വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ, കാറ്റ്; കടൽ പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. നേരിയ മഴയ്ക്കുള്ള യെല്ലോ അലർട്ടാണ് ഈ രണ്ട് ജില്ലകളിൽ.

വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ‌അറിയിച്ചു. കണ്ണൂർ, കാസർക്കോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, കർണാടക അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട്, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

അർജുനെ കാത്ത് പ്രതീക്ഷകള്‍ കൈവിടാതെ; തിരച്ചിൽ വീണ്ടും തുടങ്ങി

അർജുനെ കാത്ത് പ്രതീക്ഷകള്‍ കൈവിടാതെ; തിരച്ചിൽ വീണ്ടും തുടങ്ങി

ബം​ഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. രക്ഷാപ്രവർത്തനം തുടങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസമായി. ഇന്നലെ മുതൽ സൈന്യം രം​ഗത്തുണ്ട്. മണ്ണിനടിയിൽ ലോറി ഇല്ലെന്ന നി​ഗമനത്തിലാണ് കർണാടക സർക്കാർ. അതിനാൽ പുഴയിൽ കൂടുതൽ തിരച്ചിൽ നടത്താനാണ് നീക്കം.

എന്നാൽ കരയിലും പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങളടക്കം കൊണ്ടു വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും പുഴയിലെ പരിശോധന. ​ഗം​ഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ മണ്ണും പരിശോധിക്കും.

രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോ​ഗം ചേർന്ന ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമാണെന്നും റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയിൽ മണ്ണുമല രൂപപ്പെട്ടിരുന്നു.

റോഡിൽ ലോറി പാർക്ക് ചെയ്തതെന്ന് കരുതുന്ന, മണ്ണിടിഞ്ഞ് വീണ ഭാഗത്തെ മണ്ണിന്റെ 98 ശതമാനം മാറ്റിയെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അർജുനടക്കം മൂന്ന് പേര് കണ്ടെത്താനുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ടാങ്ക്കുടിക്കും ചെമ്പകത്തൊഴുകുടിക്കും ഇടയ്ക്കുള്ള വഴിയിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.

വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ണനെ തട്ടിയിട്ട ശേഷം ആന ചവിട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആനയെ തുരത്തി ഓടിച്ചത്. കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.

നിപയിൽ ആശങ്ക വേണ്ട; 7 ഫലങ്ങൾ നെ​ഗറ്റീവ്, സമ്പർക്കപ്പട്ടികയിൽ 330 പേർ: ആരോ​ഗ്യമന്ത്രി

നിപയിൽ ആശങ്ക വേണ്ട; 7 ഫലങ്ങൾ നെ​ഗറ്റീവ്, സമ്പർക്കപ്പട്ടികയിൽ 330 പേർ: ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിപ സംശയത്തെത്തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 7 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കും രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്. മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിധ്യവും സ്ഥിരീകരിച്ചു.

പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നാളെ സാമൂഹ്യ അകലം പാലിച്ച് പ്ലസ് വൺ അലോട്ട്മെൻ്റ് നടക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും.

മിഷൻ അർജുൻ : റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98% മണ്ണും നീക്കി, ഇനി തിരച്ചിൽ നദിയിലേക്ക്

മിഷൻ അർജുൻ : റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98% മണ്ണും നീക്കി, ഇനി തിരച്ചിൽ നദിയിലേക്ക്

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. ഇനി വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ നീളും.

രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതെ ആയിട്ടുണ്ട്. രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല’. വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക മന്ത്രി അറിയിച്ചു.

അതേസമയം, വൻതോതിൽ മണ്ണിടിഞ്ഞ് ഗംഗാവലി നദിയിൽ തുരുത്ത് രൂപപ്പെട്ടതിനാൽ നദിയിലെ തെരച്ചിൽ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. പുഴയിലെ തെരച്ചിലിനായി പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് അത്യാധുനിക ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ എത്തിക്കാനാണ് സൈന്യത്തിൻ്റെ തീരുമാനം.

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാൽ ഇയാൾക്ക് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല. സമാന രോ​ഗലക്ഷണം കണ്ടതോടെയാണ് വിദ​ഗ്ധ ചികിത്സയ്ക്കായി രോ​ഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പൂനെ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ ഫലം രാത്രിയോടെ ലഭിച്ചേക്കുമെന്നാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കൾക്ക് നിലവിൽ രോ​ഗലക്ഷണങ്ങളൊന്നുമില്ല. നിപ ​ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. കേരളത്തിൽ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമാണിത്. അഞ്ചു തവണയാണ് കേരളത്തിൽ നിപ രോ​ഗബാധയുണ്ടാകുന്നത്.