മിഷൻ അർജുൻ : റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98% മണ്ണും നീക്കി, ഇനി തിരച്ചിൽ നദിയിലേക്ക്

മിഷൻ അർജുൻ : റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98% മണ്ണും നീക്കി, ഇനി തിരച്ചിൽ നദിയിലേക്ക്

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. ഇനി വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് തിരച്ചിൽ നീളും.

രണ്ട് കർണാടക സ്വദേശികളെയും മണ്ണിടിച്ചിലിൽ കാണാതെ ആയിട്ടുണ്ട്. രാത്രി തെരച്ചിൽ നടത്തരുതെന്ന് ജിയോളജിക്കൽ സർവേ നിർബന്ധമായും പറഞ്ഞിട്ടുണ്ട്. കനത്ത മഴയുണ്ട്. അതിനാൽ രാത്രി ഓപ്പറേഷൻ ഉണ്ടാവില്ല’. വെള്ളത്തിൽ തെരച്ചിൽ നടത്തുക അതീവ സങ്കീർണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും കർണാടക മന്ത്രി അറിയിച്ചു.

അതേസമയം, വൻതോതിൽ മണ്ണിടിഞ്ഞ് ഗംഗാവലി നദിയിൽ തുരുത്ത് രൂപപ്പെട്ടതിനാൽ നദിയിലെ തെരച്ചിൽ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. പുഴയിലെ തെരച്ചിലിനായി പൂനെ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് അത്യാധുനിക ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾ എത്തിക്കാനാണ് സൈന്യത്തിൻ്റെ തീരുമാനം.

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാൽ ഇയാൾക്ക് കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽപ്പെടുന്ന ആളല്ല. സമാന രോ​ഗലക്ഷണം കണ്ടതോടെയാണ് വിദ​ഗ്ധ ചികിത്സയ്ക്കായി രോ​ഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുവിന്റെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പൂനെ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ ഫലം രാത്രിയോടെ ലഭിച്ചേക്കുമെന്നാണ് ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. കുട്ടിയുടെ മാതാപിതാക്കൾക്ക് നിലവിൽ രോ​ഗലക്ഷണങ്ങളൊന്നുമില്ല. നിപ ​ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. കേരളത്തിൽ നിപ ബാധിച്ചുള്ള 21-ാമത്തെ മരണമാണിത്. അഞ്ചു തവണയാണ് കേരളത്തിൽ നിപ രോ​ഗബാധയുണ്ടാകുന്നത്.

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; 900 കോടി അനുവദിച്ചു

ക്ഷേമ പെൻഷൻ വിതരണം 24 മുതൽ; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24ന് തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ എല്ലാമാസവും പെൻഷൻ നൽകി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നിപ: മാസ്‌ക് ധരിക്കണം, കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ;പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്നു മുതല്‍

നിപ: മാസ്‌ക് ധരിക്കണം, കടകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ;പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്നു മുതല്‍

മലപ്പുറം: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലും, സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം പഞ്ചായത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നു മുതല്‍ നിലവില്‍ വരും. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഈ പഞ്ചായത്തുകളില്‍ കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മദ്രസ, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.

ജില്ലയില്‍ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോ​ഗ്യവകുപ്പ് നിർദേശിച്ചു. തിയേറ്ററുകള്‍ അടച്ചിടും. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം പിഡബ്ലിയു റസ്റ്റ്ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

‘രാവിലെ ഹൃദയാഘാതം ഉണ്ടായി’; കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു; സംസ്‌കാരം പ്രോട്ടോക്കോള്‍ പ്രകാരം: മന്ത്രി

‘രാവിലെ ഹൃദയാഘാതം ഉണ്ടായി’; കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു; സംസ്‌കാരം പ്രോട്ടോക്കോള്‍ പ്രകാരം: മന്ത്രി

മലപ്പുറം: നിപ ബാധിതനായ കുട്ടിക്ക് രാവിലെ 10. 50 ഓടെ ഹൃദയാഘാതമുണ്ടായി. 11.20 ഓടെയാണ് മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടി വെന്റിലേറ്ററിലായിരുന്നു. അബോധാവസ്ഥയിലായിരുന്നു. രാവിലെയോടെ യൂറിന്‍ ഔട്ട്പുട്ടും കുറഞ്ഞു. 10.50 മാസീവ് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായിയെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തി. പക്ഷെ ഫലമുണ്ടായില്ല. കുട്ടിയുടെ സംസ്‌കാരത്തിന് രാജ്യാന്തര തലത്തിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കും. കുട്ടിയെ കോഴിക്കോട് തന്നെ സംസ്‌കരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ജില്ലാ കലക്ടര്‍ കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്‌കാരം എന്തായാലും ശാസ്ത്രീയ പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെയാകും നടത്തുക. കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് മൂന്നു പേര്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള നാലുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒരാള്‍ക്ക് ഐസിയു സപ്പോര്‍ട്ട് വേണ്ട സാഹചര്യമുണ്ട്.

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമല്ല; കേന്ദ്ര, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമല്ല; കേന്ദ്ര, കർണാടക സർക്കാരുകൾക്ക് നിർദേശം നൽകണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: കർണാടകയിലെ ഷിരൂരിലെ അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. രക്ഷാദൗത്യത്തിന് കേന്ദ്ര, കർണാടക, കേരള സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്.

കഴിഞ്ഞ അഞ്ച് ദിവസം നടത്തിയ തിരച്ചിലിലും ഫലമുണ്ടായില്ലെന്നും, തിരച്ചിൽ ഊർജിതമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അർജുൻ മണ്ണിനിടിയിൽ പെട്ട ദിവസം മുതലുള്ള പ്രവർത്തനങ്ങൾ അടക്കം പരാമർശിച്ചാണ് ഹർജി. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

അർജുനായുള്ള തിരച്ചിൽ ആറാം ദിവസവും തുടരുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടു വന്നാണ് തിരച്ചിൽ നടത്തുന്നത്. ലോറി ഉണ്ടെന്ന് കരുതപ്പെടുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് മണ്ണുനീക്കൽ പുരോ​ഗമിക്കുന്നത്. ഇതിനിടെ പ്രദേശത്ത് ഇടവിട്ടുള്ള മഴ രക്ഷാദൗത്യത്തിന് തിരിച്ചടിയാണ്. ഇവിടെ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒലിച്ചുപോകാനുള്ള സാധ്യത പരി​ഗണിച്ച് സമീപത്തെ പുഴയിലും എൻഡിആർഎഫ് തിരച്ചിൽ നടത്തുന്നുണ്ട്.