ലോക്‌സഭാ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു; പ്രമേയം ശബ്ദവോട്ടോടെ പാസാക്കി

ലോക്‌സഭാ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു; പ്രമേയം ശബ്ദവോട്ടോടെ പാസാക്കി

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിർള തെരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ സ്ഥാനാർഥിയായാണ് ഓം ബിർള മത്സരിച്ചത്. ഓം ബിർളയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ സഭ പാലാക്കി. പ്രതിപക്ഷം ബാലറ്റ് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റ് പ്രമേയങ്ങൾ വോട്ടിന് പരിഗണിച്ചില്ല. തുടർച്ചയായ രണ്ടാം തവണയാണ് ഓം ബിർള ലോക്‌സഭാ സ്പീക്കറാകുന്നത്. 17ാം ലോക്‌സഭയുടെ അധ്യക്ഷനും ഓം ബിർള തന്നെയായിരുന്നു

ഇന്ത്യ സഖ്യം മാവേലിക്കര എംപി കൊടിക്കുന്നിലിനെയാണ് സ്പീക്കർ സ്ഥാനാർഥിയായി നിർത്തിയിരുന്നത്. ഓം ബിർളയുടെ പേര് നിർദേശിച്ച് 13 പ്രമേയങ്ങളാണ് എത്തിയിരുന്നത്. കൊടിക്കുന്നിലിന്റെ പേര് നിർദേശിച്ച് 3 പ്രമേയങ്ങളെത്തി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ ചേർന്ന് ഇരിപ്പടത്തിലേക്ക് നയിച്ചു.

‘താടി വളര്‍ത്താം, എന്നാലും ഇത്രയ്ക്കു വേണോ?’; ജയിലര്‍മാര്‍ക്ക് പുതിയ ‘തലവേദന’

‘താടി വളര്‍ത്താം, എന്നാലും ഇത്രയ്ക്കു വേണോ?’; ജയിലര്‍മാര്‍ക്ക് പുതിയ ‘തലവേദന’

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ താടി വളര്‍ത്തുന്ന തടവുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇക്കൂട്ടത്തില്‍ പലരുടെയും താടി അനിയന്ത്രിതമായി നീളുകയും ചെയ്തിരിക്കുന്നു. അച്ചടക്കത്തെയും ശുചിത്വത്തെയും കുറിച്ച് എല്ലാ ചോദ്യങ്ങളും ഉയരുമ്പോഴും ഈ ‘താടി മാനിയ’ കൈകാര്യം ചെയ്യാന്‍ വാര്‍ഡന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നതാണ് വാസ്തവം.

കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) റൂള്‍ 292 (1) പ്രകാരം ഒരു തടവുകാരന് താടി വളര്‍ത്താന്‍ അവകാശമുണ്ടെങ്കിലും, തടവുകാര്‍ അത് പിന്തുടരുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായി ഡിഐജി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു. താടി വളര്‍ത്താന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് പറഞ്ഞ് അവര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങുകയും ചെയ്യുന്നു.

പൂജപ്പുര, വിയ്യൂര്‍, തവനൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരാണ് പ്രധാനമായും താടി വളര്‍ത്താന്‍ അനുമതി തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താടി നീട്ടുന്നതോടെ ഒരുപുരുഷന്റെ രൂപം മാറുന്നതായി തൃശൂരിലെ മറ്റൊരു മുതിര്‍ന്ന ജയിലര്‍ അഭിപ്രായപ്പെട്ടു. ഭൂരിഭാഗം പേരും ഇപ്പോള്‍ താടിനീട്ടുന്നു. അത് പലപ്പോഴും വെടിപ്പില്ലാതെ നിട്ടിവളര്‍ത്തുകയും ചെയ്യുന്നു. ശബരിമല തീര്‍ഥാടന കാലം, റംസാന്‍ മാസം തുടങ്ങിയ സമയത്ത് മതപരമായ കാരണങ്ങളാല്‍ ഇളവ് അനുവദിക്കാറുണ്ടെ മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, തടവുകാരില്‍ പ്രത്യേകിച്ച് എന്‍ഐഎ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, മതവിശ്വാസത്തിന്റെ പേരില്‍ ബോധപൂര്‍വം താടി വളര്‍ത്തുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയിലിലെ അച്ചടക്കവും ശുചിത്വവും പാലിക്കുന്നതില്‍ ഈ പ്രവണത ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ നിയമപരമായ കര്‍ശനനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

തടവുകാര്‍ മനഃപൂര്‍വം താടി നീട്ടിവളര്‍ത്തുന്നത് മറ്റുള്ളവര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനിടെ മുടി തടവുകാരുടെ ഭക്ഷണത്തില്‍ വീഴാന്‍ ഇടയുണ്ട്. ഇത് ജയിലിനുള്ളില്‍ സംഘര്‍ഷങ്ങള്‍ക്കും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

മതവിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജയിലില്‍ താടി വളര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. യുഎപിഎ ചുമത്തപ്പെട്ട സെന്‍ട്രല്‍ ജയിലിലെ അന്തേവാസിയായ സഹദ് എം താടി വളര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജയില്‍ തടവുകാരന് അനുകൂലമായാണ് വിധി ഉണ്ടായത്. ഹര്‍ജിയെ എതിര്‍ത്ത വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ജയിലിന്റെ അച്ചടക്കവും ശുചിത്വവും പാലിക്കാന്‍ താടിവടിക്കലും അനിവാര്യമാണെന്ന് വാദിച്ചു. എന്നാല്‍ എന്‍ഐഎ കോടതി താടിവളര്‍ത്താന്‍ സഹദിന് അനുമതി നല്‍കി. മതാചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാന്‍ അവകാശമുണ്ടെന്നായിരുന്നു തടവുകാരന്റെ വാദം. ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ തടവുകാരന്‍ താടിവളര്‍ത്തിയിരുന്നില്ലെന്ന വാദം അദ്ദേഹത്തിന്റെ അവകാശം നിഷേധിക്കാന്‍ പര്യാപ്തമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

പാലക്കാട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

പാലക്കാട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണു(21)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം.

സഹപാഠികള്‍ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോള്‍ വിഷ്ണുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പാകിസ്ഥാനില്‍ ജോലി ചെയ്തതിന്റെ പേരില്‍ ഒരാള്‍ ഇന്ത്യയുടെ ശത്രുവാകില്ല: ഹൈക്കോടതി

പാകിസ്ഥാനില്‍ ജോലി ചെയ്തതിന്റെ പേരില്‍ ഒരാള്‍ ഇന്ത്യയുടെ ശത്രുവാകില്ല: ഹൈക്കോടതി

കൊച്ചി: പാകിസ്ഥാനില്‍ ജോലി ചെയ്തതിന്റെ പേരില്‍ ഒരാള്‍ ഇന്ത്യയുടെ ശത്രുവാകില്ലെന്ന് ഹൈക്കോടതി. 1953ല്‍ ജോലി തേടി കറാച്ചിയിലേക്കു പോയ പിതാവ് അവിടെ കുറച്ചു കാലം ഹോട്ടലില്‍ ഹെല്‍പ്പര്‍ ആയിരുന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പരപ്പനങ്ങാടി സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം.

എഴുപത്തിനാലുകാരനായ പി ഉമ്മര്‍ കോയയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. പിതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം ഉമ്മര്‍ കോയ വിലകൊടുത്തു വാങ്ങുകയായിരുന്നു. എന്നാല്‍ ഈ സ്ഥലം എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം നടപടി നേരിടുന്നതാണെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസര്‍ കരം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഹര്‍ജിക്കാരന്റെ പിതാവ് പാകിസ്ഥാന്‍ പൗരനാണെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ പിതാവ് ഇന്ത്യന്‍ പൗരന്‍ ആണെന്നതിനു രേഖകള്‍ ഉണ്ടെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും, രേഖകള്‍ അടിസ്ഥാനമാക്കി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കരം സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടത്.

’85 രൂപയ്ക്ക് കെ ചിക്കന്‍ വാഗ്ദാനം ചെയ്തു, എന്നാല്‍ 85 രൂപയ്ക്ക് ചിക്കന്‍ കാല്‍ പോലും കിട്ടാനില്ല’

’85 രൂപയ്ക്ക് കെ ചിക്കന്‍ വാഗ്ദാനം ചെയ്തു, എന്നാല്‍ 85 രൂപയ്ക്ക് ചിക്കന്‍ കാല്‍ പോലും കിട്ടാനില്ല’

തിരുവനന്തപുരം: സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍. കേരളത്തില്‍ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്നും കോണ്‍ഗ്രസിലെ റോജി എം ജോണ്‍ പറഞ്ഞു.

വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്പാറും മുരിങ്ങക്കായ ഇല്ലാത്ത അവിയലും കഴിക്കേണ്ട ദുരവസ്ഥയിലാണ് സാധാരണ മലയാളി കുടുംബം. ഒരു മാസം മുമ്പ് 50-60 രൂപയ്ക്ക് ലഭിച്ചിരുന്ന പച്ചക്കറി കിറ്റ് ഇപ്പോള്‍ കിട്ടണമെങ്കില്‍ നൂറു രുപയിലേറെ കൊടുക്കണം. വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതൊന്നും സര്‍ക്കാര്‍ മാത്രം അറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

85 രൂപയ്ക്ക് കെ ചിക്കന്‍ ഒരു മന്ത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ 85 രൂപയ്ക്ക് ചിക്കന്‍ കാല്‍ പോലും കിട്ടില്ല. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മത്തിയുടെ വില 300 രൂപയിലേറെയായി. വിപണിയില്‍ പച്ചക്കറി വില വര്‍ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നേരത്തെ കൃഷിമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സപ്ലൈകോയിലെ വിലവര്‍ധന ഇപ്പോള്‍ ജനങ്ങളെ ബാധിക്കുന്നില്ല. കാരണം സപ്ലൈകോയില്‍ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ വിലക്കയറ്റം ബാധിക്കേണ്ടതുള്ളൂ എന്നും റോജി എം ജോണ്‍ പരിഹസിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍ വിലക്കയറ്റം ദേശീയ വിഷയമാണെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മറുപടി നല്‍കിയത്. സര്‍ക്കാര്‍ ഇടപെടലില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തി. ഉത്പാദക സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ വിലക്കുറവുണ്ട്. സംസ്ഥാനത്ത് 82-83 ശതമാനം കുടുംബങ്ങള്‍ പൊതു വിതരണ കേന്ദ്രത്തെ ആശ്രയിച്ച് റേഷന്‍ വാങ്ങുന്നുണ്ട്. കേരളത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാത്തപ്പോഴും സര്‍ക്കാര്‍ സാധാരണക്കാരെ ചേര്‍ത്തു നിര്‍ത്തുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ട്. അതിനാല്‍ ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

വിവാഹത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

വിവാഹത്തിൽ നിന്ന് പിന്മാറി; യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്. കോട്ടക്കലിൽ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. എയർഗണ്‍ ഉപയോഗിച്ചാണ് പ്രതി അബു താഹിർ വെടിവെച്ചത്. മൂന്ന് റൗണ്ട് വെടിയുതിർത്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.