ഇരച്ചെത്തിയ മലവെള്ളത്തിൽ വീടും അനിയത്തിയേയും നഷ്ടമായി ശ്രുതി; അച്ഛനും അമ്മയും?

ഇരച്ചെത്തിയ മലവെള്ളത്തിൽ വീടും അനിയത്തിയേയും നഷ്ടമായി ശ്രുതി; അച്ഛനും അമ്മയും?

കൽപ്പറ്റ: ഒരു മാസംമുമ്പ് ചൂരൽമലയിൽ പാലുകാച്ചിയ ശ്രുതിയുടെ വീട് ഇപ്പോൾ അവിടെയില്ല. അവിടെ ഇപ്പോൾ അവശേഷിക്കുന്നത് കേരളത്തെ തന്നെ പിടിച്ചുലച്ച മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ മാത്രം. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നു പോലും ശ്രുതിക്ക് അറിയില്ല.

ദുരന്തത്തിൽ തന്നെ വിട്ടുപോയ അനിയത്തി ശ്രേയയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ജോലിക്കായി കോഴിക്കോടേക്ക് പോയതിനാലാണ് ശ്രുതി മഹാദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ചൂരൽമലയിലെ തുന്നൽ തൊഴിലാളിയാണ് ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ. ശ്രുതി, ശ്രേയ എന്നീ രണ്ടു പെൺമക്കളാണ് ശിവണ്ണൻ സബിത ദമ്പതിമാർക്കുള്ളത്.
ഡിസംബറിൽ ശ്രുതിയുടെ കല്യാണം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കല്യാണത്തിനായി സ്വരുക്കൂട്ടിയ 15 പവനും നാലു ലക്ഷം രൂപയും അടക്കമാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്‌. കഴിഞ്ഞ ആഴ്‌ചയാണ് ശ്രുതി ജോലിക്കായി കോഴിക്കോട്ടേക്ക് പോയത്.

തിരച്ചിലിനിടയിലാണ്‌ കൽപ്പറ്റ എൻഎംഎസ്എം ഗവ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്രേയയുടെ മൃതദേഹം കിട്ടിയത്. അച്ഛൻ ശിവണ്ണനും അമ്മ സബിതയ്ക്കുമായുള്ള തിരച്ചിൽ തുടരുകയാണ്. ‘കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും. മക്കളെ പഠിപ്പിച്ച്‌ നല്ലനിലയിൽ വളർത്താൻ അച്ഛൻ തുന്നൽപ്പണിക്കൊപ്പം കൽപ്പണിയുമെടുത്തു. അനിയത്തിയെ മരണം കൊണ്ടുപോയി. ഞാൻ എങ്ങനെയാണ്‌ അവളെ ആശ്വസിപ്പിക്കേണ്ടത്‌’. ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വാക്കുകൾ ഇടറി.

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിങ്് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ അര്‍ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്.

3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്. ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങുക. എന്നാല്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകള്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞേ കടലില്‍ ഇറങ്ങൂ.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി.

മത്സ്യത്തിന് വില കിട്ടാതെ പോയതാണ് പരമ്പരാഗത വിഭാഗം നേരിട്ട വലിയ പ്രതിസന്ധി. അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെയും ബാധിച്ചു. ട്രോളിങ് നിരോധന കാലത്ത് പതിവുപോലെ ചെമ്മീന്‍ ലഭിച്ചെങ്കിലും, ശരിയായ വില കിട്ടിയില്ല.

യുവതിക്ക് നേരെ വെടിയുതിര്‍ത്തിയ സംഭവം: അറസ്റ്റിലായത് വനിതാ ഡോക്ടര്‍

യുവതിക്ക് നേരെ വെടിയുതിര്‍ത്തിയ സംഭവം: അറസ്റ്റിലായത് വനിതാ ഡോക്ടര്‍

തിരുവനന്തപുരം:വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ അറസ്റ്റിലായത് വനിതാ ഡോക്ടര്‍. കൊല്ലം സ്വദേശി ഡോക്ടര്‍ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇവര്‍. ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സ്ത്രീയാണ് പിടിയിലായതെന്നാണു റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്നങ്ങളാണോ കുടുംബപരമായ പ്രശ്നങ്ങളാണോ വെടിവയ്പിനു കാരണമെന്നും പൊലീസ് അനേഷിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് ഡോക്ടര്‍ വെടിയുതിര്‍ത്തത്. ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാല്‍ വീട്ടിലുള്ളവര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

ദീപ്തിയെത്തിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെങ്കിലും വ്യാജ നമ്പറാണെന്ന് തെളിഞ്ഞിരുന്നു. അക്രമിക്കാനെത്തിയ ദീപ്തിയുടെ കാറിന്റെ ദൃശ്യം ഷിനിയുടെ വീടുള്ള റസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു സിസിടിവി ദൃശ്യത്തില്‍ മാത്രമാണ് പതിഞ്ഞത്. കാറില്‍ പതിപ്പിച്ചിരുന്ന നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. ആര്യനാട് സ്വദേശിയായ ഒരു വ്യക്തിയുടെ സ്വിഫ്റ്റ് കാറിന്റെ നമ്പറാണ് ദീപ്തിയുടെ കാറില്‍ പതിപ്പിച്ചിരുന്നത്.

ചെളിയില്‍ പുതഞ്ഞ് കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍; രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചകള്‍

ചെളിയില്‍ പുതഞ്ഞ് കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍; രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്നത് നടുക്കുന്ന കാഴ്ചകള്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്.

രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും കരള്‍ അലിയിപ്പിക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ചെളിയില്‍ മൂടിയ മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്നതും കട്ടിലില്‍ കിടക്കുന്നനിലയിലാണ് കണ്ടെത്തിയതെന്ന അകത്തുകയറി മൃതദേഹം പുറത്തെത്തിച്ചയാള്‍ പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ച ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ഇവര്‍ കിടക്കുകയോ ഇരിക്കുയോ ആയിരിക്കാമെന്ന് ഇയാള്‍ പറഞ്ഞു. ഇന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 175 ആയി. പ്രദേശത്ത് കുടുങ്ങികിടക്കുന്നവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പൂഴ ഗ്രാമങ്ങളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് രാത്രി ഒരുമണിയോടെയാണ് നാടിനെ ദുരന്തഭുമിയാക്കിയ അപകടം ഉണ്ടായത്.

ഉള്ളുലഞ്ഞ് വയനാട്; മരണം 153 ആയി; തിരച്ചില്‍ തുടരുന്നു

ഉള്ളുലഞ്ഞ് വയനാട്; മരണം 153 ആയി; തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 153 ആയി. മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പനങ്കയത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ പുഴയില്‍ നിന്നും രണ്ട് മൃതദേഹങ്ങള്‍ കൂടി കിട്ടി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 18 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ദുരന്തത്തില്‍ പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 59 മൃതദേഹങ്ങളാണ്. ഉരുള്‍ പൊട്ടലില്‍ മരിച്ച 143 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയായിട്ടുണ്ട്. വൈത്തിരിയില്‍ 30 മൃതദേഹങ്ങള്‍ വെയ്ക്കാനുള്ള ഹാള്‍ സജ്ജമാക്കി. ഇവിടെ നിന്നും തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ എന്ന ഗ്രാമം അപ്പാടെ ഒലിച്ചുപോയ നിലയിലാണ്. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒറ്റപ്പെട്ടു പോയ അട്ടമലയില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു തുടങ്ങി

വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്

വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ മന്ത്രി വീണാ ജോര്‍ജിന് കാറപകടത്തില്‍ പരിക്ക്

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് വാഹനാപകടത്തില്‍ പരിക്കേറ്റു. മന്ത്രിയുടെ കാര്‍ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിലും തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ മഞ്ചേരിയില്‍ വെച്ചാണ് അപകടമുണ്ടായത്. മന്ത്രിയുടെ തലയ്ക്കും തലയ്ക്കും ചെറിയ പരിക്കേറ്റു. ഇതേത്തുടര്‍ന്ന് മന്ത്രിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്ക് പോകുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ രക്ഷാദൗത്യം രണ്ടാം ദിനം നടക്കുകയാണ്. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർ‌ച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.