്ടിലെ ദുരിത മുഖത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് ദുൽഖർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

ഏതു വിപത്തിലും ഒറ്റക്കെട്ടായി നമ്മൾ നിൽക്കുമെന്നും വിളിച്ചോതുന്ന പ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നത്. ദുരന്തം വിതച്ച പ്രദേശത്ത് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്നുവെന്നും തന്റെ പ്രാർത്ഥനകൾ അവർക്കൊപ്പം എന്നുമുണ്ടാകുമെന്നും ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു. ‘ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത് സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക നായകന്മാർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള പ്രാർത്ഥന’ എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.