by liji HP News | May 30, 2024 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണകുളം സൗത്തിലെ മെട്രോ ലോഡ്ജില്‍ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ലോട്ടറിവില്‍പ്പനക്കാരനായ ഷജീറിനെയാണ് നാലംഗസംഘം മര്‍ദിച്ചത്. നേരത്തെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂന്നംഗ സംഘം ലോഡ്ജിലെത്തുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ റൂമിലുണ്ടായിരുന്ന അയേണ്‍ ബോക്‌സ് എടുത്ത് ഷജീറിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. മൂക്കിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അത് കളിത്തോക്കാണ് എന്നാണ് പൊലീസ് പറഞ്ഞതെങ്കിലും പരിശോധനയില്‍ കളിത്തോക്ക് അല്ലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. നേരത്തെ കൊച്ചിയിലെ ബാറിലും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു.
by liji HP News | May 30, 2024 | Latest News, കേരളം
തൃശൂര്‍: പ്രോട്ടീന്‍കടയുടെ മറവില്‍ സ്റ്റിറോയ്ഡുകളും രക്തസമ്മര്‍ദ്ദം ഉയര്‍ത്താനുള്ള മരുന്നുകളും വില്‍പ്പന നടത്തിയ സംഭവത്തില്‍ തൃശൂരിലെ പ്രോട്ടീന്‍മാളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ചീഫ് ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച മരുന്നുകള്‍ പിടിച്ചെടുത്തു. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീന്‍മാളില്‍ മുന്‍പ് കഞ്ചാവ് വില്‍പ്പനക്കെത്തിച്ചതും പൊലീസ് പിടികൂടിയിരുന്നു.
ഇറക്കുമതി ചെയ്ത മരുന്നുകളാണ് വിദഗ്ധനിര്‍ദ്ദേശമില്ലാതെ ഷോറൂമിലൂടെ വിറ്റഴിച്ചിരുന്നത്. അനാബൊളിക് സ്റ്റിറോയ്ഡുകളും രക്ത സമ്മര്‍ദം കൂട്ടുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പരിശോധനയില്‍ പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. ജിമ്മുകളില്‍ പോകുന്നവര്‍ ശാരീരികക്ഷമത കൂട്ടുന്നതിനായാണ് ഇവ അനധികൃതമായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നാനൂറ് ആംപ്യൂളുകളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്‍ പറഞ്ഞു.
തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സീനിയര്‍ ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്റെ നേതൃത്വത്തില്‍ ഐബി ഡ്രഗ് ഇന്‍സ്പെക്ടര്‍ ധന്യ, ഡ്രഗ് ഇന്‍സ്പെക്ടര്‍ റെനിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
അനാബൊളിക് സ്റ്റിറോയ്ഡുകളും ബിപി ഉയര്‍ത്തുന്ന ടെനിവ അടക്കം ഇറക്കുമതി ചെയ്ത മരുന്നുകളാണ് പിടിച്ചെടുത്തത്. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കേണ്ട മരുന്നാണ് ടെനിവ. ജിമ്മുകളില്‍ പോകുന്നവര്‍ ശാരീരികക്ഷമത കൂട്ടുന്നതിനായാണ് ഇവ അനധികൃതമായി ഉപയോഗിക്കുന്നത്. നാനൂറ് ആംപ്യൂളുകളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഡ്രഗ് ഇന്‍സ്പെക്ടര്‍ സാജന്‍ പറഞ്ഞു.
by liji HP News | May 30, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍.
ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്.
ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്‌സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
by liji HP News | May 30, 2024 | Latest News, കേരളം
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ആറ്റിങ്ങൽ കൊല്ലമ്പുഴ കോയിക്കൽ ക്ഷേത്ര കലാപീOത്തിൽ 20-24-25 അദ്ധ്യയന വർഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഇവിടെ പഞ്ചവാദ്യം, നാഗസ്വരം, തകിൽ എന്നീ വിഭാഗങ്ങളിലായി ത്രിവത്സര സർട്ടിഫിക്കറ്റ് കോഴ്സാണ് നടത്തുന്നത്.
അപേക്ഷകർ 15നും 20 നും മദ്ധ്യേ പ്രായമുള്ളവരും പത്താം ക്ലാസ് പാസായിട്ടുള്ളവരും
(പ്ലസ് ടു കാർക്ക് മുൻഗണന) ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടികളുമായിരിക്കണം. അഡ്മിഷൻ ലഭിക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോർഡ് നൽകുന്നതാണ്. അപേക്ഷഫാറം തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെബ് സൈറ്റായ www.travancoredevaswam.org ൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫീസായ 100 (നൂറ്) രൂപ ദേവസ്വം കമ്മീഷണറുടെ പേരിലുള്ള 126- 1 – 6223 നമ്പർ അക്കൗൻഡ് ഹെഡിൽ ധനലക്ഷ്മി ബാങ്കിൻ്റെ നന്തൻകോട് ശാഖയിൽ മാറത്തക്കവിധം ഡിമാൻ്റ് ഡ്രാഫ്റ്റ് എടുത്ത് അപേക്ഷിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷകൾ 2024 ജൂൺ 20-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി ക്ഷേത്ര കലാപീOത്തിൽ ലഭിച്ചിരിക്കേണ്ടതാണ്.അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും ഡിമാൻ്റ് ഡ്രാഫ്റ്റും (ഒറിജിനൽ) ഹാജരാക്കേണ്ടതാണ്.അപേക്ഷകനുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ കൃത്യമായി അപേക്ഷയോടൊപ്പം നൽകണം.
ആറ്റിങ്ങൽ ക്ഷേത്ര കലാപീOത്തിലെ അഭിരുചി പരീക്ഷ 2024 ജൂൺ 26-ാം തീയതി ആറ്റിങ്ങൽ ക്ഷേത്ര കലാപീഠത്തിൽ വച്ച് നടത്തുന്നതാണ്. അന്നേ ദിവസം രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അപേക്ഷകർ ആറ്റിങ്ങൽ കലാപീOത്തിൽ ഹാജരാകേണ്ടതാണ്.
അപേക്ഷ അയക്കേണ്ട മേൽവിലാസം:
മാനേജർ, കോയിക്കൽ ക്ഷേത്ര കലാപീഠം, കൊല്ലമ്പുഴ, ആറ്റിങ്ങൽ പി.ഒ.തിരുവനന്തപുരം
695101
ഫോൺ: മാനേജർ- 7591969060
പ്രിൻസിപ്പാൾ ഇൻ ചാർജ്- 9495392739
by liji HP News | May 30, 2024 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിക്ക് ദുബായിലും അക്കൗണ്ടെന്ന തരത്തില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തിനു മറുപടിയുമായി സിപിഎം നേതാവ് ടിഎം തോമസ് ഐസക്ക്. വീണയുടെ കമ്പനിയുടെ പേര് എക്‌സാലോജിക് സൊല്യൂഷന്‍സ് എന്നാണെന്നും ദുബായ് കമ്പനി എക്‌സാലോജിക് കണ്‍സള്‍ട്ടിങ് ആണെന്നും തോമസ് ഐസക്ക് പറഞ്ഞു. ഏതൊരാള്‍ക്കും ഗൂഗിള്‍ ചെയ്തു കണ്ടെത്താവാന്ന വിവരങ്ങളുമായാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കുറിപ്പു വായിക്കാം.
ബാംഗ്ലൂരിലെ എക്സാലോജിക് കമ്പനി സിഎംആർഎൽ കമ്പനിയുമായി സർവ്വീസ് കരാറിലേർപ്പെട്ട് നിയമാനുസൃതമായി ഫീസ് വാങ്ങിയതിനെ മാസപ്പടിയായി കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളും പ്രതിപക്ഷവും ആഘോഷിച്ചുവരികയായിരുന്നു. മാത്യു കുഴൽനാടൻ അത് കോടതിയിൽകൊണ്ടുപോയി തിരിച്ചടി നേടിയശേഷം പ്രതിപക്ഷം വലിയ ഇച്ഛാഭംഗത്തിലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ബിജെപിയുടെ ഷോൺ ജോർജ്ജ് പുതിയൊരു ആക്ഷേപവുമായിട്ടു വരുന്നത്.
എക്സാലോജികിന് ദുബായിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമുണ്ടത്രേ. അതിലേക്ക് കേരള സർക്കാരുമായി ബന്ധമുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിൽ എസ്എൻസി ലാവലിനും 2016-19 കാലത്ത് പലതവണ പണം നിക്ഷേപിച്ചിട്ടുണ്ടത്രേ. “ഈ കമ്പനി സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ” കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിൽ ആയിരുന്നത്രേ. ഷോൺ ഇഡിക്കും തെളിവുകൾ കൊടുത്തിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിലും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ പത്രങ്ങളും വളരെ പ്രാധാന്യത്തോടെ വാർത്തയും നൽകിയിട്ടുണ്ട്.
മലയാള മാധ്യമ പ്രവർത്തനത്തിന്റെ നിലവാരത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ സംഭവം. ഒരാൾക്കുപോലും ഗൂഗിൾ ചെയ്ത് ദുബായിയിലെ എക്സാലോജിക് കമ്പനിയുടെ വെബ്സൈറ്റ് പരിശോധിച്ചിരുന്നെങ്കിൽ അവർ ഒന്ന് കാണുമായിരുന്നു: വീണയുടെ കമ്പനിയുടെ പേര് എക്സാലോജിക് സൊല്യൂഷൻസ് എന്നാണ്. ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കൺസൾട്ടിംഗ് എന്നാണ്.
ദുബായ് കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു മെയിൽ അയച്ചിരുന്നെങ്കിൽ അവർ ഇപ്പോൾ വൈബ് സൈറ്റിൽ ഇട്ടിരിക്കുന്ന വിശദീകരണം മാധ്യമ പ്രവർത്തകർക്ക് അയച്ചുകൊടുക്കുമായിരുന്നു. ദുബായ് കമ്പനിക്ക് അഞ്ച് കോർപ്പറേറ്റ് ഓഫീസുകളാണുള്ളത്. മൂന്നെണ്ണം യുഎഇയിലും ഒരെണ്ണം ലണ്ടനിലും മറ്റൊന്ന് ബാംഗ്ലൂരുമാണ്. ബാംഗ്ലൂരിലെ കമ്പനിയിലെ പേര് എക്സാലോജികോ സിസ്റ്റംസ് ആൻഡ് സർവ്വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. എന്നു മാത്രമല്ല, ഇവയല്ലാതെ മറ്റൊരു സ്ഥാപനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഷോൺ പറയുന്ന മലയാളികളായ ഉടമസ്ഥർക്ക് ഒരു രാഷ്ട്രീയ ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കുന്നു.
ഈ കള്ളക്കഥ ആര് മെനഞ്ഞതാണ്? മറ്റു പത്രങ്ങളിലെല്ലാം ഇന്നാണ് വാർത്ത. പക്ഷേ, ഷോണിന്റെ പത്രസമ്മേളനത്തിനു മുമ്പ് ഇന്നലെ തന്നെ മനോരമ ഒരു എക്സ്ക്ലൂസീവ് പോലെ ഇതു സംബന്ധിച്ച് ഒന്നാം പേജിൽ തലക്കെട്ടായി കൊടുത്തിട്ടുണ്ട്. ആര് ആരിൽ നിന്ന് പഠിച്ച കഥയാണാവോ ഇത്? റിപ്പോർട്ടിൽ ഒരു ബോക്സിൽ എന്നെക്കുറിച്ചും പരാമർശമുണ്ട്. കിഫ്ബി മസാലബോണ്ട് കേസിൽ ഇഡി അന്വേഷണം നടത്തവേ ഇതു സംബന്ധിച്ച് ഒരു വർഷം മുമ്പ് വിവരം ലഭിച്ചിരുന്നുവത്രേ. ഇനിയാണ് ഹൈലൈറ്റ്.
“മസാലബോണ്ട് കേസ് അന്വേഷണത്തിനെതിരെ മുൻമന്ത്രി തോമസ് ഐസക്ക് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കിഫ്ബിയുമായി നേരിട്ട് ബന്ധമില്ലാത്തവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തേടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ ഈ വ്യക്തികളും കുടുംബാംഗങ്ങളും ആരാണെന്നു വ്യക്തമാക്കിയിരുന്നില്ല.”ഹോ… എന്തൊരു ദുരൂഹത!
ആറ് ശതമാനം പലിശയ്ക്ക് വായ്പ കിട്ടുമായിരുന്നത് വേണ്ടെന്നുവച്ചിട്ടാണ് 9.7 ശതമാനത്തിന് കനേഡിയൻ പെൻഷൻ ഫണ്ടിന് ബോണ്ട് വിറ്റതത്രേ. ഈ പലിശ വ്യത്യാസത്തിന്റെ ലാഭവും ദുബായ് കമ്പനിയിലേക്ക് ഒഴുകിയിട്ടുണ്ടത്രേ. കനേഡിയൻ പെൻഷൻ ഫണ്ട് ലാവലിന്റെ ഉപകമ്പനിയാണെന്നും നിരീക്ഷണമുണ്ട്. പെൻഷൻ ഫണ്ട് മറ്റുപല കമ്പനികളിലെന്നപോലെ ലാവിന്റെ ഷെയറും വാങ്ങിയിട്ടുണ്ടാകാം. അത് എങ്ങനെ പെൻഷൻ ഫണ്ടിനെ ലാവിന്റെ ഉപകമ്പനിയാക്കും?
മസാലബോണ്ട് മാർക്കറ്റ് എങ്ങനെയാണു പ്രവർത്തിക്കുന്നതെന്ന പ്രാഥമിക വിവരമുള്ള ഒരുത്തൻ ഇങ്ങനെ പറയുമോ? റിസർവ്വ് ബാങ്കിന്റെ ചട്ടപ്രകാരം മസാലബോണ്ട് ഇറക്കുന്നതിന് അംഗീകൃത ബാങ്കുകളായ ഏജൻസികളെ ചുമതലപ്പെടുത്തണം. അവർ ടെണ്ടർ വിളിച്ച് ഏറ്റവും താഴ്ന്ന് നിരക്ക് ക്വാട്ട് ചെയ്യുന്നവരുടെ വിവരം കിഫ്ബിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലാണ് ബോണ്ട് വിൽക്കുന്നത്. ഇതൊക്കെ സംബന്ധിച്ച് പ്രാഥമിക ധാരണപോലും ഇല്ലാത്തവരാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നത്.
ആരോപണം തെറ്റെങ്കിൽ തനിക്കെതിരെ മാനനഷ്ട കേസ് കൊടുക്കട്ടേയെന്നാണ് ഷോൺ ജോർജിന്റെ വെല്ലുവിളി. ബഹുമാനപ്പെട്ട കോടതിയോട് വിനീതമായ ഒരു അഭ്യർത്ഥനയേയുള്ളൂ. ഇദ്ദേഹത്തെപോലുള്ള ശല്യക്കാരനായ വ്യവഹാരി നൽകിയിരിക്കുന്ന ഉപഹർജി പിൻവലിക്കാൻ അനുവദിക്കരുത്. കുഴൽനാടൻ കേസിലെന്നപോലെ ഒരു തീർപ്പുണ്ടാക്കണം.
by Midhun HP News | May 30, 2024 | Latest News, കേരളം
പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾക്ക് ജൂൺ മാസത്തിൽ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയടക്കം ആണ് ഈ അവധികൾ. എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾ അടഞ്ഞുകിടക്കുക. കനത്ത മഴ പ്രതീക്ഷിക്കുന്ന ജൂൺ മാസത്തിൽ ഏഴ് വാരാന്ത്യ അവധികൾ ബാങ്കുൾക്കുണ്ട്.
അഞ്ച് ഞായറാഴ്ചകളാണ് അവധിയിൽ പ്രധാന ഭാഗം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ കൂടിയാകുമ്പോൾ അവധി ഏഴാകും. ജൂൺ 2, 9, 16, 23, 30 തീയ്യതികളാണ് ഞായർ അവധി ലഭിക്കുക. ജൂൺ എട്ട്, 22 തീയ്യതികളാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ. ഈ ദിവസങ്ങളും പൊതു അവധിയാണ്.ഇതോടൊപ്പം കേരളത്തിൽ ജൂൺ 17 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈദുൽ ഫിത്തർ പ്രമാണിച്ചാണ് ഈ ദിവസത്തെ അവധി. ജൂൺ 15 ശനിയാഴ്ച വൈകീട്ട് അടക്കുന്ന സംസ്ഥാനത്തെ ബാങ്കുകൾ ജൂൺ 18 ന് മാത്രമേ വീണ്ടും തുറക്കൂ. എന്നാൽ ഓൺലൈൻ, എടിഎം, യുപിഐ പോലുള്ള ബാങ്കിങ് സേവനങ്ങൾക്ക് അവധി ദിവസങ്ങളിൽ തടസമുണ്ടാകില്ല. ബാങ്കിൽ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങൾക്ക് മാത്രമാണ് അവധി ബാധകമാവുക.
Recent Comments