by Midhun HP News | Jun 26, 2024 | Latest News, കേരളം
മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊന്നാനി മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാൻ (62) മരിച്ചു. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. റയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു.

by Midhun HP News | Jun 26, 2024 | Latest News, കേരളം
കൊച്ചി: സജീവ മാധ്യപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് എം.വി. നികേഷ് കുമാർ. പൊതുപ്രവർത്തന രംഗത്ത് സജീവമാകുമെന്നും നികേഷ് കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു രണ്ടാം തവണയാണ് നികേഷ് കുമാർ മാധ്യമപ്രവർത്തനം ഉപേക്ഷിക്കുന്നത്. 2016ൽ അഴീക്കോട് നിന്ന് സിപിഎം സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നതിനു മുന്നോടിയായി അദ്ദേഹം മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വീണ്ടും മാധ്യമപ്രവർത്തനത്തിലേക്ക് തിരിച്ചെത്തി.
എല്ലാ കാലത്തും തന്‍റെ ജീവിതത്തിൽ രാഷ്ട്രീയമുണ്ടായിരുന്നു. ഒരു പൗരനെന്ന നിലയിൽ പൊതുപ്രവർത്തനത്തിന്‍റെ ഭാഗമായി വിവിധ രീതിയിൽ നില കൊള്ളാനാണ് ആഗ്രഹിക്കുന്നത്. സിപിസ്റ്റ അംഗമായി പ്രവർത്തിക്കും. ചാനലിന്‍റെ ഭാഗമായി നിന്നു കൊണ്ട് പൊതുപ്രവർത്തനം സാധ്യമല്ലാത്തതിനാലാണ് തീരുമാനമെന്നും നികേഷ് കുമാർ വ്യക്തമാക്കി.
മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.വി. രാഘവന്‍റെയും സി.വി. ജാനകിയുടെയും മകനാണ്. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നുമാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2003ൽ മുഴുവൻ സമയ വാർത്താ ചാനലായ ഇന്ത്യാവിഷൻ ആരംഭിച്ചു. 2011ലാണ് റിപ്പോർട്ടർ ടിവിക്കു തുടക്കം കുറിച്ചത്. രാംനാഥ് ഗോയങ്ക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

by Midhun HP News | Jun 26, 2024 | Latest News, കേരളം
മരം ലൈനിൽ വീണു വൈദ്യുത പോസ്റ്റ് തകർന്നു. ആലംകോട്, ചാത്തമ്പറ, കല്ലുവെട്ടാൻകുഴിയിൽ കോൺട്രാക്ടർ രാധാകൃഷ്ണക്കുറുപ്പിൻ്റെ വീടിന് സമീപത്താണ് സംഭവം. ഇന്ന് പുലർച്ചെ 5 മണിയോടെ മരം ഒടിഞ്ഞ് വൈദ്യുത ലൈനിൽ വീഴുകയും പോസ്റ്റ് തകരുകയും ചെയ്തു. വൈദുത ലൈൻ റോഡിലാണ് പതിച്ചത്. ഉടൻ തന്നെ അറിയിച്ചതിനെ തുടർന്ന് കെ എസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. പുലർച്ചെ നേരം പുലരുന്നതിന് മുൻപ് പാൽക്കാരും മറ്റും സഞ്ചരിക്കുന്ന റോഡാണിത്. നാട്ടുകാർ റോഡിൽ കാവൽ നിന്നു. ഈ പ്രദേശത്ത് വൈദ്യുതി പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
രാവിലെ എത്തി നടപടി സ്വീകരിക്കുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

by Midhun HP News | Jun 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +422 മീറ്റര്‍ ആണ്.
ഇടുക്കി പാംബ്ല ഡാം തുറന്നതിന് പിന്നാലെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമും തുറന്നു. തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.
by Midhun HP News | Jun 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. നേമം സ്വദേശിയായ ആക്രി കച്ചവടക്കാരന്‍ അമ്പിളിയാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.
കഴിഞ്ഞദിവസം മലയന്‍കീഴ് സ്വദേശി ദീപുവിനെയാണ് (44) കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി എസ്പി സുന്ദര വദനത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം അംഗങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കരയ്ക്കും അമരവിളയ്ക്കും ഇടയില്‍ വച്ചാണ് പ്രതി കാറില്‍ കയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെര്‍മോകോള്‍ കട്ടര്‍ ഉപയോഗിച്ചാണ് പ്രതി കൃത്യം നിര്‍വഹിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം രാത്രി സമയം 10.12നുള്ള ദൃശ്യങ്ങളില്‍ കാറില്‍ നിന്ന് ഇറങ്ങി ഒരാള്‍ മുന്നോട്ടുനടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ കയ്യില്‍ ഒരു ബാഗ് ഉണ്ട്. കാലിന് മുടന്ത് പോലെ തോന്നിപ്പിക്കുന്നയാള്‍ നടന്നുനീങ്ങുന്നതായാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
തമിഴ്നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയത്. വാഹനം അസ്വാഭാവിക സാഹചര്യത്തില്‍ കിടക്കുന്നതു രാത്രി 11.45നാണു തമിഴ്നാട് പൊലീസ് ശ്രദ്ധിച്ചത്. ഇന്‍ഡിക്കേറ്റര്‍ ഇട്ട് ബോണറ്റ് തുറന്ന നിലയില്‍ കാര്‍ കിടക്കുന്നത് കണ്ട് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവര്‍ സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലായിരുന്നു മൃതദേഹം. കാറിനുള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു.
ദീപുവിന്റെ കൈവശം ഉണ്ടായിരുന്ന 10 ലക്ഷം രൂപ തട്ടാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് എന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കഴിഞ്ഞദിവസം വൈകീട്ട് ആറിനാണ് മലയിന്‍കീഴ് നിന്ന് ദീപു യാത്ര തിരിച്ചത്. ജെസിബി വാങ്ങാനായി 10 ലക്ഷം രൂപ കയ്യില്‍ കരുതിയിരുന്നു. കോയമ്പത്തൂരും ചെന്നൈയും പോകുമെന്നു വീട്ടില്‍ പറഞ്ഞിരുന്നു. കളിയിക്കാവിള വഴി വരാന്‍ കാരണം ജെസിബി ഓടിക്കാനറിയാവുന്ന ഒരു സുഹൃത്ത് ഇവിടെയുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷര്‍ യൂണിറ്റുണ്ട്. പുതിയ ക്രഷര്‍ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനായാണ് പോയതെന്നാണ് വീട്ടുകാര്‍ നല്‍കിയ മൊഴി.

by liji HP News | Jun 25, 2024 | Latest News, കേരളം
ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം സാബു നിവാസിൽ ജി ഭാസിപ്പിള്ള (67) അന്തരിച്ചു.
ഭാര്യ: എസ് തങ്കമണി.
മക്കൾ: സാബു, സാനു.
മരുമക്കൾ: അഞ്ജു എസ് നായർ, ജെ എസ് ധന്യ ലക്ഷമി.
Recent Comments