ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക്

ഉന്നത സൈനിക ഉദ്യോഗസ്ഥർ വയനാട്ടിലേക്ക്

കൽപ്പറ്റ: വയനാട്ടിൽ മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി നാളെ രണ്ട് മെഡിക്കൽ ചെക്ക് പോസ്റ്റ്‌ കൂടി സൈന്യം സ്ഥാപിക്കും. നാളെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം ദൗത്യം തുടങ്ങുമെന്നാണ് റിപ്പോർട്ട്. കർണാടക-കേരള സബ് ഏരിയ കമാന്റർ മേജർ ജനറൽ വി.ടി മാത്യു നാളെ വയനാട്ടിലേക്ക് തിരിക്കും. രക്ഷാദൗത്യം നേരിട്ട് ഏകോപിപ്പിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എത്തുന്നത്. വയനാട്ടിലെ കൺട്രോൾ റൂമിന്റെ ചുമതല നേരിട്ട് ഏറ്റെടുക്കും.

മദ്രാസ്, മറാത്ത റെജിമെന്റുകളിൽ നിന്ന് 140 പേരാണ് നാളെ ദുരന്തഭൂമിയിൽ എത്തുക. 330 അടി ഉയരമുള്ള താത്കാലിക പാലത്തിൻ്റെ നിർമ്മാണവും നാളെ തുടങ്ങും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ പാലത്തിന്റെ ഭാഗങ്ങൾ എത്തിക്കും. അതിനായി ബെംഗളൂരുവിൽ നിന്ന് സംഘം പുറപ്പെട്ടു കഴിഞ്ഞു. ആർമി എഞ്ചിനിയറിങ്ങ് ഗ്രൂപ്പിന്റെ 70 വിദഗ്ധരാണ് പാലം നിർമാണത്തിന് എത്തുന്നത്. പാലം നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ തയ്യാറാക്കി. ചെറുപാലങ്ങൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഡൽഹിയിൽ നിന്ന് നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തും. ഇതോടൊപ്പം ഡൽഹിയിൽ നിന്ന് മൂന്ന് സ്നിഫർ ഡോഗുകളേയും സൈന്യം എത്തിക്കും. മൃതദേഹങ്ങൾ കണ്ടെത്താനാണ് സ്നിഫർ ഡോഗുകളെ എത്തിക്കുന്നത്.

സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന ആൾ പോലീസ് പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന ആൾ പോലീസ് പിടിയിൽ

ആറ്റിങ്ങൽ: പ്രായം ചെന്ന സ്ത്രീകളുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന ആൾ ആറ്റിങ്ങൽ പൊലീസിൻ്റെ പിടിയിലായി. കുണ്ടറ പരുത്തൻപാറ മുക്കൂട്
കിഴക്കേമുകളിൽ വീട്ടിൽ ഉരുട്ട് രാജീവ് എന്നു വിളിപ്പേരുള്ള രാജീവ് ആണ് (42) പിടിയിലായത്. ആറ്റിങ്ങൽ തച്ചൂർക്കോണം സ്വദേശിനി 72 കാരിയായ റിട്ട: അദ്ധ്യാപികയെ മക്കളുടെ സുഹൃത്താണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്വർണ്ണകോയിൻ കൊടുത്ത് സ്വർണ്ണത്തിൻ്റെ ക്വാളിറ്റി മനസ്സിലാക്കാനെന്ന വ്യാജേന ഒരു പവൻ വീതമുള്ള മൂന്നു വളകൾ കവർന്നെടുക്കുകയായിരുന്നു.

കൊല്ലത്തെ മകളുടെ വിട്ടിൽ പോകാൻ വന്ന ടീച്ചറെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ വച്ച് സംസാരിച്ച് പരിചയപ്പെട്ട് കബളിപ്പിച്ച ശേഷമാണ് സ്വർണ്ണം കവർന്നത്.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളിലായി 40 തിൽലധികം തട്ടിപ്പ് കവർച്ച കേസ്സുകൾ ഇയാൾക്കെതിരെയുണ്ടന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി, കിരൺ നാരായൺ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിൻറ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്. മഞ്ചു ലാലിന്റെ നേതൃത്ത്വത്തിൽ ആറ്റിങ്ങൽ എസ്. എച്ച് ഗോപകുമാർ.ജി, എസ്.ഐ സജിത്ത്, എസ്.സി. പി. ഒമാരായ ശരത് കുമാർ, വിഷ്ണുലാൽ, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതു. പ്രതി തട്ടിപ്പിലൂടെ കാറും, ബുള്ളറ്റും, സ്വർണ്ണാഭരണങ്ങളും മറ്റു നിരവധി സമ്പാദ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

2010-ൽ കൊല്ലം റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ മലയാളത്തിലെ ഒരു സിനിമാതാരത്തെ ട്രെയിനിൽവച്ച് പരിചയപ്പെട്ടശേഷം ബിസ്കറ്റ് നൽകി മയക്കി കവർച്ച നടത്തിയ കേസ്സിലും പ്രതിയാണ് രാജീവ്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം; എയിംസ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി മൊബൈല്‍ ഒടിപി നിര്‍ബന്ധം

കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം; എയിംസ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി മൊബൈല്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിവിധ പദ്ധതി നടത്തിപ്പുകള്‍ക്കായും ധനസഹായ വിതരണത്തിനായും നിലവില്‍ വന്ന കര്‍ഷക റെജിസ്ട്രേഷന്‍ പോര്‍ട്ടലായ എയിംസ് പോര്‍ട്ടലില്‍ ലോഗിന്‍ നടപടികളില്‍ ഡിജിറ്റല്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിലവില്‍ വന്നു. ഇനിമുതല്‍ എയിംസ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിന് യൂസര്‍ ഐഡി, പാസ് വേർഡ് എന്നിവയ്ക്ക് പുറമേ കര്‍ഷകരുടെ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി കൂടി നല്‍കണം. പോര്‍ട്ടലില്‍ ലഭ്യമായ കര്‍ഷകരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ നടപടികള്‍ ചെയ്തിട്ടുള്ളത്.

കര്‍ഷകരുടെ പേര്, വിലാസം, കൃഷി, കൃഷിഭൂമിയുടെ വിവരങ്ങള്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയ്ക്ക് പുറമേ ആനുകൂല്യം ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അപേക്ഷയുടെ ഭാഗമായി കര്‍ഷകര്‍ പോര്‍ട്ടലിലേക്ക് നല്‍കുന്നുണ്ട്. വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോഗിന്‍ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

എയിംസ് പോര്‍ട്ടലില്‍ യൂസര്‍ ഐഡി, പാസ്സ്വേര്‍ഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുമ്പോള്‍ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഒടിപി ലഭിക്കാത്ത കര്‍ഷകര്‍ക്ക് ഒരു മിനിറ്റിനു ശേഷം വീണ്ടും പോര്‍ട്ടലില്‍ നിന്നും ഒടിപി ജനറേറ്റ് ചെയ്യാവുന്നതാണ്. നെറ്റ്വര്‍ക്ക് ബുദ്ധിമുട്ടുകള്‍ കാരണം എസ് എം എസ് ലഭിക്കാത്ത സ്ഥലങ്ങളില്‍ ഒടിപി ലഭിക്കുന്നതിന് സന്ദേശ് (SANDES) മൊബൈല്‍ ആപ്ലിക്കേഷന്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. സന്ദേശ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണ്. കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍ വിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2303990, 2309122, 2968122 എന്നി ഫോണ്‍ നമ്പറുകളില്‍ വിളിക്കുക.

കനത്ത മഴ: എറണാകുളം ജില്ലയിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

കൊച്ചി: കനത്ത മഴയുടെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ദുരന്തഭൂമിയായി വയനാട്, 125 മരണം സ്ഥിരീകരിച്ചു, 98 പേരെ കാണാതായി

ദുരന്തഭൂമിയായി വയനാട്, 125 മരണം സ്ഥിരീകരിച്ചു, 98 പേരെ കാണാതായി

കേരളത്തെ ഞെട്ടിച്ച മുണ്ടക്കൈ ഉരുൾപൊട്ടലിൽ വൈകുന്നേരത്തോടെ 125 മരണം സ്ഥിരീകരിച്ചു. ഒലിച്ച് വന്ന പതിന്നൊന്നോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ആകെ 250 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സര്‍ക്കാര്‍ പറയുന്നതെന്ന് സൈന്യം അറിയിച്ചു.

കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു

കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു

ദേശീയപാത 766 ൽ പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. കർണാടക മഥൂർ ചെക്ക് പോസ്റ്റിലാണ് വാഹനങ്ങൾ തടഞ്ഞിരിക്കുന്നത്. വെള്ളം കയറിയതിനാൽ വാഹനങ്ങൾ ദേശീയപാതയിലൂടെ സംസ്ഥാനത്തേക്ക് കടത്തിവിടണ്ട എന്ന സുൽത്താൻ ബത്തേരി പോലീസിന്റെ നിർദേശത്തെ തുടർന്നാണ് വാഹനങ്ങൾ മഥൂർ ചെക്ക്പോസ്റ്റിൽ തടഞ്ഞിരിക്കുന്നത്. ദേശീയപാത 766 പൊൻകുഴിക്ക് സമീപമാണ് വെള്ളം കയറി ഗതാഗതം ബുദ്ധിമുട്ടായിരിക്കുന്നത്.