by Midhun HP News | May 26, 2024 | Latest News, കേരളം
പുനലൂർ:ആര്യങ്കാവിൽ കാട്ടാനയുടെ ശല്യം ഒഴിവാക്കാൻ വനപാലകർക്ക് തോക്കും സൗണ്ട് സിസ്റ്റവും എത്തിച്ചു. ആനയുടെ ശല്യം രൂക്ഷമായതോടെ ആര്യങ്കാവ് പഞ്ചായത്തിലെ തോട്ടംമേഖലയിൽ ഉൾപ്പെടെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഒറ്റക്കും കൂട്ടായും കൃഷിയിടത്തിൽ ഇറങ്ങുന്ന ആന വലിയ നാശമാണ് ഓരോ ദിവസവും വരുത്തുന്നത്. കൃഷിനാശം വരുത്തുന്ന ആനകളെ പൊതുജനങ്ങൾ ബഹളം ഉണ്ടാക്കിയും പടക്കംപൊട്ടിച്ചും കാടുകയറ്റുകയാണ് പതിവ്. വിവരം അറിെഞ്ഞത്തുന്ന വനപാലകർക്ക് ആനകളെ തുരത്താനുള്ള ആയുധം ഇല്ലാത്തത് പലപ്പോഴും ബുദ്ധിമുട്ടിച്ചിരുന്നു.
പ്രശ്നം പരിഹാരത്തിനായി രണ്ട് തോക്കും സൗണ്ട് സിസ്റ്റവും റേഞ്ചിൽ എത്തിച്ചു. ആനക്ക് ഭയമുള്ള കടവയുടെ അലറലും തേനീച്ചയുടെ മുരൾച്ചയുമാണ് സൗണ്ട് സിസ്റ്റത്തിലുള്ളത്. ഇതു കേൾക്കുമ്പോൾ 400 മീറ്റർ വരെ ആനകൾ കാടിനുള്ളിലേക്ക് കടക്കുമെന്നാണ് വനപാലകർ പറയുന്നത്. അടിയന്തരഘട്ടങ്ങളിലാണ് ബോർ പമ്പ് ആക്ഷൻ തോക്ക് ഉപയോഗിക്കുന്നത്. ആകാശത്തേക്ക് വെടിവെക്കുമ്പോൾ ഉണ്ടാകുന്ന ഭയങ്കര ശബ്ദം കേട്ട് ആനകൾ ഭയന്ന് കാടുകയറും. കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരാണ് തോക്കും സൗണ്ട് സിസ്റ്റവും കൈകാര്യം ചെയ്യുന്നത്.
by Midhun HP News | May 26, 2024 | Latest News, കേരളം
കോട്ടയം: ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി. കോട്ടയം വടവാതൂരില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ചെങ്ങളം സ്വദേശി രഞ്ജിത് (40) ആണ് മരിച്ചത്. രഞ്ജിത്തിനേയും സുഹൃത്തിനേയും യുവതിയുടെ ഭര്‍ത്താവായ അജീഷാണ് ആക്രമിച്ചത്.
സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. അജീഷിന്റെ ഭാര്യയുടെ ബന്ധുവാണ് മരിച്ച രഞ്ജിത്ത്. ഇടതു കൈയുടെ മുകള്‍ ഭാഗത്തായിട്ടാണ് രഞ്ജിത്തിന് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രഞ്ജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വലതു കയ്യിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ അജീഷ് സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായി മണര്‍കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | May 26, 2024 | Latest News, കേരളം
കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിക്കാൻ ഏൽപ്പിച്ച നവരത്ന മോതിരം പണയംവെച്ച മേൽശാന്തിയ്ക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ പി വിനീഷിനെയാണ് പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ദേവസ്വത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം പുരോഗമിക്കുകയാണ്.
ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്ന മോതിരം പൂജിക്കാനായി മേൽശാന്തിയെ ഏൽപ്പിച്ചത്. 21 ദിവസത്തെ പൂജ ചെയ്തതാൽ കൂടുതൽ ഉത്തമമാകുമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോൾ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി പട്ടിൽ പൊതിഞ്ഞ് നൽകിയത്. മോതിരം ചോദിച്ചപ്പോൾ കൈമോശം വന്നെന്നാണ് പറഞ്ഞത്.
പ്രവാസി ദേവസ്വം കമ്മീഷണർക്ക് പരാതി നൽകിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയംവച്ചെന്ന് സമ്മതിച്ചു. പിന്നീട് മോതിരികെ നൽകുകയും ചെയ്തു. മോതിരം രസീത് എഴുതി വഴിപാടായി ക്ഷേത്രത്തിൽ ഏൽപ്പിച്ചതല്ലെന്നും മേൽശാന്തിയുമായി നേരിട്ടാണ് ഇടപാട് മചക്കിയത് എന്നുമാണ് തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞത്. തിരുമൂഴിക്കുളം ദേവസ്വത്തിലെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്ക് ശബരിമയിൽ ആട്ടിയ നെയ് മറിച്ചുവിറ്റെന്ന പരാതിയിൽ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു.
by Midhun HP News | May 26, 2024 | Latest News, കേരളം
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
by Midhun HP News | May 26, 2024 | Latest News, കേരളം
കൊച്ചി: അവയവക്കച്ചവട കേസില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അവയവക്കടത്തിനായി മനുഷ്യക്കടത്തും നടത്തിയിരുന്നതായി സബിത്ത് അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു.
സംഘത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയും, കണ്ണികളെക്കുറിച്ച് കൂടുതല്‍ അന്വേഷണവും സംഘം നടത്തും. ബംഗളൂരുവിലും ഹൈദരാബാദിലും ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സബിത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
വൃക്ക നല്‍കിയവരും സ്വീകരിച്ചവരും ഏറെയും അന്യസംസ്ഥാനക്കാരാണെന്ന് സബിത്ത് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നവരെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് അവയവക്കടത്തിനു പിന്നിലെന്നാണ് സാബിത്തില്‍നിന്ന് ലഭിച്ച വിവരം. അവയവക്കടത്ത് കേസില്‍ കൊച്ചി പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം കൂടി പിടിയിലായിട്ടുണ്ട്. പിടിയിലായ സജിത്ത് ശ്യാമിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് നാളെ അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
by Midhun HP News | May 26, 2024 | Latest News, കേരളം
തൊടുപുഴ: കൂവപ്പള്ളിയില്‍ അജ്ഞാത ജീവി ആടുകളെ കടിച്ചുകൊന്നു. പുലിയാണെന്നാണ് സംശയം. കൂവപ്പള്ളി സ്വദേശി മനോജിന്റെ ആടുകളെയാണ് ആക്രമിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. തീറ്റ കൊടുക്കാനായി ആടുകളെ പറമ്പിലേക്ക് അഴിച്ചുവിട്ട സമയത്താണ് അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണോ എന്ന കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് സ്ഥിരീകരണം ലഭിക്കാനുണ്ട്. കാല്‍പ്പാടുകള്‍ അടക്കം പരിശോധിച്ച് എത്തിയത് പുലി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.
എന്നാല്‍ ആടിന്റെ കടിയേറ്റ ഭാഗത്തുള്ള പല്ലിന്റെ ആഴം പരിശോധിച്ച വനംവകുപ്പ് ഇത് പുലിയാകാനുള്ള സാധ്യതയില്ലെന്നാണ് നല്‍കുന്ന വിശദീകരണം. എങ്കിലും കാമറകള്‍ അടക്കം സ്ഥാപിച്ച് പുലിയാണോ വന്നത് എന്ന് ഉറപ്പാക്കാനാണ് വനംവകുപ്പിന്റെ നീക്കം. പുലിയാണ് എന്ന് സ്ഥിരീകരിച്ചാല്‍ പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് പറയുന്നു.
എന്നാല്‍ ആടിനെ കടിച്ചുകൊന്ന പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങള്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ട് ഇത് പുലി തന്നെയായിരിക്കുമെന്നാണ് കൂവപ്പള്ളിയിലുള്ള നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് 200 ഓളം കുടുംബങ്ങള്‍ ഉണ്ട്. കൂട് സ്ഥാപിച്ച് അജ്ഞാത ജീവിയെ ഉടന്‍ തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Recent Comments