by Midhun HP News | Jul 22, 2024 | Latest News, കേരളം
തൃശൂര്‍: പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗര്‍ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ച് ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്നാണ് വടിവാള്‍ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്. പ്രതികളും സതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം ബാറില്‍ വെച്ച് നടന്ന ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മലങ്കര വര്‍ഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.
by Midhun HP News | Jul 22, 2024 | Latest News, കേരളം
തിരുവനന്തപുരം: മദ്യപിച്ചെത്തിയ കെടാകുളം കെഎസ്ഇബി ഓഫീസിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിച്ചതായി ആക്ഷേപം. വര്‍ക്കല അയിരൂര്‍ സ്വദേശി പറമ്പില്‍ രാജീവ് അയിരൂര്‍ പൊലീസില്‍ പരാതി നല്‍കിയതാണ് കുംടുംബത്തിന് വൈദ്യുതി നിഷേധിക്കാന്‍ കാരണമെന്നാണ് പരാതി.
സംഭവത്തില്‍ കെഎസ്ഇബി വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ഇബി എംഡി ബിജു പ്രഭാകര്‍ ഉത്തരവിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു.ശനിയാഴ്ച രാത്രി 11 മണിയോടെ രാജീവിന്റെ വീട്ടിലെ വൈദ്യുതിമീറ്ററില്‍ നിന്നും തീ ആളിപ്പടര്‍ന്നു. ഇത് കണ്ട സമീപത്തെ ബേക്കറി ഉടമ രാജീവിനോട് ഫോണില്‍ വിളിച്ചറിയിച്ചു. രാജീവ് കുടുംബങ്ങളെ വിളിച്ചുണര്‍ത്തി വീടിന് പുറത്തിറക്കി. തുടര്‍ന്ന് കെടാകുളം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിവരമറിയിച്ചു. അര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ട് ലൈന്‍മാന്മാര്‍ എത്തിയത്. എന്നാല്‍ ജീവനക്കാര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചശേഷം എങ്ങനെയാണ് തീ പിടിച്ചതെന്ന് നോക്കുവാന്‍ ആവശ്യപ്പെട്ട രാജീവിനെ അസഭ്യം വിളിച്ചതായും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിച്ചാല്‍ വൈദ്യുതി തരാമെന്ന് അസിസ്റ്റന്റ് എന്‍ജീനിയര്‍ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു.
രാജീവിന്റെ പരാതിയിന്മേല്‍ അയിരൂര്‍ പൊലീസ് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. കെഎസ്ഇബി. ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. രാജീവ് അസഭ്യം വിളിച്ചെന്നാരോപിച്ച് കെഎസ്ഇബി യും അയിരൂര്‍ പൊലീസില്‍ പരാതി നല്‍കി.
by Midhun HP News | Jul 22, 2024 | Latest News, കേരളം
മലപ്പുറം: പണ്ടിക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം. അതിനിടെ മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വസമാണ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണം തുടരുകയാണ്.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കു രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎംആർ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികൾ, പരിശോധന, ചികിത്സ തുടങ്ങിയവയിൽ ഐസിഎംആർ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുമായി ചേർന്നു പ്രവർത്തിക്കും.
നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ള 68കാരനെ ട്രാൻസിറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവ പരിശോധന നെഗറ്റീവാണ്. സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കാൻ മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറി ഇന്ന് മെഡിക്കൽ കോളജിൽ എത്തിക്കും. ഇതോടെ ഫലം വേഗത്തിൽ ലഭിക്കും.
by Midhun HP News | Jul 22, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നേരിയ മഴയ്ക്കുള്ള യെല്ലോ അലർട്ടാണ് ഈ രണ്ട് ജില്ലകളിൽ.
വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർക്കോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.
തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, കർണാടക അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട്, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Jul 22, 2024 | Latest News, കേരളം
ബംഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. രക്ഷാപ്രവർത്തനം തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസമായി. ഇന്നലെ മുതൽ സൈന്യം രംഗത്തുണ്ട്. മണ്ണിനടിയിൽ ലോറി ഇല്ലെന്ന നിഗമനത്തിലാണ് കർണാടക സർക്കാർ. അതിനാൽ പുഴയിൽ കൂടുതൽ തിരച്ചിൽ നടത്താനാണ് നീക്കം.
എന്നാൽ കരയിലും പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങളടക്കം കൊണ്ടു വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും പുഴയിലെ പരിശോധന. ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ മണ്ണും പരിശോധിക്കും.
രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോഗം ചേർന്ന ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമാണെന്നും റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയിൽ മണ്ണുമല രൂപപ്പെട്ടിരുന്നു.
റോഡിൽ ലോറി പാർക്ക് ചെയ്തതെന്ന് കരുതുന്ന, മണ്ണിടിഞ്ഞ് വീണ ഭാഗത്തെ മണ്ണിന്റെ 98 ശതമാനം മാറ്റിയെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അർജുനടക്കം മൂന്ന് പേര് കണ്ടെത്താനുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
by Midhun HP News | Jul 21, 2024 | Latest News, കേരളം
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ടാങ്ക്കുടിക്കും ചെമ്പകത്തൊഴുകുടിക്കും ഇടയ്ക്കുള്ള വഴിയിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ണനെ തട്ടിയിട്ട ശേഷം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ തുരത്തി ഓടിച്ചത്. കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.
Recent Comments