ഉള്ളുലഞ്ഞ് നാട്; 174 മരണം സ്ഥിരീകരിച്ചു, തെരച്ചിൽ തുടരുന്നു

ഉള്ളുലഞ്ഞ് നാട്; 174 മരണം സ്ഥിരീകരിച്ചു, തെരച്ചിൽ തുടരുന്നു

ഇന്നലെ കുത്തിയൊലിച്ചെത്തിയ ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാടും കേരളവും. ഉറ്റവരെ കാണാതായവരെ തേടിയുള്ള ബന്ധുക്കളുടെ പരക്കം പാച്ചിലും, തേങ്ങലടിച്ചുള്ള വാക്കുകളും മാത്രമാണ് മുണ്ടക്കൈയിൽ നിന്ന് പുറത്തുവരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 174 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.

വയനാട് ഉരുൾപൊട്ടൽ; ബെയ്‌ലി പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തി

വയനാട് ഉരുൾപൊട്ടൽ; ബെയ്‌ലി പാലം നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളുമായി നിർമ്മിക്കാനുള്ള സാമഗ്രികൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചു. വ്യോമസേന വിമാനത്തിലാണ് കണ്ണൂരിലെത്തിച്ചത്. ഉപകരണങ്ങളും പാലത്തിന്റെ ഭാഗങ്ങളും ആദ്യഘട്ടത്തിൽ 5 ട്രക്കുകളിലായി വയനാട്ടിലേക്ക് എത്തും.

കണ്ണൂർ പ്രതിരോധ സുരക്ഷാസേന ടീം വിമാനത്താവളത്തിൽ സജ്ജമാണ്. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തുക. ചൂരൽമലയിൽ പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുന്നതിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. ചൂരൽമലയിൽ നാലുസംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാപ്രവർത്തനം നടത്തുന്നത്.

ചൂരൽമല പുഴയിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത് സൈന്യം കെട്ടിയ താൽക്കാലിക പാലമാണ്. മുണ്ടക്കൈ അട്ടമല മേഖലയിൽ നിന്ന് രക്ഷപ്പെട്ട ആളുകളെ പാലം വഴി എത്തിക്കുന്നുണ്ട്. കണ്ടെടുക്കുന്ന മൃതശരീരങ്ങൾ കൊണ്ടുവരുന്നത് സിപ് ലൈനിലൂടെയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 166 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.

രാത്രി വൈകിയും വയനാടിനായി കളക്ഷന്‍ സെന്ററില്‍ നിഖില വിമല്‍

രാത്രി വൈകിയും വയനാടിനായി കളക്ഷന്‍ സെന്ററില്‍ നിഖില വിമല്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി.

സജീവമായി പ്രവര്‍ത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് നിഖില അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നത്. താരത്തിനൊപ്പം നിരവധി യുവതി-യുവാക്കളും പ്രവർത്തിക്കുന്നതും വീഡിയോയിൽ കാണാം.

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണം എന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടം പുറത്തുവിട്ട കണ്‍ട്രോള്‍ റൂം നമ്പറുകളും താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഈ വിവരങ്ങള്‍ പങ്കിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം അപ്‌ഡേറ്റ് മാറ്റിവെച്ചിരുന്നു. ഉരുള്‍പൊട്ടല്‍, മഴ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മുന്നറിയിപ്പുകളും ടൊവിനോ പങ്ക് വെച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍ ചിത്രത്തിന്റെ റിലീസ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച മിക്ക മുന്നറിയിപ്പുകളും താരം തന്റെ പേജില്‍ പങ്ക് വെച്ചിട്ടുമുണ്ട്. കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിന്റെ പോസ്റ്ററും മഞ്ജുവിന്റെ പേജിലുണ്ട്.

ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുവിച്ച അറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറന്‍/ വടക്കു പടിഞ്ഞാറന്‍ കാറ്റ് അടുത്ത രണ്ടു മൂന്നു ദിവസം ശക്തമായി തുടരാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 03 വരെ ശക്തമായ മഴ തുടര്‍ന്നേക്കും.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വില 640 രൂപ കൂടി, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,200 രൂപയാണ്. ഗ്രാം വിലയില്‍ 80 രൂപയാണ്കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6440 രൂപ.

ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വില വീണ്ടും 50,000 കടന്നിരിക്കുകയാണ്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.ബജറ്റ് അവതരണത്തിനു ശേഷം കുറഞ്ഞ സ്വര്‍ണ വില, ശനിയാഴ്ച മുതലാണ് ഉയരാന്‍ തുടങ്ങിയത്.

ദുരന്തത്തിന് ഇരയായവര്‍ക്ക് അന്ത്യവിശ്രമം; ചടങ്ങുകള്‍ മതാചാരപ്രകാരം

ദുരന്തത്തിന് ഇരയായവര്‍ക്ക് അന്ത്യവിശ്രമം; ചടങ്ങുകള്‍ മതാചാരപ്രകാരം

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് മേപ്പാടിയിലെ ശ്മശാനങ്ങളില്‍ അന്ത്യവിശ്രമമൊരുക്കി. ഇസ്ലാംമതവിശ്വാസികള്‍ക്ക് മേപ്പാടി വലിയ പള്ളി, നെല്ലിമുണ്ട മഹല്ല് ഖബര്‍ ഖബര്‍സ്ഥാനികളിലും ഹിന്ദുമത വിശ്വാസികള്‍ക്ക് മേപ്പാടി ടൗണിലെ ഹിന്ദുശ്മശാനത്തിലുമാണ് അന്ത്യവിശ്രമമൊരുക്കിയത്.

34 ഖബറുകളാണ് മേപ്പാടിയില്‍ ഒരുക്കിയത്. നെല്ലിമുണ്ടയില്‍ പത്തും. ഹിന്ദു മതാചാര പ്രകാരം മേപ്പാടി ശ്മശാനത്തില്‍ നൂറിലേറെ മൃതദേഹങ്ങള്‍ക്കാണ് ചിതയൊരുക്കിയത്. മേപ്പാടി പൊതുജനാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി അന്ത്യകര്‍മങ്ങള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്.

അതേസമയം, ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടാംദിന രക്ഷാദൗത്യം പുരോഗമിക്കുന്നു. നാലു സംഘങ്ങളായി 153 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലെത്തി. കാലാവസ്ഥ അനുകൂലമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ എത്തിച്ചും രക്ഷാപ്രവര്‍ത്തനം നടത്തും. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെത്തി. ലഫ്റ്റനന്റ് കമാന്‍ഡന്റ് ആഷിര്‍വാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 45 നാവികര്‍, അഞ്ച് ഓഫിസര്‍മാര്‍, 6 ഫയര്‍ ഗാര്‍ഡ്‌സ് ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.

ദുരന്തത്തില്‍ ഇതുവരെ 162 പേരുടെ മരണം സ്ഥിരീകരിച്ചു. 89 പേരെ കണ്ടെത്തിയിട്ടില്ല. 143 മൃതദേഹങ്ങളുെട പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടമാണ് പൂര്‍ത്തിയാക്കിയത്. ചാലിയാര്‍ പുഴയില്‍നിന്നു മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മുതദേഹങ്ങള്‍ കണ്ടത്. പോത്തുകല്ലില്‍നിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെയും തിരച്ചില്‍ നടത്തുന്നുണ്ട്. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികള്‍ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.