നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി; ബ്ലോക്ക് പഞ്ചായത്ത് മെമ്പറുൾപ്പെടെ രണ്ടു പേർക്ക് മരണം

നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി; ബ്ലോക്ക് പഞ്ചായത്ത് മെമ്പറുൾപ്പെടെ രണ്ടു പേർക്ക് മരണം

ആലപ്പുഴ: നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് എല്‍ ജി നിവാസില്‍ എം രജീഷ് (32), സുഹൃത്ത് കരോട്ടു വെളിയില്‍ അനന്തു (29) എന്നിവരാണ് മരിച്ചത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഇവര്‍.

ഞായറാഴ്ച രാത്രി ഒന്‍പതോടെ കലവൂര്‍ മാരന്‍കുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ പീലിക്കകത്തു വെളി അഖില്‍ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടില്‍ അശ്വിന്‍ (21) എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

രജീഷും സുഹൃത്തുക്കളും മാരന്‍കുളങ്ങരയില്‍ നിന്നു കാറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിത്തൂണില്‍ ഇടിച്ചശേഷം തോടിനുകുറുകെചാടി സമീപവാസിയായ വിജയകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു. കാറിന്റെ വലതുവശം വീടിന്റെ ഭിത്തിയിലും ഇടിച്ചു. അപകടശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്.

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുളള ഇടപാടില്‍ ഇരുകമ്പനികള്‍ക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹര്‍ജിക്ക് പിന്നിലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വാദം നിലനില്‍ക്കില്ലെന്നും, ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സിഎംആര്‍എല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഇടപാടാണ് സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുള്ളത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കി എന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരം, പാലക്കാട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യത. കൂടാതെ ഇടിമിന്നൽ മുന്നറിയിപ്പുമുണ്ട്. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു.

മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.

വയനാട് കനത്തമഴയിൽ മേപ്പാടി മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിൽ മണ്ണിടിച്ചിൽ. പുത്തുമല കാശ്മീർ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര അണക്കെട്ടിൽ 15 സെന്റീമീറ്റർ കൂടി വെള്ളം ഉയർന്നാൽ റെഡ് അലർട്ട് നൽകും. മഴയെ തുടർന്ന് ജില്ലയിൽ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യു.പി സ്കൂൾ, മുണ്ടക്കൈ യു.പി സ്കൂളുകൾ എന്നിവയ്ക്കാണ് അവധി.ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അമ്മയും മകനും മരിച്ച നിലയില്‍

അമ്മയും മകനും മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് കോട്ടായില്‍ അമ്മയും മകനും മരിച്ച നിലയില്‍. അമ്മ ചിന്ന, മകന്‍ ഗുരുവായൂരപ്പന്‍ (45) എന്നിവരാണ് മരിച്ചത്. ചിന്ന അസുഖബാധിതയായിരുന്നു. വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് മകന്‍ ഗുരുവായൂരപ്പന്റെ മൃതദേഹം കണ്ടത്. അമ്മ മരിച്ചതറിഞ്ഞ് മകന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടുമോ?; കാരണമിത്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടുമോ?; കാരണമിത്

ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം. ജൂലൈ 31നാണ് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. സമയപരിധി കഴിഞ്ഞാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പിഴ അടയ്ക്കേണ്ടതായി വരും.

അതിനിടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ കാരണം നിരവധിപ്പേര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രം നീട്ടുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

നിലവില്‍ ജൂലൈ 31 കഴിഞ്ഞാല്‍ ഡിസംബര്‍ 31 വരെ ഫയല്‍ ചെയ്യാമെങ്കിലും ലേറ്റ് ഫീസ് നല്‍കേണ്ടതായി വരും. വാര്‍ഷിക ആദായം അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 5000 രൂപയും താഴെയുള്ളവര്‍ക്ക് 1000 രൂപയുമാണ് പിഴ. ഓരോ നികുതിദായകന്റെയും വരുമാനത്തെയും തൊഴിലിനെയും അടിസ്ഥാനമാക്കി വ്യത്യസ്ത ഐടിആര്‍ ഫോമുകളുണ്ട്. ഐടിആര്‍ ഒന്നുമുതല്‍ ഐടിആര്‍ ഏഴുവരെയുള്ള ഫോമുകളില്‍ ഏതാണ് ഫയല്‍ ചെയ്യാന്‍ വേണ്ടത് എന്ന് ഉറപ്പാക്കുക. ഫയല്‍ ചെയ്യുന്നതിന് മുന്‍പ് ഫോം 16, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ്, പലിശ രേഖകള്‍, നിക്ഷേപ രേഖകള്‍, മറ്റു പ്രധാനപ്പെട്ട രേഖകള്‍ അടക്കം കൈയില്‍ കരുതണം.

ടാക്സ് ക്രെഡിറ്റ് രേഖ ( ഫോം 26എഎസ്) ക്രോസ് ചെക്ക് ചെയ്യണം. എല്ലാ ടിഡിഎസും നികുതി പേയ്മെന്റുകളും കൃത്യമായി ഇതില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നാണ് ഉറപ്പാക്കേണ്ടത്.വരുമാനത്തിന്റെ കണക്കുകള്‍ കൃത്യമായി കാണിക്കണം. ശമ്പളം, പലിശ, വാടക വരുമാനം, മൂലധന നേട്ടങ്ങള്‍ അടക്കം എല്ലാ വരുമാനങ്ങളും വെളിപ്പെടുത്തണം. ഏതെങ്കിലും വിട്ടുപോയാല്‍ പിഴയ്ക്ക് കാരണമാകാം. 80സി, 80ഡി, 80ജി പ്രകാരം നികുതി ഇളവിന് അര്‍ഹതയുണ്ടെങ്കില്‍ രേഖകള്‍ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കണം. വിദേശത്ത് ആസ്തികള്‍ ഉണ്ടെങ്കിലും വിദേശത്ത് നിന്ന് വരുമാനം ഉണ്ടെങ്കിലും ബോധിപ്പിക്കണം. ഐടിആര്‍ ഫയല്‍ ചെയ്ത ശേഷം ഇ- വെരിഫൈ ചെയ്യാന്‍ മറക്കരുത്. ആധാര്‍ ഒടിപി അടക്കമുള്ള മാര്‍ഗങ്ങളിലുടെ ഇ- വെരിഫൈ ചെയ്യാവുന്നതാണ്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 120 രൂപയാണ് പവന് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.

ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയാണ് വര്‍ധിച്ചത്.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.ബജറ്റിന് പിന്നാലെ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചതോടെ ദുബായുമായുള്ള സ്വര്‍ണവിലയിലെ അന്തരം വലിയ രീതിയില്‍ കുറഞ്ഞിരുന്നു. ഇന്ത്യയുമായി 5 ശതമാനം വ്യത്യാസം മാത്രമാണ് ദുബായില്‍ സ്വര്‍ണത്തിനുണ്ടാവുക. നേരത്തേ യുഎഇയില്‍ നിന്ന് 100 ഡോളര്‍ (8300 രൂപ) വിലമതിക്കുന്ന സ്വര്‍ണം ഇന്ത്യയിലെത്തുമ്പോള്‍ കസ്റ്റംസ് തീരുവ ഉള്‍പ്പെടെ ഏകദേശം 115 ഡോളര്‍ (9,628 രൂപ) നല്‍കേണ്ടിയിരുന്നു.