by Midhun HP News | Jul 20, 2024 | Latest News, കേരളം
തിരുവനനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും, അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ മഴ തുടരുന്നത്.
അതേസമയം വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. തുടർച്ചയായ മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ വള്ളിയൂർക്കാവ്, പനമരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.
ഉയർന്ന തിരമാല
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
by Midhun HP News | Jul 19, 2024 | Latest News, കേരളം
കൊച്ചി: കുടിശ്ശികയായ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇപ്രകാരം ചോദിച്ചത്.
ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പെൻഷൻ നൽകുന്നതിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെയുള്ള വിവരങ്ങൾ നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു.
കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നല്‍കുന്നില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചത്. കേസ് മാസം 30ന് കോടതി വീണ്ടും പരിഗണിക്കും.
by Midhun HP News | Jul 19, 2024 | Latest News, കേരളം
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സ്ഥാനാര്‍ഥികളില്‍ ചിലര്‍ ജയിച്ചു. ചിലര്‍ തോറ്റു. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ട സ്ഥാനാര്‍ഥികള്‍ ജയിക്കണം എന്നായിരിക്കുമല്ലോ. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണേ എന്ന് പ്രാര്‍ഥിച്ച ഒരു ആരാധകന്‍ കണ്ണൂരില്‍ നേര്‍ച്ച വെള്ളാട്ടം നടത്തി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും വെന്നിക്കൊടി പാറിച്ച സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്കായി കണ്ണൂരില്‍ വീണ്ടും നേര്‍ച്ച വെള്ളാട്ടം നടത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിക്കണേയെന്നു മുത്തപ്പനോട് പ്രാര്‍ത്ഥിച്ച കണ്ണൂര്‍ പരിയാരം സ്വദേശിയായ അജയകുമാറാണ് സ്വന്തം വീട്ടില്‍ നേര്‍ച്ച വെള്ളാട്ടം നടത്തിയത്. നേരത്തെ സുരേഷ് ഗോപി സിനിമകളുടെ വലിയ ആരാധകനാണ് അജയകുമാര്‍. തലസ്ഥാനവും ഏകലവ്യനും പത്രവും കമ്മീഷണറും ലേലവുമെല്ലാം തീയേറ്ററില്‍ പോയി കണ്ടു കൈയ്യടിച്ച ഒരാളാണ് ഇദ്ദേഹം. എന്നാല്‍ സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് റൂട്ടുമാറ്റിയതോടെ അജയകുമാറും കൂടെ കൂടി.
by Midhun HP News | Jul 19, 2024 | Latest News, കേരളം
ചിറയിൻകീഴ്: വിദ്യാർത്ഥി കായലിൽ മുങ്ങി കാണാതായി. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ ആണ് പതിമൂന്നുകാരനെ കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് ശാർക്കര പുതുക്കരി സ്വദേശി പ്രിൻസ് കായലിൽ വീണ് കാണാതായത്. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും കായലിൽ ഇറങ്ങുവാൻ സ്‌കൂബ ടീം വേണം എന്നതിനാൽ ഇവർ മാറി നിന്നു. എന്നാൽ നാട്ടുകാർ തിരച്ചിൽ തുടരുകയാണ്.
by Midhun HP News | Jul 19, 2024 | Latest News, കേരളം
കൊച്ചി: വാഹനങ്ങളില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ മുദ്രയുള്ള ബോര്‍ഡ് ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുന്നറിയിപ്പ് നല്‍കിയത്.
നിയമവിരുദ്ധമായി വാഹനത്തില്‍ ബോര്‍ഡ് വെക്കുന്ന കസ്റ്റംസ്, ഇന്‍കംടാക്‌സ്, സെന്‍ട്രല്‍ എക്‌സ്സൈസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഉദ്യോഗസ്ഥരുടെ പദവി രേഖപ്പെടുത്തി ബോര്‍ഡ് വെക്കുന്നതും നിയമ വിരുദ്ധമാണ്. എറണാകുളത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് നിയമലംഘനം നടത്തുന്നതെങ്കില്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ചവറ കെഎംഎംഎല്‍ എംഡിയുടെ വാഹനം ആലുവ മേല്‍പ്പാലത്തിലൂടെ ഫഌഷ് ലൈറ്റിട്ട് അമിത വേഗത്തില്‍ പോയ സംഭവത്തില്‍ എന്‍ഫോഴ്‌സമെന്റ് ഓഫീസറുടെ പരിശോധനാ റിപ്പോര്‍ട്ട് അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ നല്‍കണമെന്നും കോടതി പറഞ്ഞു.
by Midhun HP News | Jul 19, 2024 | Latest News, കേരളം
ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയത് മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനടക്കം 10പേരെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. 7 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടെന്നും ശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുന്നെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തിരച്ചിലിനായി നേവിയുടെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനടിയില്‍ ട്രക്കും ഒരു ബെന്‍സും ഉണ്ടെന്ന് ജിപിഎസിലൂടെ കണ്ടെത്തിയിട്ടുണ്ട്
രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവര്‍ത്തനത്തിന് തടസമാവുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍ഡിആര്‍എഫും പൊലീസും പുഴയിലെ തിരച്ചില്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചു.
നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഹെലികോപ്റ്ററുകള്‍ വഴി മുങ്ങള്‍ വിദഗ്ധര്‍ പുഴയിലിറങ്ങും. കാര്‍വാര്‍ നാവികസേന ബേസ് കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. ഹെലികോപ്റ്ററുകളെ അടക്കം നിയോഗിക്കാന്‍ ഗോവ നാവികസേനാസ്ഥാനത്ത് നിന്ന് അനുമതി കാക്കുകയാണ്. അതേസമയം, രക്ഷാ പ്രവര്‍ത്തനത്തിന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ മൂന്ന് അംഗ സംഘം ഉടന്‍ സംഭവം സ്ഥലത്തേക്ക് തിരിക്കും.
8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്. സമീപത്ത് ചായക്കട നടത്തുകയാണ് കുടുംബം. ഇതിനരികിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കടയുടമ ലക്ഷ്മണ്‍ നായികിന്റെയും ഭാര്യ ശാന്തിയുടെയും മകന്‍ റോഷന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകളായ അവന്തികയുടെ മൃതദേഹവും ലക്ഷ്മണിന്റെ മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും മൂന്നു ദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. മറ്റ് മൂന്നു പേര്‍ ഡ്രൈവര്‍മാരാണ് എന്നാണ് സൂചന. ഇതില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. അപകടസ്ഥലത്തുനിന്ന് ഒരു ട്രക്കും കാറും കണ്ടെടുത്തു.
അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറും കെ സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ജിപിഎസ് ലൊക്കേഷന്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തന്നെ ആണെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. കനത്ത മഴയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വെള്ളത്തിനടിയില്‍ ലോറി ഉണ്ടോ എന്നറിയാന്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്. മണ്ണ് നീക്കല്‍ വേഗത്തിലാക്കിയെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. ഏറ്റവും ഒടുവില്‍ റിങ് ചെയ്ത നമ്പര്‍ കര്‍ണാടക സൈബര്‍ സെല്ലിന് കൈമാറി. വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്ന് പൊലീസ് മുഖ്യമന്ത്രിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പൊലീസിനും അഗ്‌നിശമന സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു.
Recent Comments