by Midhun HP News | Jul 14, 2024 | Latest News, കേരളം
ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ സുരക്ഷാസേന വെടിവച്ചു കൊന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
by Midhun HP News | Jul 13, 2024 | Latest News, കേരളം
2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. 160 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്രയാണ് ജൂറി ചെയര്‍മാന്‍.1987ല്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ്, 1988ല്‍ സാമൂഹിക പ്രസക്തമായ മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ദേശീയ അവാര്‍ഡ്, 1991ല്‍ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം എന്നീ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സംവിധായകന്‍ പ്രിയനന്ദനന്‍, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍ എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സുധീര്‍ മിശ്ര, പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവര്‍ക്കു പുറമെ അന്തിമ വിധിനിര്‍ണയ സമിതിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവല്‍സന്‍ ജെ. മേനോന്‍ എന്നിവരും അംഗങ്ങളായിരിക്കും.
ഛായാഗ്രാഹകന്‍ പ്രതാപ് പി നായര്‍, എഡിറ്റര്‍ വിജയ് ശങ്കര്‍, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകന്‍ സി.ആര്‍ ചന്ദ്രന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയസമിതിയിലെ മറ്റ് അംഗങ്ങള്‍.

by Midhun HP News | Jul 13, 2024 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ പതിനാലുകാരന്‍ ജീവനൊടുക്കി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14)ആണ് തൂങ്ങിമരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റില്‍ ഫ്‌ലവര്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

by Midhun HP News | Jul 13, 2024 | Latest News, കേരളം
ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിൽ ആഴ്ച തോറും 1,700 വരെ ആളുകൾ മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റഗറിയില്‍ വരുന്ന ആളുകള്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.
കോവിഡ്-19 മൂലം ആഴ്ച തോറും 1700 വരെ ജനങ്ങൾ ഇപ്പോഴും മരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമിടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ വ്യാക്തമാക്കി.
ഇരുവിഭാഗത്തിലുള്ളവരും തങ്ങളുടെ അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ കോവിഡ് വാക്സിന്‍ എടുക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നു. 2019-ന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഏഴ് ദശലക്ഷത്തോളം ജനങ്ങളാണ് കോവിഡ് ബാധിച്ച് ആഗോളതലത്തിൽ മരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് നിരീക്ഷണം നിലനിർത്താനും പരിശോധനകൾ, ജനങ്ങൾക്ക് ചികിത്സകൾ, പ്രതിരോധകുത്തിവെപ്പ് എന്നിവ ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന സർക്കാരുകളോട് അഭ്യർത്ഥിച്ചു.

by Midhun HP News | Jul 13, 2024 | Latest News, കേരളം
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ശനിയാഴ്ച ആലപ്പുഴ, പാലക്കാട് ജില്ലകളിലൊഴികെ മറ്റ് എല്ലായിടത്തും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ പെയ്യുമന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും, തമിഴ്നാട് തീരത്തും ഞായറാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Jul 13, 2024 | Latest News, കേരളം
തൊടുപുഴ: അനധികൃതമായി ട്രക്കിങിന് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ ഇടുക്കിയില്‍ മലമുകളില്‍ കുടുങ്ങി. കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ 27 വാഹനങ്ങളാണ് കുടുങ്ങിയത്. ഓഫ് റോഡ് ട്രക്കിങ്ങിനായി എത്തിയവരുടെ വാഹനങ്ങള്‍ മഴയെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ കഴിയാതെ വന്നതോടെയാണ് അവിടെ കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാല്‍പതംഗസംഘം ഇടുക്കിയിലെ നെടുങ്കണ്ടം ഭാഗത്തെ മലയില്‍ അനധികൃതമായി ട്രക്കിങിന് എത്തിയത്. സംഘം അങ്ങോട്ട് പോകുമ്പോള്‍ മഴയുണ്ടായിരുന്നില്ല. പിന്നാലെ മഴ ശക്തമായതോടെ വാഹനം തിരിച്ചിറക്കാനാകാതെ ട്രക്കിങ് സംഘം അവിടെ കുടുങ്ങുകയായിരുന്നു.
തുടര്‍ന്ന്, വാഹനത്തിലുണ്ടായവര്‍ നടന്നിറങ്ങി നാട്ടുകാരോട് സഹായം അഭ്യര്‍ഥിച്ചു. നാട്ടുകാര്‍ തന്നെ ഇവര്‍ക്ക് രാത്രി അടുത്തുള്ള റിസോര്‍ട്ടുകളില്‍ താമസസൗകര്യം ഒരുക്കി. വാഹനങ്ങള്‍ കുടുങ്ങിയ വിവരം അറിഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മഴക്കാലത്ത് ട്രക്കിങിന് നിരോധനം ഏര്‍പ്പടുത്തിയ സ്ഥലത്തേക്കാണ് കര്‍ണാടകയില്‍ നിന്നുള്ള നാല്‍പ്പതംഗ സഞ്ചാരികള്‍ എത്തിയത്.

Recent Comments