by Midhun HP News | Jul 31, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 180 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 89 പേരെ തിരിച്ചറിഞ്ഞു. 225 പേരെയാണ് കാണാതായാണെന്നും റവന്യുവകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
143 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 63 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.106 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. 195 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 90 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. വയനാട്ടില്‍ 85 പേരും മലപ്പുറത്ത് 5 പേരുമാണ് ചികിത്സയിലുള്ളതെന്നാണ് കണക്കുകകള്‍.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ തയ്യാറാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ 2018ലും 2019ലും ഉണ്ടായ വലിയ പ്രളയം അതിജീവിച്ച കേരളം ഇതും അതിജീവിക്കും. ഇത്തരത്തിലുള്ള ദുരന്തത്തെ അഭിമുഖീകരിക്കാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഹായം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പടെ സാധ്യമായതെല്ലാം കേന്ദ്ര- സംസ്ഥാന ഏജന്‍സികള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാം ഒരുമിച്ചിറങ്ങണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും ഇന്നലെ പുലര്‍ച്ച വയനാട്ടിലുണ്ടായത് വന്‍ ദുരന്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Jul 31, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തു കോടി രൂപ. രണ്ടാം സമ്മാനം പത്തുലക്ഷം വീതം അഞ്ചുപേര്‍ക്ക്. MA 425569, MB 292459,MC 322078, MD 159426, ME 224661 എന്നി നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. MA, MB, MC, MD, ME എന്നി അഞ്ച് സീരിസുകളിലാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി പുറത്തിറക്കിയത്.
by Midhun HP News | Jul 31, 2024 | Latest News, കേരളം
അടുത്ത 3 മണിക്കൂറിൽ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്.കേരളത്തിൽ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപ്പിച്ചു.
by Midhun HP News | Jul 31, 2024 | Latest News, കേരളം
വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലം നിർമാണം പുരോഗമിക്കുന്നു. കരസേനയുടെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്. പാലം നിർമാണത്തിനായുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്നാണ് എത്തിച്ചത്. വിമാന മാർഗവും കരമാർഗവുമാണ് ഇവ എത്തിച്ചത്. മുണ്ടക്കൈയിലേക്ക് ഹിറ്റാച്ചി അടക്കമുള്ള യന്ത്രങ്ങൾ എത്തിക്കാൻ ബെയിലി പാലം ആവശ്യമാണ്. 85 അടി നീളമുള്ള പാലമാണ് നിർമിക്കുക. മഴ മാറി നിൽക്കുന്നത് ആശ്വാസം നൽകുന്നുണ്ടെന്നും പുഴയിലെ ഒഴുക്ക് കുറയുമെന്നാണ് പ്രതീക്ഷയെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
അതേസമയം ഉരുൾപൊട്ടലിൽ മരണസംഖ്യ 157 ആയി ഉയർന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാദൗത്യം തുടരുകയാണ്. രാവിലെ ആറ് മണിയോടെ തന്നെ മേഖലയിൽ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. നാല് സംഘങ്ങളായാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
by Midhun HP News | Jul 31, 2024 | Latest News, കേരളം
ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെഎസ്ഇബി കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി.
ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായതായി കണക്കാക്കുന്നത്.
ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും
പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേക്ക് കടന്ന് വൈദ്യതി പുന:സ്ഥാപന ശ്രമങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ലെന്നും KSEB അറിയിച്ചു.
by Midhun HP News | Jul 31, 2024 | Latest News, കേരളം
തിരുവനന്തപുരം; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. വിവിധ ജില്ലകളില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറന്‍/ വടക്കു പടിഞ്ഞാറന്‍ കാറ്റ് അടുത്ത രണ്ടു മൂന്നു ദിവസം ശക്തമായി തുടരാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ 1.9 മുതല്‍ 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Recent Comments