രാജകുമാരി ഗോൾഡ് & ഡയമണ്ട്സ് ഇനി കല്ലമ്പലം വർക്കല റോഡിലും; ഉദ്ഘാടനം നാളെ

രാജകുമാരി ഗോൾഡ് & ഡയമണ്ട്സ് ഇനി കല്ലമ്പലം വർക്കല റോഡിലും; ഉദ്ഘാടനം നാളെ

രാജകുമാരി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ജന്മദേശമായ കല്ലമ്പലത്ത് രാജകുമാരി ഗോൾഡ് & ഡയമണ്ട്സിന്റെ 12-ാം ഷോറൂം പ്രവർത്തനമാരംഭിക്കുന്നു. വർക്കല റോഡിൽ നാളെ രാവിലെ 10:30ന് കേരള ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി കെ. ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ ജോയ് എം എൽ എ, മുൻ എം എൽ എ വർക്കല കഹാർ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-വ്യാപാര രംഗത്തെ ഉന്നത വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും രാജകുമാരി ഗോൾഡ് & ഡയമണ്ട്സിൽ ഒരുക്കിയിട്ടുണ്ട്.

സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ

സ്വര്‍ണവിലയില്‍ മാറ്റമില്ല; 52,000 രൂപയില്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് പവന് 52000ല്‍ താഴെ എത്തിയ അതേ നിലവാരത്തിലാണ് ഇന്ന് സ്വര്‍ണവില. 51,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6495 രൂപ നല്‍കണം. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

ഇന്നലെ രണ്ടു തവണകളായി 2200 രൂപയാണ് താഴ്ന്നത്. ബജറ്റിന് മുന്‍പ് 200 രൂപ താഴ്ന്ന സ്വര്‍ണവില, ബജറ്റിന് ശേഷം ഒറ്റയടിക്ക് 2000 രൂപയാണ് കൂപ്പുകൂത്തിയത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയത് തടഞ്ഞില്ല; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെന്‍ഷൻ

ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയത് തടഞ്ഞില്ല; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെന്‍ഷൻ

തിരുവനന്തപുരം: ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടഞ്ഞില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. സ്വകാര്യ സ്ഥാപനത്തിൽ നിന്നുള്ള മാലിന്യം തടഞ്ഞില്ലെന്ന റിപ്പോർ‌ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സെക്രട്ടേറിയറ്റ് സർക്കിളിലുള്ള ഉദ്യോ​ഗസ്ഥൻ കെ ​ഗണേഷിനെ സസ്പെന്‍ഡ് ചെയ്തത്. ഉദ്യോ​ഗസ്ഥൻ മനപൂർവമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍.

ആമയിഴഞ്ചാൽ അപകടവുമായി ബന്ധപ്പെട്ട് തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ കോർപ്പറേഷൻ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. മാലിന്യം സംസ്കരണത്തിന് സ്ഥാപനങ്ങൾ എന്തെല്ലാം നടപടിയാണ് സ്വീകരിക്കുന്നതടക്കമുള്ളത് അറിയിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് കോർപ്പറേഷൻ നിർദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ന​ഗരത്തിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ന​ഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനം ആമയിഴഞ്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്നു എന്ന് പിന്നീട് കണ്ടെത്തിയിട്ടും ഉദ്യോ​ഗസ്ഥൻ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യമെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

രാവിലെ എത്തിേേച്ചരേണ്ടിയിരുന്ന യന്ത്രം വാഹനത്തിന്റെ തകരാര്‍ മൂലമാണ് വൈകിയത്. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലമാകും യന്ത്രം കൊണ്ട് പരിശോധിക്കുന്നത്. മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണ ഭാഗത്ത് റഡാര്‍ ഉപയോഗിച്ച് പരിശോധനയും നടത്തുന്നുണ്ട്. ഷിരൂരില്‍ ഇടവിട്ടു മഴ പെയ്യുന്നതാണ് രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നത്.

ഗംഗാവലി പുഴയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ നടത്തുന്നുണ്ട് ഹെലികോപ്റ്റര്‍ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡും പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാം ദിവസമാണ് തുടരുന്നത്. ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്റ് ബറീഡ് ഒബ്ജക്ട് ഡിക്റ്റക്ഷന്‍ സിസ്റ്റം നാളെയോടെയേ തിരച്ചിലിന് ഉപയോഗിക്കാനാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ടു കുട്ടികള്‍ ചികിത്സയില്‍ തുടരുന്നു, മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍, നാല് വയസുകാരന്റെ നില തൃപ്തികരം

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ടു കുട്ടികള്‍ ചികിത്സയില്‍ തുടരുന്നു, മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍, നാല് വയസുകാരന്റെ നില തൃപ്തികരം

കോഴിക്കോട്: പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്റെ നില തൃപ്തികരമാണ്.ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.

രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും. കോഴിക്കോട് പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം ഇന്ത്യയിലാദ്യമായി രോഗമുക്തി നേടിയ കേസായിരുന്നു ഇത്.

ചലച്ചിത്ര മേഖലയിലെ വനിതകളുടെ ദുരനുഭവം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

ചലച്ചിത്ര മേഖലയിലെ വനിതകളുടെ ദുരനുഭവം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ വനിതകള്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ന് സര്‍ക്കാര്‍ പുറത്തുവിടും. അഞ്ചുവര്‍ഷത്തിന് ശേഷം 295 പേജുള്ള റിപ്പോര്‍ട്ടിന്റെ 62 പേജ് ഒഴിവാക്കിയാണ് പുറത്തുവിടുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുക.

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവയുമായ ഭാഗങ്ങള്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് ഒഴിവാക്കിയാണ് പ്രസിദ്ധീകരിക്കുക. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കമ്മീഷന് അപ്പീലും പരാതിയും നല്‍കിയ 5 പേര്‍ക്ക് 233 പേജുകള്‍ ഉള്‍പ്പെടുന്ന ഭാഗം ഇന്ന് 4 മണിയോടെ കൈമാറും.

ഏതൊക്കെ ഭാഗങ്ങള്‍ നല്‍കുമെന്നും ഏതൊക്കെ ഒഴിവാക്കുമെന്നും വ്യക്തമാക്കി അപേക്ഷകര്‍ക്ക് നോട്ടീസ് നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ എ ഹക്കീം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട 5 പേരെയും സാംസ്‌കാരിക വകുപ്പിലെ വിവരാവകാശ ഓഫീസര്‍ അറിയിച്ചു.