മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്ത് പൊലീസ്

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്ത് പൊലീസ്

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതില്‍ കേസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.

ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്‌സില്‍ കോയിക്കോടന്‍സ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.

തെറ്റിധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തെറ്റിദ്ധരിപ്പിക്കുന്നതും ദുരന്തനിവാരണ ശ്രമങ്ങള്‍ക്ക് തടസമാകുന്നതുമായ തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടോയെന്ന് അറിയാന്‍ സൈബര്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന്‍ വില 400 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,600 രൂപയാണ്. ഗ്രാം വിലയില്‍ 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6450 രൂപ.

ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും 50,000 കടന്നിരിക്കുകയാണ്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ബജറ്റ് അവതരണത്തിനു ശേഷം കുറഞ്ഞ സ്വര്‍ണ വില, ശനിയാഴ്ച മുതലാണ് ഉയരാന്‍ തുടങ്ങിയത്.

വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇവ തദ്ദേശ സ്ഥാപനങ്ങളെ ല്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു.

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും

രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിലെത്തും

ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും. തുടർന്ന് 12 മണിയോടെ ഇവർ കൽപ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിക്കും.

ബുധനാഴ്ച വയനാട്ടിലെത്താനായിരുന്നു വയനാടിന്റെ മുൻ എംപി കൂടിയായ രാഹുൽ​ഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഇരുവരും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് തന്നെ വയനാട്ടിലെത്തുമെന്ന് രാഹുൽ അറിയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തം രാഹുല്‍​ഗാന്ധി ലോക്സഭയിലും ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഹുൽ​ഗാന്ധി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീനവും കേരളത്തിൽ മഴ ശക്തമാകാൻ കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.8 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; കൈയടിച്ച് സൈബര്‍ ലോകം

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’; കൈയടിച്ച് സൈബര്‍ ലോകം

ഒരുമിച്ച് കിടന്നുറങ്ങിയവരാണ്. ഇപ്പോള്‍ ഒപ്പമില്ല. ഉറ്റവരെ എവിടെയെങ്കിലും കണ്ടെത്താനാകും എന്ന പ്രതീക്ഷയില്‍ ദുരിതാശ്വാസ ക്യാംപുകളിലും ആശുപത്രികളിലും കഴിയുന്നവര്‍..അങ്ങനെ സമാനതകളില്ലാത്ത ദുഃഖത്തില്‍ കേരളം അതിജീവന ശ്രമത്തിലാണ്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തിലാണ്. ഓരോ അണുവിലും വയനാടിനെ എങ്ങനെ ചേര്‍ത്ത് പിടിക്കാമെന്ന് ചിന്തിക്കുകയാണ് എല്ലാവരും. ഇതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തകരിലേക്ക് എത്തിയെന്ന് കരുതുന്ന വ്യത്യസ്തമായ ഒരു അഭ്യര്‍ഥനയാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച.

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്‌സ് ആപ്പ് സ്‌ന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇത് അയച്ച ആളിന്റെ പേരും വിവരങ്ങളും മായ്ച്ചുകൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ആരാണ്, എന്താണ് എന്ന് അറിയില്ലെങ്കിലും ചേര്‍ത്ത് പിടിക്കലിന്റെ ഈ മാതൃകയ്ക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട പേരാണ് അവരുടേത്. അതുകൊണ്ട് പേര് മറയ്ക്കാതെ കാണിക്കൂ എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.