by Midhun HP News | May 30, 2024 | Latest News, കേരളം
കൊച്ചി: പൊലീസുകാർ മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ എന്ന് ഹൈക്കോടതി. കാലം മാറിയിട്ടും പൊലീസ് മാറിയോ എന്നത് സംശയമാണെന്നും കോടതി പറഞ്ഞു. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ പൊലീസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം.
അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്നത് ജോലിക്ക് തടസ്സമാകും എന്നായിരുന്നു പൊലീസ് നിലപാട്. എല്ലാം രഹസ്യമായി ചെയ്യാനാണോ പൊലീസ് ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിദേശ രാജ്യങ്ങളിൽ പൊലീസ് വാഹനത്തിൽ അടക്കം ക്യാമറയുണ്ടെന്നും പറഞ്ഞു.
ഒരു സ്ഥാനത്തിരുന്ന് താഴെയുള്ളവരെ അസഭ്യം പറയുന്നത് നീതീകരിക്കാനാവില്ല. പൊലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്തിനാണ്. ഇത്തരം രീതികളെ അതീവ ഗൗരവത്തോടെയെ കാണാനാവൂ. വെല്ലുവിളി നിറഞ്ഞ ജോലിയാണ് പൊലീസിന്റേത്. അത് ഏറ്റെടുക്കാൻ തയ്യാറുള്ളവർ മാത്രമേ പൊലീസ് ജോലി സ്വീകരിക്കാവൂ. ധാർഷ്ട്യമല്ല വിനയമാണ് വേണ്ടത്. മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ? വിളിച്ചാൽ വിവരം അറിയും. – കോടതി വ്യക്തമാക്കി. സ്വാതന്ത്ര്യം കിട്ടി 75 വർഷം കടന്നിട്ടും കൊളോണിയൽ സംസ്കാരം വെടിയണമെന്ന് പൊലീസിനോട് പറയേണ്ടിവരുന്നത് കഷ്ടമാണ്. മോശം പെരുമാറ്റം പെട്ടെന്നുള്ള പ്രകോപനത്തിന്റെ ഫലമായിരുന്നുവെന്നു പറയുന്നവർ ജോലിക്ക് യോഗ്യരല്ലെന്നും പറഞ്ഞു. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനൊടുവിൽ എന്തു നടപടിയെടുത്തുവെന്ന് ഡിജിപി റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. വിഷയം ജൂൺ 11ന് വീണ്ടും പരിഗണിക്കും.
by Midhun HP News | May 30, 2024 | Latest News, കേരളം
ആലപ്പുഴ: വിഷു ബംപര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പില്‍ വിശ്വംഭരന്(76). സിആര്‍എഫ് വിമുക്തഭടനായ ഇദ്ദേഹം കൊച്ചിയിലെ ബാങ്കില്‍ സെക്യൂരിറ്റി കുറച്ചുകാലം സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു.
സ്ഥിരം ലോട്ടറിയെടുക്കുന്നയാളെന്നും വാര്‍ത്ത അറിഞ്ഞയുടന്‍ ആളുകളെത്തുമോയെന്നാണ് പേടിയെന്നും വിശ്വംഭരന്‍ പറഞ്ഞു. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല, എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ടെന്നും വിശ്വംഭരന്‍ പറഞ്ഞു
by liji HP News | May 30, 2024 | Latest News, കേരളം
ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം.
by Midhun HP News | May 30, 2024 | Latest News, കേരളം
ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി 5 നാൾ അവശേഷിക്കെ ആത്മവിശ്വാസവും അവകാശവാദവുമായി സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും വീണ്ടും സജീവമായി.കേരളത്തിൽ ഏറ്റവും കുറഞ്ഞത് 15-17 സീറ്റ് വരെ ലഭിക്കുമെന്നത് യുഡിഎഫ് കരുതുമ്പോൾ, 8-10 സീറ്റ് എന്ന അവകാശമാണ് എൽഡിഎഫിനുള്ളത്. 4 സീറ്റ് വരെ ജയിക്കുമെന്ന ശുഭപ്രതീക്ഷയുമായി ബിജെപി ക്യാമ്പും സജീവമാണ്.
ട്വന്‍റി20 അവകാശവാദമാണ് യു.ഡി.എഫ് ഇപ്പോഴും പൊതു സമൂഹത്തിൽ ആവർത്തിക്കുന്നത്. എന്നാല്‍, പകുതിയിലേറെ സീറ്റുകള്‍ ഉറപ്പെന്ന ആത്മവിശ്വാസം ഇടതുനേതാക്കളും പ്രകടിപ്പിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 4 സീറ്റ് എന്ന് എൻഡിഎ നേതാക്കളും പറയുന്നു.
മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നാം തീയതി വൈകീട്ട് പുറത്തുവരും.
രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ പോളിങ് നടന്നത്. പിന്നീടുള്ള ഓരോ ഘട്ടം പിന്നിടുമ്ബോഴും ബി.ജെ.പിക്ക് ആദ്യം പ്രതീക്ഷിച്ചപോലെ വ്യക്തമായ മേല്‍ക്കൈ ഇല്ലെന്ന റിപ്പോർട്ടുകളാണ് വന്നത്. ആ നിലയില്‍ കേരളത്തിലെ പോളിങ് അവസാനത്തെ ഘട്ടങ്ങളിലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കുറേക്കൂടി അനുകൂലമായി മാറുമായിരുന്നെന്ന് ഇപ്പോൾ വിലയിരുത്തുന്നവരുമുണ്ട്.
പാലക്കാട്, ആലത്തൂർ, കണ്ണൂർ, ആറ്റിങ്ങല്‍, മാവേലിക്കര എന്നീ ആറ് സീറ്റുകളിലാണ് എല്‍.ഡി.എഫിന് പൂർണ വിശ്വാസമുള്ളത്. ഈ സീറ്റുകളില്‍ മത്സരം കടുപ്പമായിരുന്നെന്ന് യു.ഡി.എഫും സമ്മതിക്കുന്നു. വയനാട്, മലപ്പുറം, പൊന്നാനി, കോഴിക്കോട്, എറണാകുളം, ഇടുക്കി, ചാലക്കുടി, കോട്ടയം, കാസർകോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സീറ്റുകളില്‍ വിജയം ഉറപ്പെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.
ത്രികോണ മത്സരം നടന്ന തൃശൂരില്‍ ഇരുമുന്നണികള്‍ക്കും ശുഭപ്രതീക്ഷയാണുള്ളത്. കെ. മുരളീധരൻ മുന്നിലെത്തുമെന്ന് കോണ്‍ഗ്രസ് കരുതുമ്ബോള്‍ സുനില്‍കുമാറിന്‍റെ ജനകീയത വിജയിക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. മറ്റൊരു ത്രികോണമത്സരത്തിന് വേദിയായ തിരുവനന്തപുരത്ത് ശശി തരൂർതന്നെയെന്ന് ഉറപ്പിച്ചുപറയുന്നു കോണ്‍ഗ്രസ്. തൃശൂരിലും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും വലിയ പ്രതീക്ഷ പറയുന്നുണ്ട് ബി.ജെ.പി.
by liji HP News | May 30, 2024 | Latest News, കേരളം
ഡല്‍ഹി: സ്വര്‍ണക്കടത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ ശിവകുമാര്‍ പ്രസാദ് തന്റെ മുന്‍ സ്റ്റാഫാണെന്ന് ശശി തരൂര്‍ എംപി. 72കാരനും വൃക്കരോഗിയുമായ ശിവകുമാര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയിലുണ്ടായിരുന്നതായും ശശി തരൂര്‍ എക്‌സില്‍ പ്രതികരിച്ചു.
വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. സംഭവം ഞെട്ടലുണ്ടാക്കിയെന്നും 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിര്‍ത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.
ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി.
by Midhun HP News | May 30, 2024 | Latest News, കേരളം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം ഇരിക്കാന്‍ എത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മോദി ഹെലികോപ്റ്റര്‍ മാര്‍ഗമാണ് കന്യാകുമാരിലേക്ക് പോവുക.
കന്യാകുമാരി ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയില്‍ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഇന്ന് വൈകിട്ട് മുതല്‍ ജൂണ്‍ ഒന്നിന് വൈകിട്ട് വരെയാണ് മോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും.
പ്രധാനമന്ത്രിയുടെ വരവോടനുബന്ധിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുള്ളത്. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ ഉള്‍പ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആദ്യമായാണ് വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥ് ഗുഹയില്‍ മോദി ധ്യാനമിരിന്നിരുന്നു. 1892 ഡിസംബര്‍ 23, 24, 25 തീയതികളില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന പാറയില്‍ 1970 ലാണു സ്മാരകം പണിതത്. കരയില്‍ നിന്ന് 500 മീറ്ററോളം അകലെയാണ് പാറ. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്നാണ് സങ്കല്‍പം.
Recent Comments